‘സിനിമയുടെ ആത്മാവിനെ നഷ്ടപ്പെടുത്തുന്ന മോടിപിടിപ്പിക്കലുകള്‍ നടത്തരുതേ എന്ന് അപേക്ഷിക്കുന്നു’

28 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍- ഭദ്രന്‍ കൂട്ടുകെട്ടിലെത്തിയ സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ദൃശ്യഭംഗിയിലും കുറച്ച് പുതിയ സീനുകളും കൊണ്ട് പുതിയൊരു സിനിമ കണ്ടിറങ്ങിയ ആവേശത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘സിനിമയുടെ ആത്മാവിനെ നഷ്ടപ്പെടുത്തുന്ന മോടിപിടിപ്പിക്കലുകള്‍ നടത്തരുതേ എന്ന് അപേക്ഷിക്കുന്നുവെന്നാണ് സന്തോഷ് കുമാര്‍ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

സ്ഫടികം 4K ഇറക്കിയപ്പോള്‍ അനാവശ്യം ആയി ചേര്‍ത്ത ഷോട്ടുകളും ബാക്ക്ഗ്രൗണ്ട് മ്യൂസിക് എല്ലാം വിമര്ശിക്കപെടുമ്പോള്‍ അതില്‍ ഏറ്റവും അരോചകവും യുക്തി രഹിതവും ആയി തോന്നിയ ഒന്നാണ് തോമ ഓട്ട കാലണയുടെ ഉള്ളിലൂടെ ചാക്കോ മാഷിനെ നോക്കുമ്പോള്‍ കാണിച്ച ഫ്‌ലാഷ് ബാക്ക് സീന്‍സ്. കാരണം ഒര്‍ജിനല്‍ സ്ഫടികത്തില്‍ മകന് പകരം വീടിനു മുറ്റത്തു പതിനെട്ടാം പട്ട തെങ്ങു വെച്ച ചാക്കോ മാഷ് എന്ന ആ അപ്പന്‍, അതും പ്രസിഡന്റ്ഇന്റെ കയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങിയ വല്യ ഗണിത അധ്യാപകന്‍ , വെറും മൂന്ന് ചക്രം റൗഡിയായ തോമ എന്ന മകന്റെ കണ്ണില്‍ വളരെ ചെറുതായി പോവുന്ന രംഗം ആണ് തോമ ഓട്ട കാലണയുടെ ഉള്ളിലൂടെ നോക്കുമ്പോള്‍ നമ്മള്‍ കാണുന്നത്. അത്രയും സിംബോളിക് ആയ അത്രയും പ്രാധാന്യം ഉള്ള. തോമ എന്ന മകന്‍ ആ അപ്പനെ എങ്ങനെ നോക്കി കാണുന്നു എന്ന് നമ്മുക്ക് കാണിച്ചു തന്ന ആ രംഗം ആണ് ചുമ്മാ കുറെ ഫ്‌ലാഷ് ബാക് ബ്ലാക്ക് ആന്‍ഡ് വൈറ്റ് രംഗങ്ങള്‍ കാണിച്ചു നശിപ്പിച്ചു കയ്യില്‍ തന്നത്. ഇനി ആരെങ്കിലും പഴയ ക്ലാസിക്കുകള്‍ റീ റിലീസ് ചെയ്യുന്നുണ്ടേല്‍ ഇതുപോലെ സിനിമയുടെ ആത്മാവിനെ നഷ്ടപ്പെടുത്തുന്ന മോടിപിടിപ്പിക്കലുകള്‍ നടത്തരുതേ എന്ന് അപേക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഡിജിറ്റല്‍ റീസ്റ്റൊറേഷന്‍ നടത്തി, പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ 4k Atmos ശബ്ദ വിന്യാസത്തില്‍ ആണ് ചിത്രം തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിച്ചത്. കെ.പി.എ.സി ലളിത, തിലകന്‍, നെടുമുടി വേണു, രാജന്‍ പി. ദേവ് എന്നിങ്ങനെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, അന്തരിച്ച താരങ്ങള്‍ക്കുള്ള ആദരവായി കൂടിയാണ് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നതെന്ന് നേരത്തെ സംവിധായകന്‍ ഭദ്രന്‍ പറഞ്ഞിരുന്നു. സ്ഫടികത്തിന്റെ 24ാം വാര്‍ഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിംഗ് വെര്‍ഷന്‍ വരുന്നുവെന്ന വിവരം ഭദ്രന്‍ അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ പ്രചാരങ്ങള്‍ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളില്‍ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രന്‍ അറിയിച്ചത്. 1995ലാണ് സ്ഫടികം ആദ്യം തിയേറ്ററുകളിലെത്തിയത്.

Gargi