‘ബാഹുബലി പ്രമോഷന് ചില്ലിക്കാശ് ചെലവാക്കിയില്ല, പക്ഷേ ചെയ്തത്…’; വൈറലായി രാജമൗലിയുടെ വെളിപ്പെടുത്തൽ

Follow Us :

പ്രഭാസിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. രണ്ട് പാർട്ടുകളായാണ് ഈ ചിത്രം എത്തിയത്. ബാഹുബലി ദ ക്രൗൺ ഓഫ് ബ്ലഡ് എന്ന അനിമേറ്റഡ് സീരിസുമായി രാജമൗലി വീണ്ടും എത്തുകയാണെന്ന് അടുത്തിടെയാണ് വാർത്തകൾ വന്നത്. ഇപ്പോൾ ഇതിന്റെ പ്രഖ്യാപന ചടങ്ങിൽ രാജമൗലി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
‘ബാഹുബലിയുടെ പ്രമോഷന് വേണ്ടി ഞങ്ങൾ പണം ചെലവഴിച്ചിട്ടില്ല. ആ പണവും ചിത്രത്തിന്റെ നിർമാണത്തിന് വേണ്ടിയാണ് മാറ്റിവച്ചത്. ബാഹുബലിയുടെ പ്രമോഷന് ഞങ്ങൾ ഞങ്ങളുടെ തലച്ചോറും ബുദ്ധിയുമാണ് ഉപയോഗിച്ചത്. ഞങ്ങളുടെ സമയവും ബാഹുബലിക്ക് വേണ്ടി ഞങ്ങൾ മാറ്റിവച്ചു. ഡിജിറ്റൽ പോസ്റ്ററുകളിലൂടെയും ചെറിയ വീഡിയോകളിലൂടെയും ചിത്രത്തെ കുറിച്ച്‌ എങ്ങനെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാമെന്ന് ഞങ്ങൾ ചിന്തിച്ചു. അതിനായി ഒരുപാട് വീഡിയോകൾ പുറത്തിറക്കിയിരുന്നു.
ചിത്രത്തിലെ കഥാപാത്രങ്ങളെ പ്രമോഷനായി ഞങ്ങൾ ഉപയോഗിച്ചു. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോകൾ പുറത്തിറക്കി. ഇത്തരത്തിൽ ഒരുപാട് കാര്യങ്ങൾ ബാഹുബലിക്കായി ചെയ്തു. ഇതിലൂടെയാണ് ചിത്രത്തിന് പ്രേക്ഷക ശ്രദ്ധ ലഭിച്ചത്. എന്നാൽ ഞങ്ങൾക്ക് പണം ചെലവഴിക്കേണ്ടി വന്നില്ല. അത് തന്നെയായിരുന്നു ചിത്രത്തിന് ഇത്രയും പ്രേക്ഷകരെ കിട്ടാനുള്ള പ്രധാന കാരണം’ – രാജമൗലി പറഞ്ഞു.