‘ഒരു പടത്തില്‍ പോലും ഒരുമിക്കാന്‍ കഴിയാതെ പോയത് മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നിര്‍ഭാഗ്യം’ കുറിപ്പ്

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് കഴിഞ്ഞ ദിവസമാണ് വിടവാങ്ങിയത്. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. 40 വര്‍ഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അദ്ദേഹത്തിന്റെ ഒരു പടത്തില്‍ പോലും ഒരുമിക്കാന്‍ കഴിയാതെ പോയത് മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നിര്‍ഭാഗ്യമെന്നാണ് രാഹുല്‍ മാധവന്‍ പറയുന്നത്.

ഇദ്ദേഹത്തിന്റെ ഒരു പടത്തില്‍ പോലും ഒരുമിക്കാന്‍ കഴിയാതെ പോയത് മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നിര്‍ഭാഗ്യമെന്നാണ് എന്റെ അഭിപ്രായം. മമ്മൂട്ടി പല ചിത്രങ്ങളില്‍ അഭിനയിച്ചുണ്ടെങ്കിലും ഇലവങ്കോട് ദേശമൊഴിച്ച് മറ്റൊന്നിലും പ്രധാന കഥാപാത്രങ്ങളായിരുന്നില്ല.ആ പടമാണെങ്കിലോ ജോര്‍ജ് സാര്‍ ഒരു തൃപ്തിയും ഇല്ലാതെ എടുത്ത പോലാണ് തോന്നുന്നത്.അദ്ദേഹത്തിന്റെ കരിയറിലെ മോശം പടമാണ് അതെന്ന് എല്ലാരും പറയാറുമുണ്ട്.
വര്‍ഷങ്ങള്‍ക്കപ്പുറം താന്‍ സിനിമചെയ്യുമ്പോള്‍ മമ്മൂട്ടി തന്റെ പാത്രസൃഷ്ടിക്ക് മുകളിലേക്ക് പോയിരുന്നു എന്നും അത് തനിക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല എന്നും ജോര്‍ജ് സാര്‍ പിന്നീട് പറഞ്ഞിരുന്നു.
ഇതൊക്കെ ഓര്‍ക്കുമ്പോഴാണ് അദ്ദേഹം മോഹന്‍ലാല്‍ – മമ്മൂട്ടി എന്നിവരെ ഒരുമിച്ച് ചെയ്യാനിരുന്ന പ്രൊജക്റ്റായ കാമമോഹിതം നടന്നിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നത്.
സി വി ബാലകൃഷ്ണന്‍ എഴുതിയ നോവലായ കാമമോഹിതം സിനിമയാക്കാന്‍ ജോര്‍ജ് സാറിന് അന്നേരം തന്നെ നിര്‍മ്മാതാവിനെയും കിട്ടിയിരുന്നു.യവനികയുടെ പ്രൊഡ്യൂസര്‍ ഹെന്റി ആയിരുന്നു അത്.വലിയ ക്യാന്‍വാസിലാണ് പടത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയത്. ആന്ധ്രായിലെ രാജമന്ദ്രി എന്ന സ്ഥലമായിരുന്നു ലോക്കേഷനായി ഇവര്‍ ആലോചിച്ചത്.ഇളയരാജയും സന്തോഷ് ശിവനുമായിരുന്നു പ്രോജെക്ടിലെ മറ്റു പ്രധാനികള്‍.
കഥയിലെ സാര്‍ഗദത്തന്റെ വേഷത്തിനു മമ്മൂട്ടിയെ ജോര്‍ജ് സാര്‍ തിരഞ്ഞെടുത്തു, പക്ഷേ കഥ മുന്‍പേ വായിച്ചിട്ടുള്ള മമ്മൂട്ടി ഇത് മോഹന്‍ലാലിനു കൂടുതല്‍ ചേരുമെന്ന് പറയുകയും അതുപോലെ ലാലിന് തന്നെ കൊടുക്കുകയും ചെയ്യപ്പെട്ടു. ശേഷം മറ്റൊരു പ്രധാന വേഷമായ ജജാലി മഹര്‍ഷിയായി വീണ്ടും മമ്മൂട്ടി കാസ്റ്റ് ചെയ്യപ്പെടുകയും പടത്തിന് വലിയ രീതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്തു. അന്ന് മൂന്നു കോടിക്കു മുകളിലാണ് ഇതിന് ബഡ്ജറ്റ് കണക്കാക്കിയിരുന്നത്. നടന്നിരുന്നെങ്കില്‍ മലയാളസിനിമയിലെ മറ്റൊരു ചരിത്രമായേനെ കാമമോഹിതം.കാരണം ഇത് ഒരു കെ ജി ജോര്‍ജ് ചിത്രമാണ്….

Gargi