Film News

‘നിത്യാ മേനോന്റെ സുഹൃത്തായി അമല പോൾ അഭിനയിക്കില്ല’ ; പിന്മാറ്റത്തെപ്പറ്റി സിബി മലയിൽ

മലയാളികൾക്ക് ഏറെ സുപരിചിതനായ സംവിധായകൻ ആണ് സിബി മലയിൽ. നിരവധി അനശ്വര ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സിബി മലയിൽ ഒരുക്കിയ വ്യത്യസ്തമായ പ്രമേയം ഉൾക്കൊണ്ട സിനിമയാണ് അപൂർവരാ​ഗം. യുവതാരങ്ങളാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരന്നത്. കഥയിലെ പുതുമ കൊണ്ട് സിനിമ ഏറെ ശ്രദ്ധ നേടിയെടുത്തു. നിഷാൻ, ആസിഫ് അലി, വിനയ് ഫോർട്ട്, നിത്യ മേനോൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷം ചെയ്തത്. നാല് താരങ്ങൾക്കും അക്കാലത്ത് കരിയറിൽ വഴിത്തിരിവായ സിനിമയായി അപൂർവരാ​​ഗം മാറി. 2010 ലാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. അപൂർവരാ​ഗത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കു വെക്കുകയാണ് സിബി മലയിൽ. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. നായികയായി ആദ്യം പരി​ഗണിച്ചിരുന്നത് നിത്യ മേനോനെ തന്നെയാണ്. അതിന് മുമ്പ് ഓഡിഷന് വന്നത് അമല പോളാണ്. അന്ന് അവർ അത്ര പോപ്പുലർ ആയിരുന്നില്ല. നിത്യ മേനോനെ തന്നെയാണ് നായികയായി ആദ്യം മനസിൽ കണ്ടതാണ്. അതിലേക്ക് വേറെ ആളെ ആവശ്യമില്ല. പക്ഷെ അവരുടെ കൂട്ടത്തിൽ കുറേ കുട്ടികൾ വേണം. സുഹൃത്തായുള്ള വേഷമാണെന്ന് അമലയോട് പറഞ്ഞപ്പോൾ അവർക്കതിൽ താൽപര്യം തോന്നിയില്ല. അവർ പിന്മാറുകയും ചെയ്തു. പിന്നീടവർ വലിയ തിരക്കുള്ള നടിയായി.

നിത്യയുമായി ഫോണിലാണ് ഞാൻ സംസാരിക്കുന്നത്. നിത്യ വർക്ക് ചെയ്ത ആകാശ​ഗോപുരം എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ എന്റെ അസോസിയേറ്റ് ഡയറക്ടർ തന്നെയായിരുന്നെന്നും സിബി മലയിൽ പറയുന്നു. കാസ്റ്റിം​ഗിൽ മൂന്നാമത്തെ കഥാപാത്രമായി ഒരാളെ കിട്ടിയിരുന്നില്ല. രൂപ പരിണാമങ്ങൾ വരേണ്ട കഥാപാത്രം അയാളാണ്. ഓഡിഷന് വന്ന ഒരാൾ ഋതുവിൽ ​ഗേയായി ചെറിയ വേഷം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്. വിനയ് ഫോർട്ടായിരുന്നു അതെന്ന് സിബി മലയിൽ ഓർത്തു. ആസിഫ് അലിക്കൊപ്പമുള്ള ഷൂട്ടിം​ഗ് ഓർമ്മകളും സിബി മലയിൽ പങ്കുവെച്ചു. ക്യാംപസിൽ വെച്ച് ഒരു പാട്ട് ഷൂട്ട് ചെയ്യുന്നുണ്ട്. ശാന്തി മാസ്റ്ററാണ് ചിത്രത്തിൽ ഡാൻസ് കൊറിയോ​ഗ്രാഫ് ചെയ്യുന്നത്. ഒരു ദിവസം രാവിലെ കോളേജിന് മുന്നിൽ വെച്ചാണ് ഷൂട്ട് നടക്കുന്നത്. രാവിലെ മുതൽ ആസിഫിനെക്കൊണ്ട് ഡാൻസ് ചെയ്യിക്കുന്നുണ്ട്. പക്ഷെ ആസിഫിന് അത് വഴങ്ങുന്നില്ല. കുറേക്കഴിഞ്ഞപ്പോൾ ആസിഫ് ഇരുന്ന് കരയുകയാണ്.

എന്നെക്കൊണ്ട് പറ്റത്തില്ല എന്ന് പറഞ്ഞ് അവന്റെ കോൺഫിഡൻസ് പോയി. രണ്ടാമത്തെ സിനിമയാണ്, അവന് വഴങ്ങുന്ന മൂവ്മെന്റ്സുകളൊക്കെ കൊടുക്കെന്ന് ഞാൻ പറഞ്ഞു. കുറേക്കഴിഞ്ഞ് ആസിഫ് അലി നന്നായി ഡാൻസ് ചെയ്തെന്നും സിബി മലയിൽ വ്യക്തമാക്കി. പുതുമുഖങ്ങളെ വെച്ച് ചെയ്ത സിനിമയായതിനാൽ അപൂർവ രാ​ഗങ്ങളുടെ ഷൂട്ടിം​ഗിന് അതിന്റേതായ സൗകര്യങ്ങൾ ഉണ്ടായിരുന്നെന്നും സിബി മലയിൽ ചൂണ്ടിക്കാട്ടി. ആർക്കും മറ്റ് സിനിമകളുടെ തിരക്കില്ല. എന്റെ സൗകര്യത്തിന് സീനുകൾ പ്ലാൻ ചെയ്യാനും ഷൂട്ട് ചെയ്യാനും കഴിഞ്ഞു. ഈ​ഗോയൊന്നുമില്ല. നമ്മുടെ വിളിപ്പുറത്ത് അവരുണ്ടാകും. കാരവാനകത്ത് പോയിരിക്കുകയും വിളിച്ച് കൊണ്ട് വരേണ്ടി വരുന്ന അവസ്ഥയൊന്നും അന്നില്ല. കാരവാൻ സമ്പ്രദായം ഇപ്പോഴാണ് മലയാള സിനിമാ രം​ഗത്ത് വന്നതെന്നും സിബി മലയിൽ ചൂണ്ടിക്കാട്ടി. അതേസമയം കൊത്ത് ആണ് സിബി മലയിലിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ആസിഫ് അലി ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. റോഷൻ മാത്യു, നിഖില വിമൽ, ശ്രീലക്ഷ്മി, സംവിധായകൻ  രഞ്ജിത്, സുദേവ് നായർ, രഘുനാഥ് പാലേരി, ശ്രീജിത്ത് രവി, വിജിലേഷ് കരയാട്, ജിതിൻ പുത്തഞ്ചേരി തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടു.

Sreekumar R