മെഗാസ്റ്റാര്‍ ചിത്രം ഭ്രമയുഗം തിയ്യേറ്ററിലെത്തിയതിന് പിന്നാലെ വ്യാജനും ഇറങ്ങിയിരിക്കുകയാണ്. വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന് രാഹുല്‍ സദാശിവന്. വ്യാജപതിപ്പതിനെ നിയമപരമായി തന്നെ നേരിടുമെന്ന് സംവിധായകന് വ്യക്തമാക്കി.
‘വ്യാജപതിപ്പ് ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ആളുകള്‍ പറഞ്ഞാണ് ഇക്കാര്യം അറിയുന്നത്. ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ നിയമപരമായി നേരിടാന്‍ തന്നെയാണ് തീരുമാനം’ രാഹുല്‍ പറയുന്നു.
ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഭ്രമയുഗം ഇന്നലെയാണ് തിയ്യേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. അതിനിടെയാണ് വ്യാജ പതിപ്പും പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ നിറഞ്ഞത്. പ്രിന്റ് ഫിലിം എന്ന ഐഡിയില്‍ നിന്നാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഭ്രമയുഗം മാത്രമല്ല, അടുത്തിടെയിറങ്ങിയ പ്രേമലു, ടോവിനോ തോമസിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങളുടെയും യാത്ര – 2 എന്ന തമിഴ് ചിത്രത്തിന്റെയും വ്യാജ പതിപ്പും പ്രചരിക്കുന്നുണ്ട്.
സൂപ്പര്‍ഹിറ്റ് ചിത്രം ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന് ഒരുക്കിയ ഹൊറര്‍ ചിത്രമാണ് ഭ്രമയുഗം. അര്ജുന് അശോകനാണ് ചിത്രത്തില്‍ നായകന്, മമ്മൂട്ടി വില്ലന്‍ വേഷത്തിലാണ് എത്തിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ പകരം വെക്കാനില്ലാത്ത കഥാപാത്രം എന്നാണ് ആരാധകലോകം ഒന്നടങ്കം പറയുന്നത്.