Film News

‘രൺജി പണിക്കർക്ക് വിലക്ക്’ ; തീരുമാനം കടുപ്പിച്ച് തിയറ്റര്‍ ഉടമകൾ

നടനും സംവിധായകനും തിരക്കഥാകൃത്തുമായ രൺജി പണിക്കർക്ക് വീണ്ടും തിയറ്റർ ഉടമകൾ വിലക്ക് ഏർപ്പെടുത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. രൺജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമാണ വിതരണക്കമ്പനി തിയറ്റർ ഉടമകൾക്ക് കുടിശിക നൽകാനുണ്ടെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു. കുടിശിക തീർക്കും വരെ രൺജി പണിക്കരിന്റെ സിനിമകളുമായി  സഹകരിക്കില്ലെന്നാണ് തിയറ്റർ ഉടമകൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസവും രൺജി പണിക്കർക്കെതിരെ ഫിയോക് സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. രൺജി പണിക്കര്‍ അഭിനയിച്ചതോ അദ്ദേഹത്തിന് മറ്റേതെങ്കിലും തരത്തില്‍ പങ്കാളിത്തമുള്ളതോ ആയ ചിത്രങ്ങൾക്കുൾപ്പെടെയാണ് തിയറ്റര്‍ ഉടമകളുടെ സംഘടന നിസ്സഹകരണം പ്രഖ്യാപിച്ചത്. അതിനിടെ വിലക്ക് നിലനിൽക്കെ തന്നെ രൺജി പണിക്കർ പ്രധാന വേഷത്തിലെത്തിയ സെക്ഷൻ 306 ഐപിസി എന്ന ചിത്രം ഏപ്രില്‍ എട്ടിന് റിലീസ് ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം തന്നെ തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ മലയാള ചലച്ചിത്ര അഭിനേതാവാണ് രഞ്ജി പണിക്കർ. ഒരു പത്രപ്രവർത്തകനായി ജീവിതമാരംഭിച്ച രഞ്ജി പണിക്കർ ചിത്രഭൂമി മാസികയിൽ ജോലി ചെയ്തിരുന്ന കാലത്ത് സംവിധായകൻ ഷാജി കൈലാസിനെ പരിചയപ്പെട്ടതാണ് രഞ്ജി പണിക്കരുടെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. ഷാജി കൈലാസുമായി ഒരു അഭിമുഖം നടത്തുമ്പോൾ രഞ്ജി പണിക്കരുടെ ഭാഷയിൽ ആകൃഷ്ടനായ ഷാജി കൈലാസ്  അദ്ദേഹത്തിനായി ഒരു തിരക്കഥ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. അങ്ങനെയാണ് രഞ്ജി പണിക്കർ മലയാള സിനിമയിൽ തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്യുന്നത്. ഷാജി കൈലാസിൻ്റെ സംവിധാനത്തിൽ 1990-ൽ റിലീസായ ഡോ.പശുപതി എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് രഞ്ജി പണിക്കർ സിനിമയിലെത്തുന്നത്. തുടർന്ന് ഷാജി കൈലാസ് – രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ ബോക്സോഫീസിൽ വിജയ ചരിത്രം പലതവണ ആവർത്തിച്ചു. പൊളിറ്റിക്കൽ-ആക്ഷൻ ചിത്രങ്ങളായിരുന്നു ഇതിലേറെയും. ഇവർക്കൊപ്പം ആക്ഷൻ ഹീറോ സുരേഷ് ഗോപി കൂടി ചേർന്നതോടെ ആക്ഷൻ സിനിമകൾക്ക് മലയാളത്തിൽ 1990-കൾ മുതൽ പുതിയ ഒരു ചലനം തന്നെയാണ് കൈവന്നത്. സുരേഷ് ഗോപി നായകനായി അഭിനയിച്ച് 2005-ൽ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായി മാറിയ ഭരത് ചന്ദ്രൻ ഐ.പി.എസ്, 2008-ൽ റിലീസായ മമ്മൂട്ടി പോലീസ് വേഷത്തിൽ അഭിനയിച്ച രൗദ്രം എന്നീ സിനിമകളുടെ തിരക്കഥ എഴുതിയതും നിർമ്മിച്ച് സംവിധാനം ചെയ്തതും രഞ്ജി പണിക്കരാണ്.

രഞ്ജി പണിക്കരുടെ തിരക്കഥകളിലെ തീപ്പൊരി സംഭാഷണങ്ങളായിരുന്നു ഈ സിനിമകളിലെ പ്രധാന ആകർഷണം. അതുവരെ പ്രതിനായകനും ഉപനായകനുമായി അഭിനയിച്ചിരുന്ന സുരേഷ് ഗോപിയെ സൂപ്പർ താര പദവിയിലേയ്ക്ക് ഉയർത്തി വിട്ടതും രഞ്ജി പണിക്കരുടെ തിരക്കഥകളാണ്. ഷാജി കൈലാസിനെ കൂടാതെ സംവിധായകൻ ജോഷിയ്ക്ക് വേണ്ടിയും രഞ്ജി പണിക്കർ തിരക്കഥകൾ രചിച്ചു. രണ്ട് സിനിമകൾ നിർമ്മിച്ച് സംവിധാനം ചെയ്ത രഞ്ജി പണിക്കർ ഇപ്പോൾ തിരക്കഥ രചനകളിൽ നിന്ന് അവധിയെടുത്ത് മലയാള ചലച്ചിത്ര അഭിനേതാവായി വെള്ളിത്തിരയിൽ സജീവമാണ്. നിരവധി സിനിമകളിൽ ഇതിനകം വേഷമിട്ട അദ്ദേഹം സ്വഭാവ നടനായിട്ടാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്. സിനിമയിലെ വ്യത്യസ്ത മേഖലകളിലെ  മികച്ച പ്രകടനത്തിന് നിരവധി പുരസ്കാരങ്ങളും രഞ്ജി പണിക്കർ സ്വന്തമാക്കിയിട്ടുണ്ട്. തന്റെ സ്വന്തം സിനിമകളിൽ രഞ്ജി പണിക്കർ നിരവധി അതിഥി വേഷങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും 2014ൽ നിവിൻ പോളി നായകൻ ആയെത്തിയ ഓം ശാന്തി ഓശാന എന്ന ചിത്രത്തിൽ നായിക ആയെത്തിയ നസ്രിയ നസ്രിന്റെ അച്ഛനായി അവതരിപ്പിച്ച കഥാപാത്രത്തിന്റെ അഭിനയത്തിന് അദ്ദേഹം ഒരു നടനെന്ന നിലയിൽ നേടിയെടുത്ത ജനപ്രീതി വളരെ വലുതാണ്.

Sreekumar R