പൊന്നാനിമണ്ഡലത്തിൽ നിന്നും സീറ്റിങ് എം.എൽ.എയായ പി. ശ്രീരാമകൃഷ്ണനെ പുകച്ച് പുറത്തു ചാടിക്കാൻ മുൻ ഏരിയാ സെക്രട്ടറി രംഗത്ത്.

പൊന്നാനി മണ്ഡലത്തിനെ വികസനപാതയിലേക്ക് നയിച്ച  സീറ്റിങ് എം എൽ എയായ  പി.ശ്രീ രാമകൃഷ്ണനെ  നിയമസഭ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണ്ണയം നടക്കാനിരിക്കെ,പുകച്ച് പുറത്തു ചാടിക്കാൻ, സി.പി.എമ്മിലെ ഒരു വിഭാഗത്തിൻ്റെ നീക്കം.സി.പി.എം മുൻ ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഇതിനായി അണിയറയിൽ ചരടു വലിക്കുന്നത്.ശ്രീരാമകൃഷ്ണനെതിരെ സോഷ്യൽ മീഡിയകളിൽ പ്രചരണം നടത്തുന്നതിനു പിന്നിൽ മുൻ ഏരിയാ സെക്രട്ടറിയാണെന്നാണ് ആരോപണം. ശ്രീരാമകൃഷ്ണനെ ലക്ഷ്യമിട്ട് പ്രചരിപ്പിക്കുന്ന എഫ്.ബി പോസ്റ്റുകൾ തയ്യാറാക്കിയവരെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും സി.പി.എമ്മിൽ ശക്തമാക്കിയിട്ടുണ്ട്. മുൻ ഏരിയാ സെക്രട്ടറിയുടെ മത്സരിക്കാനുള്ള മോഹമാണ് പാളയത്തിലെ ഈ പടക്ക് പിന്നാലെന്നാണ് ഡി.വൈ.എഫ്.ഐ നേതാക്കളും ചൂണ്ടിക്കാട്ടുന്നത്.

sreeramkrishan.image

അധികാര മോഹിയായ പാർട്ടി മുൻ ഏരിയാ സെക്രട്ടറിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന നേതൃത്വത്തിനും പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പെരിന്തൽമണ്ണ സ്വദേശിയായ ശ്രീരാമകൃഷ്ണൻ, പാലൊളി മുഹമ്മദ് കുട്ടിയുടെ പിൻഗാമിയായാണ് പൊന്നാനിയിൽ മത്സരിച്ചിരുന്നത്.കഴിഞ്ഞ രണ്ടു തവണയും മികച്ച ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ, സ്പീക്കർക്കെതിരെ പ്രതിപക്ഷം വലിയ പ്രചരണം നടത്തിയിട്ടും, വലിയ മുന്നേറ്റമാണ് മണ്ഡലത്തിൽ ഇടതുപക്ഷത്തിനുണ്ടായത്.

Sreeramakrishnan

യു.ഡി.എഫിൻ്റെ കൈവശമുള്ള രണ്ടു പഞ്ചായത്തു ഭരണം കൂടി ഇത്തവണ ഇടതുപക്ഷത്തിന് പിടിച്ചെടുക്കാൻ കഴിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ ശ്രീരാമകൃഷ്ണൻ ഇത്തവണ മത്സരിച്ചാൽ, കാൽ ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിക്കുമെന്നാണ് സി.പി.എം പ്രവർത്തകർ അവകാശപ്പെടുന്നത്. ശ്രീരാമകൃഷ്ണൻ മൂന്നാം വട്ടവും അങ്കത്തിനിറങ്ങുമെന്ന പ്രചരണം ശക്തമായിരിക്കെയാണ്, അദ്ദേഹത്തിനെതിര ‘പാര’യുമായി സി.പി.എം പ്രാദേശിക നേതാവ് തന്നെ ഇപ്പോൾ കളത്തിലിറങ്ങിയിരിക്കുന്നത്. ഇത് പൊന്നാനിയിലെ ഇടതു ക്യാംപിൽ വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.

Vishnu