കഠിനാധ്വാനം ചെയ്യുക, പരിശ്രമങ്ങളെല്ലാം ഫലം കാണും!! കൃഷ്ണ കുമാറിനെ അഭിനന്ദിച്ച് ഭാര്യ സിന്ധു കൃഷ്ണ

Follow Us :

കേരളം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം എത്തി. ഇരുപത് സീറ്റില്‍ തൃശ്ശൂരില്‍ മാത്രമാണ് ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്. വലിയ രീതിയിലെ പ്രചാരണമെന്നും ഏറ്റില്ല. കൊല്ലം നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു നടന്‍ കൃഷ്ണകുമാര്‍. കൃഷ്ണകുമാറിന് 163210 വോട്ടാണ് ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും കൃഷ്ണകുമാറിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് ഭാര്യ സിന്ധു കൃഷ്ണ.

ധൈര്യപൂര്‍വം ഇലക്ഷന്‍ നേരിടുകയും കൊല്ലത്ത് ബിജെപിക്ക് ഗണ്യമായ വോട്ട് വര്‍ധനവ് ഉണ്ടാക്കിയതിനും അഭിനന്ദനങ്ങളെന്ന് സിന്ധു കൃഷ്ണ പറയുന്നു. ഒപ്പം കൃഷ്ണകുമാര്‍ പങ്കുവച്ച പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ടാണ് സിന്ധു പോസ്റ്റ് പങ്കുവച്ചത്.

എല്ലാ പ്രയത്‌നങ്ങള്‍ക്കും കൊല്ലത്ത് സംഭവിച്ച വോട്ട് വിഹിതത്തിലെ ഗണ്യമായ വര്‍ധനവിനും അഭിനന്ദനങ്ങള്‍. ഇനിയും പരിശ്രമിക്കുക, കഠിനാധ്വാനം ചെയ്യുക, വിജയം ഒരു നാള്‍ വരും. ഈ പരിശ്രമങ്ങളെല്ലാം ഫലം കാണും, സിന്ധു കൃഷ്ണ കുറിച്ചു.

കൊല്ലത്തെ പരിമിതികളില്‍ ദിവസങ്ങളിലെ പ്രചാരണം മാത്രം ഉണ്ടായിട്ടുകൂടി മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചതെന്നും ഇനിയും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ മുന്നിലുണ്ടാകുമെന്നുമാണ് റിസള്‍ട്ട് വന്ന ശേഷം കൃഷ്ണകുമാര്‍ പങ്കുവച്ചത്.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിധി വന്നിരിക്കുകയാണ്. കേരളത്തില്‍, തൃശൂര്‍ മണ്ഡലത്തില്‍ നമ്മുടെയെല്ലാം പ്രിയങ്കരനായ സുരേഷേട്ടന്‍ ചരിത്ര വിജയം നേടുകയും, മറ്റുള്ള ലോക്സഭാ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളെല്ലാം മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. കൊല്ലത്തും പരിമിതികളുടെ നടുവില്‍ ചുരുങ്ങിയ ദിവസങ്ങളിലെ പ്രചാരണം മാത്രം ഉണ്ടായിട്ടുകൂടി മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു വോട്ട് ഷെയര്‍ 10.67 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി വര്‍ധിപ്പാക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.

എനിക്ക് വോട്ട് നല്‍കി എന്നില്‍ വിശ്വാസം അര്‍പ്പിച്ച എല്ലാ വോട്ടര്‍മാരോടും എന്റെ നന്ദിയും കടപ്പാടും ഈയവസരത്തില്‍ അറിയിക്കുകയാണ്. തുടര്‍ന്നും കൊല്ലത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും അതിനുള്ള പരിഹാരം കണ്ടെത്തി കൊല്ലത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. നന്ദി എന്നാണ് കൃഷ്ണ കുമാര്‍ പ്രതികരിച്ചത്.