Malayalam Article

ജനക്കൂട്ടത്തെ ഒഴിവാക്കിയില്ലെങ്കില്‍ കാറില്‍ നിന്നിറങ്ങില്ലെന്ന് കെകെ പറഞ്ഞു; അവസാന നിമിഷം കൂടെയുണ്ടായിരുന്ന ഗായിക സുബ്ബലക്ഷ്മി

മലയാളിയായ ബോളിവുഡ് ഗായകന്‍ കെകെയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും ആരാധകരും. അദ്ദേഹത്തിന് സിപിആര്‍ ലഭിച്ചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

മാര്‍ച്ച് 31-ന് കൊല്‍ക്കത്തയിലെ ഒരു സംഗീത പരിപാടിക്കിടെ അസ്വസ്ഥതയുണ്ടായി മടങ്ങിയ കെകെ, പിന്നീട് താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയില്‍ കുഴഞ്ഞുവീണാണ് മരിച്ചത്. പരിപാടി നടന്ന സ്റ്റേജില്‍ മതിയായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന വിമര്‍ശനങ്ങള്‍ അന്നുതന്നെ ഉയര്‍ന്നിരുന്നു.

ഇതിനുപിന്നാലെ സംഭവ ദിവസം അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്ന ഗായിക സുബലക്ഷ്മിയും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. പരിപാടി നടന്ന കൊല്‍ക്കത്തയിലെ നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തിന് അകത്തും പുറത്തും ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നുവെന്ന് സുബ്ബലക്ഷ്മി പറഞ്ഞു.

അന്നു വൈകീട്ട് അഞ്ചരയോടെയാണ് കെ.കെ ഓഡിറ്റോറിയത്തിലേക്ക് എത്തുന്നത്. ആ സമയത്ത് ഓഡിറ്റോറിയത്തിന് പുറത്ത് വലിയ തിരക്കായിരുന്നു. സംഘാടകര്‍ ജനക്കൂട്ടത്തെ ഒഴിവാക്കിയില്ലെങ്കില്‍ കാറില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് ആദ്യം കെ.കെ പറഞ്ഞിരുന്നതായും ദേശീയ മാധ്യമത്തിനോട് സുബ്ബലക്ഷ്മി പറഞ്ഞു.

‘ഓഡിറ്റോറിയത്തിന് പിന്നിലെ ഗ്രീന്‍ റൂമിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. എന്നെ അവിടേക്ക് കയറ്റിയിരുന്നു. കുറച്ചുസമയം കെ.കെയുമായി സംസാരിച്ചു. അവിടെവച്ച് ഞങ്ങള്‍ ഒരു സെല്‍ഫിയും എടുത്തു. ആ സമയത്തെല്ലാം അദ്ദേഹത്തിന് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല’, സുബ്ബലക്ഷ്മി പറഞ്ഞു.

Geethu