Film News

ഇപ്പോള്‍ വേദനയില്ല…,പക്ഷേ ബിഗ് ബോസിലേക്ക് മടങ്ങാന്‍ പറ്റില്ല- പൂജ കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 വീറും വാശിയും നിറഞ്ഞ് ആവേശത്തോടെ അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. വ്യത്യസ്തരായ 19 മത്സരാര്‍ഥികളുമായി തുടങ്ങിയ ഷോയില്‍ ആറ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുമെത്തിയിരുന്നു. ഷോ ഭയങ്കര ശോകമായ അവസ്ഥയിലാണ് ആവേശം പകരാന്‍ വൈല്‍ഡ് കാര്‍ഡുകാര്‍ എത്തിയത്. നല്ല ആവേശത്തോടെ ഷോ മുന്നേറുന്നതിനിടെ അപ്രതീക്ഷിതമായി മത്സരാര്‍ഥികള്‍ ഹൗസ് വിടേണ്ടി വന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തിയ സിബിനും പൂജാ കൃഷ്ണയും ഒന്നിച്ചാണ് ഷോ വിട്ടുപോയത്. ഏറെ ആരാധകരുണ്ടായിരുന്ന മത്സരാര്‍ഥികളായിരുന്നു ഇരുവരും. ആരോഗ്യ പ്രശ്‌നം കാരണമാണ് പൂജയ്ക്ക് പോകേണ്ടി വന്നത്. സിബിന്‍ മാനസികമായി വളരെയധികം തളര്‍ന്ന് പോവുകയും തനിക്ക് വീട്ടില്‍ നിന്ന് പുറത്ത് പോകണമെന്ന് പറഞ്ഞിരുന്നു.

പൂജയുടെ ആരോഗ്യാവസ്ഥ പങ്കുവച്ച് കാമുകന്‍ അഖിലും എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ അവസ്ഥ വ്യക്തമാക്കി എത്തിയിരിക്കുകയാണ് പൂജ തന്നെ. തനിക്ക് ഡിസ്‌കിന് ആദ്യമേ പ്രശ്നമുണ്ടായിരുന്നു. ആയുര്‍വേദ ട്രീറ്റ്മെന്റ് എടുത്തിട്ട് കുറേ കാലം ആ പ്രശ്നം ഇല്ലായിരുന്നു. ബിഗ് ബോസ് ഹൗസില്‍ ഒരുപാട് നേരം റെസ്റ്റ് ചെയ്യാന്‍ സമയം ഇല്ലല്ലോ. പുറത്ത് ഇത്ര ഫിസിക്കലായി വര്‍ക്കുകള്‍ ചെയ്യേണ്ടി വന്നിട്ടില്ലായിരുന്നു. അഭിമുഖങ്ങള്‍ ഒക്കെയായിരുന്നല്ലോ താന്‍ ചെയ്തിരുന്നതെന്നും പൂജ പറയുന്നു.

താന്‍ കുറച്ച് ഓവര്‍ വെയിറ്റുമാണ്. ഇത് രണ്ടും കൂടിയാണ് തന്റെ പ്രശ്‌നത്തിന് കാരണമായത്. ലാലേട്ടന്റെ എപ്പിസോഡില്‍ ടാസ്‌ക് കൂടി ചെയ്യേണ്ടി വന്നപ്പോള്‍ പെട്ടെന്ന് കുനിഞ്ഞ് എടുത്ത് ഓടിയപ്പോള്‍ കൈയ്യില്‍ നിന്ന് പോയി. തലേ ദിവസം തന്നെ വേദനയുണ്ടായിരുന്നു. രാവിലെ ആയപ്പോഴേക്കും സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലായി. അപ്പോഴാണ് ഡോക്ടര്‍മാര്‍ വന്നത്. അവര്‍ നന്നായി ട്രീറ്റ് ചെയ്തു. അഞ്ച് ദിവസം ആശുപത്രിയിലായിരുന്നു.

ഡോക്ടര്‍മാരും നല്ല പിന്തുണ തന്നു. ഇപ്പോള്‍ വേദനയില്ല. പക്ഷെ, ഇനി വെയിറ്റ് എടുക്കാനോ, കുറേ നേരം നില്‍ക്കാനോ ഇരിക്കാനോ പറ്റില്ല. റെസ്റ്റ് എടുക്കണം. അതുകൊണ്ടാണ് എനിക്ക് തിരിച്ച് ബിഗ് ബോസ് വീട്ടില്‍ വരാതിരുന്നതെന്നും താരം പറയുന്നു. കുറേ പേര്‍ ഫോണ്‍ ചെയ്തും മെസേജ് അയച്ചുമെല്ലാം ആരോഗ്യാവസ്ഥ അന്വേഷിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോയിലെത്തിയത്. ഇനിയും പഴയ പോലെ അഭിമുഖങ്ങളില്‍ എത്തുമെന്നും താരം വ്യക്തമാക്കി.

മാത്രമല്ല തനിക്ക് കുറച്ച് പേരോട് നന്ദിയും പറയാനുണ്ട്. ഒന്ന് എന്റെ പാര്‍ട്ണറോടാണ്. ജോലി സമയത്ത് പോലും എന്റെ ലൈവ് ഇരുന്ന് കണ്ട് വീഡിയോകള്‍ കട്ട് ചെയ്ത് നല്ല റീലുകള്‍ ആക്കി അപ്ലോഡ് ചെയ്തിരുന്നു. അതുപോലെ എന്റെ രക്ഷിതാക്കള്‍, ഫ്രണ്ട്സ്, സഹോദരി തുടങ്ങി എല്ലാവര്‍ക്കും നന്ദിയും താരം പറയുന്നുണ്ട്.

Anu