നെഞ്ചിൽ തീ കോരിയിട്ടിട്ട് ശ്രീനിവാസൻ അന്ന് നാട്ടിലേക്ക് പോയി

മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രത്തിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് നാടോടിക്കാറ്റ്. ഒരു പക്ഷെ ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകരും നാടോടിക്കാറ്റിനായിരിക്കും ഉണ്ടായിരിക്കുക. ചിത്രത്തിലെ ദാസനെയും വിജയനെയും ഇന്നും പ്രേക്ഷകർ സ്നേഹത്തോടെ ആണ് ഓർക്കുന്നത്. അത്രയേറെ സ്വാധീനമാണ് ഈ ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ ഉണ്ടാക്കിയത്. ഇന്നും ഇവരുടെ മികച്ച കഥാപാത്രങ്ങളായി അറിയപ്പെടുന്നത് നാടോടിക്കറ്റിലെ ദാസനും വിജയനും തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള പഴയകാല ഓർമ്മകൾ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ സത്യൻ അന്തിക്കാട്.

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ, ഞാനും ശ്രീനിവാസനും കൂടിയാണ് നാടോടിക്കാറ്റിന്റെ ഫസ്റ്റ് കോപ്പി മദ്രാസിലെ സ്റ്റുഡിയോയിൽ ഇരുന്നു കാണുന്നത്. എന്നാൽ ഈ സിനിമ കണ്ടപ്പോൾ ഒരിക്കൽ പോലും എനിക്കോ ശ്രീനിക്കോ ചിരി വന്നില്ല. സിനിമ കണ്ടു പുറത്തിറങ്ങിയപ്പോഴേക്കും ശ്രീനി ഫുൾ മൂഡ് ഓഫ് ആയി. എനിക്കും നല്ല പേടി ആയി തുടങ്ങി. എന്നിട്ടും ഞാൻ ശ്രീനിയെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു, സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചപ്പോഴും, ഷൂട്ട് ചെയ്തപ്പോഴും എഡിറ്റ് ചെയ്തപ്പോഴും എല്ലാം നമ്മൾ കുറെ ചിരിച്ചില്ലേ, അത് പോലെ തന്നെ സിനിമ തിയേറ്ററിൽ കാണുമ്പോൾ പ്രേക്ഷകരും ചിരിക്കുമെന്നു. ശ്രീനി ഒന്നും മിണ്ടാതെ എന്റെ നെഞ്ചിൽ കുറച്ച് തീ വാരി ഇട്ടിട്ട് നാട്ടിലേക്ക് പോയി.

പക്ഷെ പേടി കാരണം എനിക്ക് നാട്ടിൽ പോകാനുള്ള ധൈര്യം ഇല്ലായിരുന്നു. സിനിമയുടെ റിലീസ് ദിവസം ഞാൻ മദ്രാസിൽ തന്നെ ആയിരുന്നു. അവിട ഇരുന്നിട്ട് ഒരു സമാധാനവും ഇല്ലായിരുന്നു. മാറ്റിനി ഷോ കഴിഞ്ഞിട്ടും സിനിമയുടെ വിശേഷം ഒന്നും അറിഞ്ഞില്ല. ഞാൻ എങ്ങോട്ടെന്നില്ലാതെ നടക്കാൻ ഇറങ്ങി. കുറച്ച് കഴിഞ്ഞു തിരിച്ച് വന്നപ്പോൾ എന്നെ കാത്ത് അവിടെ സെഞ്ച്വറി കൊച്ചുമോൻ ഇരിക്കുന്നു. സിനിമ സൂപ്പർ ഹിറ്റ് ആയെന്നും ആളുകൾ കോമഡി ചിത്രം ഏറ്റെടുത്ത് എന്നും പറഞ്ഞു. പതിനേഴ് ലക്ഷം രൂപയ്ക്ക് എടുത്ത ചിത്രം നൂറു ദിവസത്തിൽ കൂടുതൽ തിയേറ്ററിൽ ഓടി. സിനിമയുടെ വിജയാഘോഷ ദിവസം മൊമെന്റോ ഏറ്റു വാങ്ങാൻ മമ്മൂട്ടിയും വന്നിരുന്നു. കാരണം ആ സിനിമയുടെ നിർമ്മാതാക്കളിൽ ഒരാൾ മമ്മൂട്ടി ആയിരുന്നു എന്നുമാണ് സത്യൻ അന്തിക്കാട് പറഞ്ഞത്.

Devika Rahul