ദേവതയായും, ‘വെപ്പാട്ടി’യായും ,കാബറെ നര്‍ത്തകിയായും, രതി രൂപിണിയായും അഭിനയിച്ച ജയഭാരതി; കണ്ണിൽ ലഹരി നിറച്ച നായികയെ കുറിച്ച്! ശാരദക്കുട്ടി

Follow Us :

കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിമാരില്‍ ഒരാളായ ജയഭാരതിയുടെ ജന്മദിന൦, നടിയെ കുറിച്ചും അവര്‍ ജീവൻ പകർന്ന കഥാപാത്രങ്ങളെ കുറിച്ചും പറയുകയാണ് എഴുത്തുകാരി ശാരദക്കുട്ടി ടീച്ചര്‍,കണ്ണില്‍ ഇങ്ങനെ ലഹരി നിറയ്ക്കാന്‍ ജയഭാരതി അഭ്യസിച്ചതെങ്ങനെ ആയിരിക്കുമെന്നാണ് നടിയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് കൊണ്ട് ശാരദക്കുട്ടി ടീച്ചര്‍ ചോദിക്കുന്നത്, ആ ശബ്ദവും ഉച്ചാരണ രീതിയും ചിരിയും കുറുമ്പും തുള്ളലും നാണവുമെല്ലാം അക്കാലത്തെ മലയാളി യുവത്വത്തെ കോരിത്തരിപ്പിച്ചു.ഒരു  കാലത്ത് നായികയായും പ്രതി നായികയായും, ദേവതയായും ‘വെപ്പാട്ടി’യായും കാബറെ നര്‍ത്തകിയായും രതി രൂപിണിയായും ക്ലാസിക്കല്‍ നര്‍ത്തകിയായും പതിവ്രതയായും ‘കളങ്കിത’യായും  അങ്ങനെ ഒരേ ഉശിരോടെയും ഉണര്‍വ്വോടെയും അവർ  അഭിനയിച്ചു.

ജയഭാരതി തിരശ്ശീലയിലെത്തിയാല്‍ ഒരാര്‍പ്പാണ് പിന്നെ. അക്കാലത്തെ ആണുങ്ങളുടെ ഹൃദയമിടിപ്പായിരുന്ന നായിക. സക്കറിയയേയും സുഭാഷ് ചന്ദ്രനെയും പോലെയുള്ള എഴുത്തുകാര്‍ തങ്ങള്‍ യൗവനകാലത്ത് കൊണ്ടു നടന്ന ആരാധന മറച്ചു വെക്കാതെ എഴുതിയിട്ടുണ്ട്. ഗാനരംഗങ്ങളിലെ ജയഭാരതിയെ ശ്രദ്ധിച്ചിരിക്കുന്നത് എന്തൊരു ഗംഭീര കാഴ്ചാനുഭവമാണ്. അക്കാലത്ത് പാടി അഭിനയിക്കുന്ന നടികളിലൊന്നും കാണാത്ത ഒരു പ്രത്യേകതയാണ് ജയഭാരതിയുടെ പാട്ടു രംഗങ്ങളില്‍ കാണാനാവുക. പാടുന്ന ഗായികയേക്കാള്‍ കൃത്യമായിരുന്നു ജയഭാരതിയുടെ ചുണ്ടനക്കങ്ങള്‍.

കാറ്റു വന്നൂ കള്ളനെ പോലെ, താലിക്കുരുത്തോല പീലിക്കുരുത്തോല, പോലെയുള്ള ചടുല ഗതിയിലുള്ള പാട്ടുകള്‍ പാടുമ്പോള്‍ ഉകാരത്തിന് ചുണ്ടുകള്‍ വര്‍ത്തുളമാക്കുകയും എ, ഇ എന്നീ താലവ്യാക്ഷരങ്ങള്‍ക്ക് ചുണ്ടിനെ നിവര്‍ത്തിക്കൊണ്ട് വ്യക്തത നല്‍കുകയും ചെയ്യുന്നത് കാണാം, ഞാനത് പലതവണ നോക്കിയിരുന്നിട്ടുണ്ട്.മാധുരിയുടെ ശബ്ദത്തിന്റെ ത്രസിപ്പും തുറസ്സും ജയഭാരതിയുടേതുമായി ഏറെ ഇണങ്ങി നിന്നു. അതിനൊരു അടക്കമില്ലായ്മയുടെ അഴകുണ്ട്. ഷീലക്ക് സുശീല, ശാരദക്ക് ജാനകി, ജയഭാരതിക്ക് മാധുരി – എന്തൊരിണക്കമായിരുന്നു. കണ്ണില്‍ ഇങ്ങനെ ലഹരി നിറയ്ക്കാന്‍ ജയഭാരതി അഭ്യസിച്ചതെങ്ങനെ ആയിരിക്കും? അവരുടെ ശരീര അളവുകളായിരുന്നില്ല മുഖം തന്നെയായിരുന്നു വികാരോദ്ദീപകമായിരുന്നത്.