Film News

ഇതാണ് രാമനും സീതയും!!! രാമായണ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രമാണ് രാമായണ. രാമനും സീതയുമായി രണ്‍ബീറും സായ് പല്ലവിയുമാണ് ചിത്രത്തിലെത്തുന്നത്. 700 കോടിയ്ക്ക് മുകളിലാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നിതീഷ് തിവാരിയാണ്.

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘രാമായണ’ ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ഹനുമാനായി എത്തുന്നത് സണ്ണി ഡിയോള്‍ ആണ്. മൂന്ന് ഭാഗങ്ങളായാണ് ചിത്രമൊരുങ്ങുന്നത്. യാഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം വന്‍ തുകയാണ് ചിത്രത്തിനായി താരങ്ങള്‍ കൈപ്പറ്റുന്നത്. ബോളിവുഡ് ലൈഫിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 75 കോടി രൂപയാണ് ചിത്രത്തിനായി രണ്‍ബിര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ 70 കോടി രൂപയായിരുന്നു രണ്‍ബിറിന്റെ പ്രതിഫലം. എന്നാല്‍ സന്ദീപ് റെഡ്ഡി വംഗ ചിത്രം ‘അനിമലി’ല്‍ അഭിനയിച്ചപ്പോള്‍ പകുതി പ്രതിഫലം മാത്രമായിരുന്നു രണ്‍ബിറിന്.

സായ് പല്ലവി സീതയാകാന്‍ വേണ്ടി ആവശ്യപ്പെട്ടത് ആറ് കോടി രൂപയാണ്. രണ്‍ബീറിന്റെ പ്രതിഫലത്തേക്കാള്‍ വളരെ ചെറിയ തുകയാണ് സായിയുടേതെങ്കിലും താരവും പ്രതിഫലം ഉയര്‍ത്തിയിട്ടുണ്ട്. ഇതുവരെ താരത്തിന്റെ പ്രതിഫലം 2.5 മുതല്‍ 3 കോടി രൂപ വരെയായിരുന്നു.


വിഎഫ്എക്‌സില്‍ ഓസ്‌കാര്‍ നേടിയ ഡിഎന്‍ഇജി കമ്പനിയാണ് ചിത്രത്തിന്റെ വിഷ്വല്‍ എഫക്ട് ഒരുക്കുന്നത്. രാമനെയും സീതയെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ആദ്യഭാഗം ഒരുങ്ങുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ശ്രീലങ്കയിലാണ് ചിത്രീകരിക്കുന്നത്.

Anu