Film News

വീണ്ടും താരവിവാഹം? വൈറലായി റെനീഷ-വിഷ്ണു ജോഷി കപ്പിള്‍ ഫോട്ടോസ്

മലയാളത്തിലെ ഏറ്റവും ആരാധകരുണ്ടായിരുന്ന ഷോയാണ് ബിഗ് ബോസ് മലയാളം. അഞ്ച് സീസണുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അഞ്ചാം സീസണിലൂടെ ആരാധകരെ സ്വന്തമാക്കിയ താരങ്ങളാണ് റെനീഷയും വിഷ്ണു ജോഷിയും. ഷോയിലെ തന്നെ ശ്രദ്ധേയ താരങ്ങളായിരുന്നു ഇരുവരും. ഫൈനലില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന മത്സരാര്‍ഥിയായിരുന്നു റെനീഷ. ഷോയിലെ രണ്ടാംസ്ഥാനക്കാരിയായിരുന്നു റെനീഷ.

ഷോയില്‍ റെനീഷ-വിഷ്ണു കോംമ്പോ ആരാധകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാകുന്നത്. ബ്രൈഡല്‍ ഷൂട്ട് പോലെയാണ് റെനീഷയും വിഷ്ണുവും എത്തിയിരിക്കുന്നത്. വെഡ്ഡിങ് ലുക്കില്‍ ഇരുവരും വധൂവരന്മാരെപ്പോലെയാണ് ഫോട്ടോഷൂട്ടിലുള്ളത്. ലാവണ്ടര്‍ നിറത്തിലുള്ള ലെഹങ്കയും അതിന് ഇണങ്ങുന്ന ആഭരണങ്ങളുമാണ് റെനീഷ അണിഞ്ഞിട്ടുള്ളത്. വെള്ളയും ക്രീമും ലാവണ്ടറും കലര്‍ന്ന നിറത്തിലുള്ള ഷേര്‍വാണിയിലാണ് വിഷ്ണു എത്തിയിരിക്കുന്നത്. ഇരുവരുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

അതേസമയം, യഥാര്‍ത്ഥത്തില്‍ ഇരുവരും വിവാഹിതരാവുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നേക്കും ഒരുമിച്ചാകാന്‍ സാധിക്കട്ടെ, നിങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍ നിറയുന്നത്. നിരവധി ബിഗ് ബോസ് താരങ്ങളാണ് ഇരുവരുടെയും ചിത്രങ്ങള്‍ക്ക് ആശംസകള്‍ നേരുന്നുണ്ട്. സഹമത്സരാര്‍ത്ഥികളായ സെറീന, നാദിറ മെഹ്‌റിന്‍, അനിയന്‍ മിഥുന്‍ തുടങ്ങിയവരെല്ലാം കമന്റ് ചെയ്യുന്നുണ്ട്.

അടുത്തിടെ ഗോവിന്ദ് പത്മസൂര്യയും ഗോപികയും അപ്രതീക്ഷിതമായി വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കിട്ടതുപോലെ റെനീഷയും വിഷ്ണുവും ഞെട്ടിപ്പിക്കുകയാണോ എന്നും ചോദിക്കുന്നവരുണ്ട്. അതേസമയം, വിവാഹചിത്രങ്ങള്‍ അല്ലെന്നും പ്രമോഷന്റെ ഭാഗമായിട്ടുള്ള ഫോട്ടോഷൂട്ടാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും ഒന്നും പ്രതികരിച്ചിട്ടില്ല.

Anu