ഇത് തീക്കളി!! ആരാധകരെ വിലക്കി സല്‍മാന്‍ഖാന്‍!

ബോളിവുഡില്‍ ഏറെ ആരാധകരുള്ള ഒരു നടനാണ് സല്‍മാന്‍ഖാന്‍. ഏറെ നാളുകള്‍ക്ക് ശേഷം തിയേറ്ററിലെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം ആന്റിം: ദ ഫൈനല്‍ ട്രൂത്തിനെ ആരാധകര്‍ ഏറ്റെടുത്ത രീതിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബോളിവുഡ് സൂപ്പര്‍ത്താരം സല്‍മാന്‍ ഖാന്റെ പുതിയ ചിത്രത്തിന്റെ സ്‌ക്രീനിങ്ങിന് തീയേറ്ററിനുള്ളില്‍ പടക്കം

പൊട്ടിച്ചാഘോഷിച്ചിരിക്കുകയാണ് ആരാധകര്‍. പ്രിയതാരത്തിന്റെ ഇന്‍ട്രോ സീനിലും ഫൈറ്റ് സീനുകളിലുമൊക്കെ തിയറ്ററുകള്‍ക്കുള്ളില്‍ പടക്കം കത്തിച്ചും എറിഞ്ഞുമൊക്കെയായിരുന്നു ആരാധകരുടെ അപായകരമായ ‘ആഘോഷം’. ആരാധകരുടെ കൈവിട്ട കളി വൈറല്‍ ആയതോടെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് എതിരെ സല്‍മാന്‍ ഖാന്‍ തന്നെ രംഗത്ത് എത്തി. ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച താരം തീയേറ്ററില്‍ പടക്കം പൊട്ടിക്കരുതെന്നും അത് ജീവന് ആപത്താണെന്നും ആരാധകരോട് അപേക്ഷിച്ചു. തീയേറ്റര്‍ ഉടമകള്‍ തിയറ്ററിനുള്ളില്‍ പടക്കങ്ങള്‍ കയറ്റാന്‍ അനുവദിക്കരുതെന്നും പ്രവേശന സമയത്ത് തന്നെ പടക്കം അകത്തേക്ക് കൊണ്ടുപോകുന്നത് സുരക്ഷാജീവനക്കാര്‍ തടയണമെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച കുറിപ്പില്‍ പറയുന്നു. കൊവിഡ് ഇടവേളയ്ക്കു ശേഷം സല്‍മാന്‍ ഖാന്റേതായി തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രമാണ് ആന്റീം ദ് ഫൈനല്‍ ട്രൂത്ത്.

സല്‍മാന്റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ എല്ലാ വിധത്തിലും ആസ്വദിക്കൂ, പക്ഷേ ദയവായി ഇത്തരം രീതികള്‍ ഒഴിവാക്കുക എന്നത്  എല്ലാ ആരാധകരോടും ഉള്ള എന്റെ അഭ്യര്‍ത്ഥനയാണ് എന്നുമാണ് താരം കുറിച്ചത്.

Aswathy