നന്ദൂട്ടാ..നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങള്‍ പിന്നിട്ടു!! ദിവസങ്ങള്‍ എണ്ണി എണ്ണി തള്ളി നീക്കുന്നു-സീമ ജി നായര്‍

Follow Us :

ജീവിതത്തെ കാന്‍സര്‍ കവര്‍ന്നെടുക്കുമ്പോഴും പോസിറ്റിവിറ്റിയും പ്രചോദനവും പകര്‍ന്ന് യാത്ര പറഞ്ഞയാളാണ് നന്ദു മഹാദേവ. ഇന്നും പ്രിയപ്പെട്ടവരുടെയുള്ളില്‍ നോവാണ് നന്ദുവിന്റെ വിയോഗം. നന്ദുവിന്റെ നാലാം ചരമദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി സീമ ജി നായര്‍. നന്ദുവിനെ കുഞ്ഞനുജനായി കൂടെ ചേര്‍ത്ത് നിര്‍ത്തിയയാളാണ് സീമ ജി നായര്‍. നന്ദൂട്ടാ..മോനെ നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു എന്നു പറഞ്ഞാണ് സീമയുടെ പോസ്റ്റ്.

നന്ദൂട്ടാ..മോനെ നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു ..ദിവസങ്ങള്‍ എണ്ണി എണ്ണി തള്ളി നീക്കുന്നു എന്ന് കേട്ടിട്ടില്ലേ ..നിന്നെ സ്‌നേഹിക്കുന്നവരുടെ അവസ്ഥ ഇത് തന്നെയാണ് ..പെറ്റമ്മ ലേഖ ആണെങ്കിലും നൂറ് കണക്കിന് അമ്മമാരായിരുന്നു മകന്റെ സ്ഥാനം കല്പിച്ചു നല്‍കിയിരുന്നത് ..അവരുടെ കണ്ണ്‌നീര്‍ ഇതുവരെ തോര്‍ന്നിട്ടില്ല ..

നീ മനസിലേക്ക് കടന്നു വരാത്ത ഒരു നിമിഷം പോലുമില്ല ..മറന്നു തീരുന്നില്ലയെന്നതാണ് സത്യം ..വേദനകള്‍ കൂടുതലായി മനസിലേക്ക് കൊണ്ടുവരരുതെന്നു പറയും ..പക്ഷെ ഈ വേര്‍പാടുകള്‍, വേദനകള്‍ ,മനസിലേക്ക് കൊണ്ടുവരാതിരിക്കാന്‍ പറ്റില്ല ..കാരണം മോനോടുള്ള സ്‌നേഹം സീമാതീതം ആണ് ..നീ എപ്പോളെലും ചിരിച്ചോണ്ട് മുന്നില്‍ വന്നു നില്കുമായിരിക്കും എന്ന് എപ്പോളും ഓര്‍ക്കാറുണ്ട് ..ഓര്‍ക്കാനല്ലേ പറ്റൂ അല്ലെ നന്ദുട്ടാ ..ഓര്‍ക്കാം ..ഓര്‍ത്തോണ്ടിരിക്കാം’, എന്നാണ് സീമ ജി നായര്‍ കുറിച്ചത്.

2021 മെയ് 15ന് ആണ് 27ാമത്തെ വയസില്‍ നന്ദു മഹാദേവ യാത്രയായത്. നാലു വര്‍ഷത്തോളം ക്യാന്‍സറിനോട് പൊരുതിയ ശേഷമാണ് നന്ദു വിടപറഞ്ഞത്. അവസാന നിമിഷങ്ങളിലും ക്യാന്‍സര്‍ രോഗികള്‍ക്ക് കരുത്തും ആത്മവിശ്വാസവും പകര്‍ന്ന് സോഷ്യലിടത്ത് സജീവമായിരുന്നു നന്ദു.