‘കുട്ടികള്‍ക്ക് ഉപ്പും ചോറും’ ലതാ മങ്കേഷ്‌കര്‍ക്ക് 8 കോടിയുടെ വീണയും- വിമര്‍ശനവുമായി പ്രകാശ് രാജ്

ഗായിക ലതാ മങ്കേഷ്‌കറിന്റെ 93-ാം ജന്മദിനത്തോട് അനുബന്ധിച്ച് കോടികള്‍ മുടക്കി ‘ലതാ മങ്കേഷ്‌കര്‍ ചൗക്ക്’ നിര്‍മ്മിച്ചതിനെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. ഗായികയുടെ 92 വര്‍ഷത്തെ ജീവിതത്തെ പ്രതിനിധീകരിക്കുന്ന 92 താമരകള്‍, സപ്ത സ്വരങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴ് തൂണുകളുമായി സരയൂ നദിയുടെ തീരത്താണ് ലതാ മങ്കേഷ്‌കര്‍ ചൗക്ക് സ്ഥാപിച്ചിരിക്കുന്നത്. 40 അടി നീളവും 12 മീറ്റര്‍ ഉയരവും 14 ടണ്‍ ഭാരവുമുള്ള വീണയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. 7.9 കോടിയാണ് ഈ വീണയ്ക്ക് മുടക്കിയത്. ഇതിനെ വിമര്‍ശിച്ചാണ് താരം രംഗത്തെത്തിയത്.

കോടികള്‍ മുടക്കി ‘ലതാ മങ്കേഷ്‌കര്‍ ചൗക്ക്’ നിര്‍മ്മിച്ചപ്പോള്‍ അയോദ്ധ്യയിലെ പ്രൈമറി സ്‌കൂളില്‍ കുട്ടികളുടെ ഉച്ചഭക്ഷണം ഉപ്പും ചോറുമാണെന്ന് വിമര്‍ശിച്ചാണ് നടന്‍ പ്രകാശ് രാജ് രംഗത്തെത്തിയത്. ”കുട്ടികള്‍ക്ക് ഉപ്പും ചോറും വിളമ്പുമ്പോള്‍ ‘വീണ’ രാഷ്ട്രീയപരമായി ഉപകാരപ്പെടും” എന്നാണ് വീണയുടെ ചിത്രം പങ്കുവച്ച് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.

സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാകം ചെയ്ത ചോറും ഉപ്പും കൊടുക്കുന്ന വീഡിയോ പങ്കുവച്ച് വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റ ഉച്ചഭക്ഷണ പദ്ധതിയിലാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭക്ഷണം നല്‍കുന്നത്. എന്നാല്‍ അവിടെയും വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ദുരിതം ഇത്തരത്തിലാണ് എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു വീഡിയോ പുറത്തു വന്നത്. ‘മിഡ്-ഡേ മീല്‍ മെനു’ എന്ന് ബോര്‍ഡും വീഡിയോയില്‍ കാണാം.

Gargi