ഗംഗയുടെ സാരി തിരഞ്ഞെടുക്കുന്നതിൽ ശോഭനയ്ക്കും പങ്കുണ്ടായിരുന്നു

Follow Us :

മലയാളികളുടെ ഇഷ്‌ട നായിക ശോഭന അഭിനയ രംഗത്ത് വീണ്ടും സജീവമാകുകയാണ്. പുതിയ ചിത്രം കൽക്കിയിൽ മികച്ച കഥാപാത്രമാണ് ശോഭനയ്ക്ക് ലഭിച്ചത്. ക്ലാസിക്കൽ ഡാൻസർ കൂടിയായ ശോഭന ഫാസിലിന്റെ സംവിധാനത്തിൽ 1993ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി പുലർത്തി. കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ പ്രോസസുകളെക്കുറിച്ച് ശോഭന പൊതുവെ വാചാലയാകാറില്ല. അതേസമയം നാഗവല്ലിയുടെ കാര്യത്തിൽ ശോഭനയുടെ ഇൻപുട്ടുകളുണ്ട്. മണിച്ചിത്രത്താഴിൽ പ്രേക്ഷകർ മറക്കാത്ത രംഗമാണ് ഗംഗ നകുലന് മുന്നിൽ ആദ്യമായി നാഗവല്ലിയായി മാറുന്നത്. അവിസ്മരണീയ പ്രകടനം ഈ സീനിൽ ശോഭന കാഴ്ച വെച്ചു. ഈ സീനിൽ താൻ പറഞ്ഞ നിർദ്ദേശത്തെക്കുറിച്ച് ശോഭന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സീനിൽ താൻ ബെഡ് പി‌ടിച്ച് ഉയർത്തണം. സാധാരണ പോലെ നിന്ന വ്യക്തി അതിൽ നിന്നും മാറുന്നു. എന്ത് ചെയ്യാൻ പറ്റുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ ചോദിച്ചപ്പോൾ സർ, ഒരു ഐബ്രോ പെൻസിൽ കൊണ്ട് കണ്ണിന് താഴെയും കവിളിനടുത്തും വരയ്ക്കാമെന്ന് പറഞ്ഞു. ആ ഒരു ‌ടച്ച് കൊണ്ട് ഗംഗ നാഗവല്ലിയായി മാറുമ്പോഴുള്ള മുഖഭാവം പൂർണമായെന്നും ശോഭന വ്യക്തമാക്കി.

ഇതിനു പുറമെ ശോഭന സാരിയിൽ ഏറ്റവും സുന്ദരിയായി കാണപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു മണിച്ചിത്രത്താഴ്. അതുകൊണ്ട് തന്നെ ചിത്രത്തിൽ സിംപിൾ പാറ്റേണിലുള്ള ശോഭനയുടെ സാരികളെല്ലാം തന്നെ ഹിറ്റായിരുന്നു. വേലായുധന്‍ കീഴില്ലമാണ് മണിചിത്രത്താഴിന്‍റെ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചത്‌. ശോഭനയുടെ ഗംഗ എന്ന കഥാപാത്രം ധരിച്ചിരുന്ന സാരികള്‍ തെരഞ്ഞെടുക്കുന്നതില്‍ ശോഭനയ്ക്കും പങ്കുണ്ടായിരുന്നു. ആര്‍ട്ടിസ്റ്റുമായി ചര്‍ച്ച ചെയ്തു മാത്രം തന്‍റെ സിനിമകളിലെ കോസ്റ്റ്യൂം തീരുമാനിക്കാറുള്ള സംവിധായകനാണ് ഫാസില്‍. ശോഭന വിളിച്ചിട്ട് താൻ ബാംഗ്ലൂർ പോവുകയാണ് അവിടെ നല്ല സാരി സെലക്ഷൻ കാണും അവിടുന്ന് വല്ലതും എടുക്കണോ സാറിന്റെ മനസിൽ എന്തെങ്കിലും ഐഡിയയുണ്ടോയെന്ന് ശോഭന ഫാസിലിനോട് ചോദിച്ചു. വളരെ സിമ്പിൾ ആയിരിക്കണം തൊട്ടടുത്ത കടയിൽ പോയാൽ കിട്ടുമെന്ന് തോന്നുന്ന തരം സാരിയായിരിക്കണം എന്നാൽ നൂറു കടകളിൽ പോയാലും ആ സാരിയൊന്നും കിട്ടുകയുമരുത്.

