നാട്ടുകാർ വലവീശിപ്പിടിച്ച മീൻ പിടിച്ചെടുത്ത് വില്‍പ്പന നടത്തുകയും ബാക്കി വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി

വലവീശി പിടിച്ച മീൻ പിടിച്ചെടുത്ത പോലീസുകാർ  രഹസ്യമായി മീൻവിൽപ്പന നടത്തിയ പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചു. നാട്ടുകാര്‍ വലവീശി പിടിച്ച മീന്‍ പൊലീസുകാര്‍ പിടിച്ചെടുത്ത് വില്‍പ്പന നടത്തുകയും ബാക്കി വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇത് വാര്‍ത്തയായതിന് പിന്നാലെയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. മംഗലപുരം സ്റ്റേഷനിലെ മൂന്ന് എഎസ്‌ഐമാരെയാണ് മീന്‍ വിറ്റതിന് നെയ്യാറ്റിന്‍കര പുളിങ്കുടിയിലെ എആര്‍ ക്യാംപിലേക്ക് മാറ്റിയത്.

തീരപ്രദേശത്ത് താമസിക്കുന്ന ചിലർ കരിമീന്‍, തിലോപ്പിയ, വരാല്‍  തുടങ്ങിയ  മീനുകളെ വലവീശിപിടിച്ച്  മുരുക്കുംപുഴ കടവില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് ജീപ്പിൽ മീൻകൊണ്ടുപോയ ഇവർ ഇടനിലക്കാരിലൂടെ വില്‍പന നടത്തിയെന്നും വീട്ടിലേക്കു കൊണ്ടുപോയെന്നുമാണ് ആരോപണം. സ്റ്റേഷനിലും പാചകം ചെയ്തു എന്നും റിപ്പോർട്ടുകൾ പറയുന്നു.  ഒരു എസ്‌ഐ, എഎസ്‌ഐമാര്‍ ചില സിവില്‍പൊലീസ് ഓഫീസര്‍മാര്‍ എന്നിവരും ആരോപണങ്ങളില്‍പ്പെട്ടിരുന്നു.പോലീസ് സേനക്ക് അപമാനമുണ്ടാകുന്ന സംഭവം പുറത്തറിഞ്ഞതോടെ ഡിജിപി ഉള്‍പ്പെടെ വിശദീകരണം തേടിയിരുന്നു, തുടർന്നാണ് നടപടി സ്വീകരിച്ചത്.

 

Krithika Kannan