‘വർഗ്ഗീയ ചാപ്പയിലൊന്നും കൊള്ളുന്ന മനുഷ്യനല്ല അദ്ദേഹം’; മമ്മൂട്ടിക്കെതിരെയുള്ള വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരിച്ച് രാഷ്ട്രീയ നേതാക്കൾ

Follow Us :

മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരിച്ച് രാഷ്ട്രീയ നേതാക്കള്‍. മന്ത്രി വി ശിവൻകുട്ടി, ഷാഫി പറമ്പിൽ എം എൽ എ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ, എ എം ആരിഫ് എംപി അടക്കം നിരവധി പേരാണ് മമ്മൂട്ടിയെ പിന്തുണച്ച് എത്തിയത്. മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച്, “ആ പരിപ്പ് ഇവിടെ വേവില്ല..മമ്മൂട്ടി മലയാളിയുടെ അഭിമാനം..”, എന്നായിരുന്നു വി ശിവൻകുട്ടി കുറിച്ചത്.

“പ്രാഞ്ചിയേട്ടനും സേതുരാമയ്യർക്കും, നരസിംഹ മന്നാടിയാർക്കും കൈയ്യടിച്ചതും, അച്ചൂട്ടിയെ കണ്ട് കരഞ്ഞതും ബെല്ലാരി രാജയെ കണ്ട് ചിരിച്ചതും, അഹമ്മദ് ഹാജിയെയും, കുട്ടനെയും മലയാളി വെറുത്തതും കഥാപാത്രത്തിൻ്റെയോ അഭിനേതാവിൻ്റെയോ മതം നോക്കിയല്ല, മമ്മൂട്ടിയെന്ന മഹാനടന്റെ പകർന്നാട്ടം കണ്ടിട്ടാണ്. കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കറിയാം മമ്മൂട്ടി ആരാണെന്നും എന്താണെന്നും…പോവാൻ പറ എല്ലാ വർഗീയവാദികളോടും. ടർബോ ജോസിനായി കട്ട വെയിറ്റിംഗ്”, എന്നാണ് ഷാഫി പറമ്പിൽ പോസ്റ്റ് ചെയ്തത്.

“മമ്മൂട്ടി ഒരു മതേതരവാദിയാണ്..ഇതിങ്ങനെ പറഞ്ഞ് നടക്കണ്ട ബാധ്യതയൊന്നും അദ്ദേഹത്തിനോ അദ്ദേഹത്തിനെ സ്നേഹിക്കുന്ന മനുഷ്യർക്കോയില്ല. അങ്ങനെ ഏതെങ്കിലും വ്യക്തികളുടെ വർഗ്ഗീയ ചാപ്പയിലൊന്നും കൊള്ളുന്ന മനുഷ്യനല്ല അദ്ദേഹം. ‘അനുഭവങ്ങൾ പാളിച്ചകളിലെ’ ആൾക്കൂട്ടത്തിലൊരുവനിൽ തുടങ്ങി ആൾക്കൂട്ടത്തെ സൃഷ്ടിച്ച ‘ഭ്രമയുഗത്തിലെ’ കൊടുമൺ പോറ്റി വരെ ആ മനുഷ്യൻ ഈ നാടിന്റെ നായകനായി അഞ്ച് പതിറ്റാണ്ടായി നമ്മുടെ മുന്നിൽ തന്നെയുണ്ട്..നാളെ ടർബോ ജോസിനെയും കൊട്ടും കുരവയും ആർപ്പുവിളിയുമായി മലയാളി വരവേല്ക്കും, അതും മതം നോക്കിയല്ല..കേരളം പഴയ കേരളമായിരിക്കില്ല, പക്ഷേ മമ്മുക്ക പഴയ മമ്മുക്ക തന്നെയാണ്” – രാഹുൽ മാങ്കൂട്ടത്തില്‍ കുറിച്ചു. ഷാഫി പറമ്പിലും മമ്മൂട്ടിയും മതത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നത് ലോകത്തിനു മുന്നിൽ കേരളത്തെ നാണം കെടുത്തുന്നുവെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ പ്രതികരണം.