‘മമ്മൂക്ക എന്നെ കിക്ക് ചെയ്യുന്നത് എനിക്കറിയാന്‍ പറ്റുന്നുണ്ടായിരുന്നില്ല’ ഷൂട്ടിംഗ് അനുഭവവുമായി സഞ്ജു

മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കില്‍ മികച്ച ഒരു കഥാപാത്രത്തെയാണ് സഞ്ജു ശിവറാം അവതരിപ്പിച്ചത്. കരിയറിലെ തന്നെ ബെസ്റ്റ് കഥാപാത്രം ചെയ്തതിന്റെ സന്തോഷത്തിലാണ് താരം. ഇപ്പോഴിതാ ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി അഭിനയിച്ചതിനെ കുറിച്ച് മനസു തുറക്കുകയാണ് താരം. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു സീനില്‍ മമ്മൂക്ക എന്നെ ബാക്കില്‍നിന്ന് ചവിട്ടുന്നുണ്ട്. അത് പലതവണ എടുക്കേണ്ടി വന്നു. അദ്ദേഹമത് കൃത്യമായി ചെയ്യും. എനിക്ക് കിട്ടുന്നുമില്ല. കാരണം അത് എടുക്കുമ്പോള്‍ അദ്ദേഹം എന്നെ കിക്ക് ചെയ്യുന്നത് എനിക്കറിയാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഒരു കിക്കില്‍ പോലും എന്നെ നോവിക്കാതിരിക്കാന്‍ ആയി അദ്ദേഹം ഒന്നു തൊടുക പോലുമില്ല. ഞാന്‍ അദ്ദേഹത്തോട് നന്നായി ചവുട്ടിക്കോളൂ എന്ന് പലതവണ പറഞ്ഞെങ്കിലും വളരെ കെയറിങ് ആയി അദ്ദേഹം അത് ചെയ്തുകൊണ്ടേയിരുന്നു. അദ്ദേഹം എന്നെ നോവിക്കില്ല എന്ന് ഉറപ്പായതോടെ മൂവ്‌മെന്റ് നടക്കുമ്പോള്‍ ഉണ്ടാവുന്ന ഒരു ചെറിയ കാറ്റ് കിട്ടുന്നതിലൂടെയാണ് ഞാനാ സീന്‍ ചെയ്തത്. അടുത്തുനില്‍ക്കുന്ന ആളുകളെ ബുദ്ധിമുട്ടിപ്പിക്കാതെയിരിക്കാന്‍ അല്ലെങ്കില്‍ അവര്‍ക്ക് വേദനിക്കാതെയിരിക്കാന്‍ വളരെ കെയര്‍ ചെയ്താണ് അദ്ദേഹം ഓരോ സംഘട്ടനരംഗവും ചെയ്യുന്നത്. ഇത്ര വര്‍ഷത്തെ അഭിനയ പരിചയത്തില്‍നിന്ന് ഉണ്ടായ ഒന്നായിട്ടാണ് ഞാനതിനെ മനസ്സിലാക്കുന്നത്. ഒരു ആക്ടറുടെ പൂര്‍ണതയാണ് അത് സൂചിപ്പിക്കുന്നതെന്ന് സഞ്ജു പറയുന്നു.

തന്റെയടുത്ത് എത്തുന്ന എല്ലാവരോടും കണ്ണില്‍ നോക്കിയാണ് അദ്ദേഹം സംസാരിക്കുന്നത്. സംസാരിക്കുന്ന വിഷയത്തിന്റെ ഏറ്റവും പുതിയ ടെക്‌നോളജിയെയും ഏറ്റവും പുതിയ കാര്യങ്ങളെയുംപറ്റി അദ്ദേഹം പറയും. അതിപ്പോള്‍ കൃഷിയെപ്പറ്റി ആണെങ്കില്‍ അത്, രാഷ്ട്രീയമാണെങ്കില്‍ അതിനെപ്പറ്റി, സ്‌പോര്‍ട്‌സ് അങ്ങനെ. ഇതൊന്നുമല്ലാതെ ഏറ്റവും പുതിയ ഒരു ഷൂവിന്റെ മോഡലിനെ പറ്റിയാണെങ്കില്‍ അതിന്റെയൊക്കെ ഏറ്റവും പുതിയ കാര്യങ്ങളാവും അദ്ദേഹം സംസാരിക്കുന്നത്. ഏറ്റവും ചെറിയ കാര്യങ്ങള്‍ പോലും വളരെ സീരിയസ് ആയും യുദ്ധം പോലെയുള്ള സെന്‍സിറ്റീവ് വിഷയങ്ങളില്‍ വളരെ വൈകാരികമായും സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

പിന്നെ സൈറ്റില്‍ എന്നെ ഏറ്റവും അതിശയിപ്പിച്ചത് മൊസാദിന്റെ ഫൈറ്റിങ് ടെക്‌നിക് അദ്ദേഹം വളരെ പെട്ടെന്ന് പഠിച്ചു ചെയ്തു എന്നുള്ളതാണ്. അത് പഠിപ്പിക്കാന്‍ വന്നവര്‍ ചെയ്യുന്ന ഫൈറ്റിങ് രീതികള്‍ കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്ന് പേടിച്ച് മാറിനിന്നു. എന്നാല്‍ അനായാസമായി മമ്മൂക്ക അത് പഠിച്ചു ചെയ്തു. പിന്നെ അതിരപ്പിള്ളിയിലെ ഒരു പാറപ്പുറത്ത് ഇരിക്കുന്ന രംഗം ചിത്രത്തിലുണ്ട്. അത് ചെയ്യുമ്പോള്‍ തലേദിവസം മഴപെയ്ത് ആ പാറപ്പുറം ആകെ വഴുക്കലായിരുന്നു. അവിടേക്ക് അദ്ദേഹം ധൈര്യപൂര്‍വം കയറി പോവുകയും, ആത്മാര്‍ഥമായി ആ സീനിനു വേണ്ടി സഹകരിക്കുകയും ചെയ്തത് കണ്ടപ്പോള്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും പ്രായമെന്നു പറയുന്നത് അദ്ദേഹത്തിനു വെറുമൊരു നമ്പറാണെന്നെന്നും സഞ്ജു കൂട്ടിച്ചേര്‍ക്കുന്നു.

Gargi