‘അരയ്ക്ക് കീഴെ തളര്‍ച്ച ബാധിച്ച് കട്ടിലില്‍ ജീവിതം തള്ളി നീക്കുന്ന ഒരു അപ്പന്‍’ രഘുനാഥ് പലേരി

മജു സംവിധാനം ചെയ്യുന്ന ‘അപ്പന്‍’ എന്ന സിനിമയെ പ്രശംസിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി. സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിലെ അപ്പനെയും മകനെയും കുറിച്ചന്‍ രഘുനാഥ് പറയുന്നത്. ആദ്യമായാണ് ഇങ്ങനെ ഒരു അപ്പനെയും മകനെയും കാണുന്നത് എന്നും ചിത്രം വല്ലാത്തൊരു മൂര്‍ച്ചയുള്ള അനുഭവമാകും എന്നും രഘുനാഥ് പാലേരി കുറിക്കുന്നു.

പേര് അപ്പന്‍. സംവിധാനം മജു . ആര്‍ ജയകുമാറും മജുവും ചേര്‍ന്നുള്ളൊരു എഴുത്ത്. ഏത് പ്രതലത്തിലാവും റിലീസ് എന്നറിയില്ല. ഏതിലായാലും വല്ലാത്തൊരു മൂര്‍ച്ചയുള്ള അനുഭവമാകും. മനസ്സടി മുറിഞ്ഞു ചിതറുന്ന മകനായ് സണ്ണി വെയ്‌നും, എത്ര തീറ്റ കിട്ടിയിട്ടും വെറി മാറാത്ത വ്യാഘ്രരൂപമായൊരു അപ്പനായി അലന്‍സിയറും. ആദ്യമായാണ് സിനിമയില്‍ ഇങ്ങിനെ ഒരപ്പനേയും മകനേയും കാണുന്നത്. പതിയെ ഊര്‍ന്നൂന്ന് മുറിക്കുന്നൊരു ഈര്‍ച്ചവാള്‍ സിനിമ . ഒരിടത്തും അശേഷം ഡാര്‍ക്കല്ലാത്തൊരു സിനിമ. വരുമ്പോള്‍ കാണുക. വ്യത്യസ്ഥമായ സിനിമകള്‍ ഇറങ്ങട്ടെ. അടുത്ത സിനിമയും എടുത്ത് മജുവും വേഗം വരട്ടെ.

അരയ്ക്ക് കീഴെ തളർച്ച ബാധിച്ച് കട്ടിലിൽ ജീവിതം തള്ളി നീക്കുന്ന ഒരു അപ്പന്റെയും അദ്ദേഹത്തിന്റെ സ്വത്തിനായി മരണം കാത്ത് നിൽക്കുന്ന ഭാര്യയുടേം മക്കളുടെയും മരുമക്കളുടെയും കഥയാണ് ‘അപ്പൻ’ പറയുന്നത്. സിനിമയിലെ അപ്പൻ എന്ന ടൈറ്റിൽ കഥാപാത്രം അവതരിപ്പിക്കുന്നത് അലൻസിയറാണ്. സണ്ണി വെയ്നും ഗ്രെയ്‌സ് ആന്റണിയും അനന്യയും വിജിലേഷും പോളി വിത്സനും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയോര കർഷകരുടെ പശ്ചാത്തലത്തിൽ ആണ് സിനിമ കഥ പറയുന്നത്. ‘വെള്ളം’ സിനിമക്ക് ശേഷം ജോസ്‌കുട്ടി മഠത്തിൽ രഞ്ജിത് മണബ്രക്കാട്ട് എന്നിവർ ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെയും സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നു.

സംവിധായകൻ മജുവും ആർ ജയകുമാറും ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത്. പപ്പു ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവഹിച്ച ചിത്രത്തിനായി അൻവർ അലി ഒരുക്കിയ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം കൃപേഷ് അയ്യപ്പൻകുട്ടി, ചമയം റോണക്‌സ് സേവിയർ. ടൈറ്റിൽ ഷിന്റോ, ഡിസൈൻസ് മുവീ റിപ്പബ്ലിക്‌.

Gargi