Film News

മരണ നാടകം കളിച്ച പൂനം പാണ്ഡേ സെർവിക്കൽ ക്യാൻസറിനെതിരായ ബ്രാൻഡ് അംബാസഡറോ? പ്രതികരിച്ച് കേന്ദ്രം

സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ദേശീയ കാമ്പയിൻ്റെ ബ്രാൻഡ് അംബാസഡറായി നടി പൂനം പാണ്ഡെയെ പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. പൂനം പാണ്ഡെ ക്യാമ്പയിന്റെ മുഖമാകാൻ സാധ്യതയുണ്ടെന്നും മന്ത്രാലയ ഉദ്യോഗസ്ഥരും താരവുമായി ചർച്ചകൾ നടത്തിവരികയാണെന്നുമുള്ള ചില വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രതികരണവുമായി എത്തിയത്.

ഫെബ്രുവരി രണ്ടിന് പൂനം പാണ്ഡെ സെർവിക്കൽ ക്യാൻസർ ബാധിച്ച് അന്തരിച്ചെന്ന വാർത്ത പ്രചരിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഇതിനെ കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നതിനിടെ ഈ വാർത്ത വ്യാജമാണെന്നും സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള “അവബോധം” പ്രചരിപ്പിക്കുന്നതിനായി നടിയും നടത്തിയനാടകമായിരുന്നുവെന്നും പിന്നീട് വ്യക്തമായി.

ഉത്തർപ്രദേശിലെ വീട്ടിൽ മരിച്ച നിലയിൽ താരത്തെ കണ്ടെത്തിയെന്നായിരുന്നു വാർത്ത. പൂനത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കിട്ട ഒരു പോസ്റ്റിലാണ് മരണവാർത്ത ആദ്യം വെളിപ്പെടുത്തിയത്. പൂനം പാണ്ഡെയുമായി ബന്ധമുള്ളവർ വാർത്ത സ്ഥിരീകരിക്കുകയും രാജ്യത്തെ എല്ലാ മാധ്യമങ്ങളും വാർത്ത നൽകുകയും ചെയ്തു. എന്നാൽ, വൈകിട്ടായപ്പോഴേക്കും അഭ്യൂഹങ്ങൾ പ്രചരിച്ച് തുടങ്ങി. പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് അഭ്യൂഹം വന്നുതുടങ്ങി. ഇതോടെ മാധ്യമങ്ങൾ പൂനം പാണ്ഡെയുടെ കുടുംബത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും എല്ലാവരും ഔട്ട് ഓഫ് കവറേജ് ആയിരുന്നു. എന്നാൽ, ശനിയാഴ്ച ഉച്ചയോടെ മരിച്ചിട്ടില്ലെന്ന വിശദീകരണത്തോടെ പൂനം പാണ്ഡെ തന്നെ രം​ഗത്തെത്തി

Anu