manichithratahzhu5

അങ്ങനത്തെ സാരികളാണ് നമുക്ക് വേണ്ടത് എന്നായിരുന്നു തന്റെ മറുപടിയെന്നും ഫാസിൽ പറയുന്നു. ശോഭനയ്ക്ക് അത് വലിയ ചലഞ്ചായിരുന്നു എന്നാണ് മണിച്ചിത്രത്താഴിലെ ശോഭനയുടെ കോസ്റ്റ്യൂംസിനെ കുറിച്ച് സംസാരിച്ച് കൊണ്ട് ഒരഭിമുഖത്തിൽ ഫാസിൽ പറഞ്ഞത്. അങ്ങനെ ഫാസിലിന്റെ നിര്‍ദേശ പ്രകാരമാണ് ബാംഗ്ലൂരില്‍ നിന്നും സിനിമയ്ക്കാവശ്യമുള്ള സാരിയടക്കമുള്ളവ വാങ്ങിയത്.  മണിച്ചിത്രത്താഴിലെ ക്ലെെമാക്സിലെ നൃത്ത രംഗത്തിൽ ധരിക്കുന്ന കോസ്റ്റ്യൂമിലും ശോഭനയുടെ ഇടപെടലുണ്ടായിട്ടുണ്ട്. മാത്രമല്ല അധികമാർക്കും അറിയാത്ത മറ്റൊരു കാര്യം കൂടിയുണ്ട് എന്തെന്നാൽ മണിച്ചിത്രത്താഴിലെ മഹാദേവൻ എന്ന നർത്തകനായി നടൻ ശ്രീധറിനെ സിനിമയിലെത്തിച്ചതും ശോഭനയാണ്. അതേസമയം ആയിരത്തി തൊള്ളായിരത്തി എൺപതുകളിലും തൊണ്ണൂറുകളിലും മലയാളത്തിലെ തിരക്കേറിയ നടിയായിരുന്ന ശോഭന ഇന്ന് നൃത്തത്തിലേക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. കരിയറിലെ സുവർണ കാലത്ത് ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങൾ ശോഭന മലയാളികൾക്ക് സമ്മാനിച്ചു. ഇതിൽ ഐക്കോണിക്കായി മാറിയത് മണിച്ചിത്രത്താഴിലെ നാഗവല്ലി, ഗംഗ എന്നീ കഥാപാത്രങ്ങളാണ്.

ഗംഗ, നാഗവല്ലി എന്നീ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായി എത്തി ശോഭന പ്രകടനത്തിൽ സിനിമാ പ്രേമികളെ ഒന്നാകെ അമ്പരപ്പിച്ചിരുന്നു. നാഗവല്ലിയായി നിറഞ്ഞാടിയ ശോഭന ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഈ കഥാപാത്രത്തിലൂടെ ഇടം പി‌ടിച്ചു. മണിചിത്രത്താഴിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ശോഭന കരസ്ഥമാക്കിയിരുന്നു. ഇന്നും ഗംഗയായും നാഗവല്ലിയായും ശോഭനയെ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ മലയാളിക്കാവില്ല. മറ്റ് പല ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്തി‌ട്ടുണ്ടെങ്കിലും ഈ നായികമാർക്കൊന്നും ശോഭനയുടെ പെർഫോമൻസിന് ഒപ്പമെത്താൻ സാധിച്ചില്ല. 2020 ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് ആണ് ശോഭനയുടേതായി അവസാനമായി പുറത്തിറങ്ങിയ മലയാള സിനിമ. ചിത്രം മികച്ച വിജയം നേടി. നടിയു‌ടെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. മോഹൻലാൽ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തരുൺ മൂർത്തിയാണ്. വർഷങ്ങൾക്ക് ശോഭനയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. ശോഭനയെ വീണ്ടും സിനിമകളിൽ സജീവമായി കാണണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് നടി സിനിമാ രംഗത്ത് സജീവമല്ലാതായത്.