ഉണ്ണി മുകുന്ദന്‍ ക്ഷമിക്കണം… മാളികപ്പുറം കല്ലുവിന്റെ സിനിമയാണ്- സന്ദീപ് വാര്യര്‍

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയത മാളികപ്പുറം തിയ്യറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. അയ്യപ്പന്മാരുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ മാളികപ്പുറം സിനിമയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സന്ദീപ് വാര്യര്‍

ഉണ്ണിമുകുന്ദന്‍ ക്ഷമിക്കണം. മാളികപ്പുറം നിങ്ങളുടെ സിനിമയല്ല. കണ്ണോളം കണ്ടത് പോരാ കാതോളം കേട്ടത് പോരാ, അയ്യന്റെ മായകള്‍ ചൊന്നാല്‍ തീരുമോ ഗുരുസ്വാമീ,”മാളികപ്പുറം” കണ്ട് 24 മണിക്കൂര്‍ പിന്നിട്ടിട്ടും ആ ദൃശ്യവിസ്മയം മനസ്സില്‍ നിന്ന് മായുന്നില്ല. കല്ലു മാളികപ്പുറവും പീയൂഷ് സ്വാമിയും തീയേറ്ററില്‍ നിന്ന് നമ്മുടെ കൂടെയിങ്ങോട്ട് പോരുമെന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്.

ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ വച്ച് ദേവനന്ദയെ കണ്ടിരുന്നു. കല്ലു നെയ്‌ത്തേങ്ങ നിറക്കുന്ന രംഗം ആദ്യ ഷോട്ടില്‍ തന്നെ ദേവനന്ദ പെര്‍ഫെക്റ്റ് ആക്കി. ദേവനന്ദ ദിവസങ്ങളായി വ്രതത്തിലായിരുന്നു എന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ആ കുട്ടിയുടെ മുഖത്ത് കണ്ട തേജസ്സിനെ പറ്റിയും ചൈതന്യത്തെ പറ്റിയുമായിരുന്നു വളരെ പ്രധാനപ്പെട്ട ഒരു വ്യക്തി എരുമേലിയില്‍ നിന്നുള്ള മടക്കയാത്രയില്‍ എന്നോട് സംസാരിച്ചു കൊണ്ടിരുന്നത്. അയ്യപ്പന്റെ അനുഗ്രഹം ലഭിച്ച മാളികപ്പുറം തന്നെയാണ് ദേവനന്ദ എന്നാണ് അദ്ദേഹം പറയുന്നത്.

പതിനെട്ടാം പടി കയറി ദേവാനന്ദയുടെ കുഞ്ഞിക്കൈ പടിമേല്‍ തൊടുന്ന ആ ഷോട്ടുണ്ടല്ലോ, ഒരു തുള്ളി കണ്ണീര് പടിമേലെ കിടക്കുന്ന വെള്ളത്തിലേക്ക് വീഴുന്ന ആ രംഗം … അറിയാതെ ഉള്ളില്‍ നിന്ന് ശരണം വിളിച്ച് പോകുന്ന മാസ്മരികത ആ നിമിഷത്തിനുണ്ട്. കല്ലുവും അച്ഛനും തമ്മിലുള്ള സ്‌നേഹ ബന്ധമാണ് കാണുന്നത്.

തീക്ഷ്ണമായ വൈകാരിക നിമിഷങ്ങളിലൂടെ കടന്ന് പോകുന്ന കഥാ സന്ദര്‍ഭങ്ങള്‍, ദേവനന്ദ കരയിപ്പിക്കാത്ത ഒരാളെങ്കിലും തീയേറ്ററില്‍ ഉണ്ടാകും എന്നെനിക്ക് തോന്നുന്നില്ല എന്നും സന്ദീപ് വാര്യര്‍ പറയുന്നു.

പ്രിയപ്പെട്ട ഉണ്ണി, ഇതിലെ നായക കഥാപാത്രമാവാന്‍ ഉണ്ണിക്കല്ലാതെ മറ്റൊരു നടനും സാധ്യമല്ല. ആ അര്‍ത്ഥത്തില്‍ മാളികപ്പുറം ഉണ്ണിയുടെ ഏറ്റവും മികച്ച സിനിമ തന്നെയാണ്. പക്ഷേ ഉണ്ണി മുകുന്ദന്‍ ക്ഷമിക്കണം. മാളികപ്പുറം നിങ്ങളുടെ സിനിമയല്ല. ഇത് ദേവനന്ദയുടെ, കല്ലുവിന്റെ സിനിമയാണെന്നും സന്ദീപ് കുറിച്ചു.

കല്ലുവിനെ പോലെ അയ്യനെ കാണാന്‍ വ്രതമെടുക്കുന്ന ലക്ഷക്കണക്കിന് മാളികപ്പുറങ്ങളുടെ സിനിമയാണ്. അവരാണ് ഈ സിനിമ കാണേണ്ടത്. നമ്മുടെ മക്കളെയാണ് ഈ സിനിമ രക്ഷിതാക്കള്‍ കാണിക്കേണ്ടത്. രാവിലെ ദേവനന്ദയോട് സംസാരിച്ചു. മോളെ പുതിയ ഉയരങ്ങളിലെത്താന്‍ അയ്യപ്പന്‍ അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞാണ് സന്ദീപ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Anu