വിവാഹം കഴിഞ്ഞ് മൂന്നാമത്തെ വർഷമാണ് വളരെ നിർണായകം

Follow Us :

സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളിലൂടെയാണ് നടി ശ്രീജ ചന്ദ്രൻ പ്രേക്ഷക പ്രീതി നേടിയത്. തമിഴ് സീരിയലുകളാണ് ശ്രീജയ്ക്ക് വലിയ ജനശ്രദ്ധ നേടിക്കൊടുത്തത്. തമിഴ് സീരിയൽ നടൻ സെന്തിലിനെയാണ് ശ്രീജ വിവാഹം ചെയ്തത്. വിവാ​ഹം കഴിഞ്ഞ് ഏറെ വർഷങ്ങൾക്ക് ശേഷം അടുത്തിടെയാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. അഭിനയ രം​ഗത്ത് ശ്രീജ ഏറെക്കാലമായി സജീവമല്ല. ഇപ്പോഴിതാ തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീജയും ഭർത്താവ് സെന്തിലും. ​ഒരു തമിഴിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. വിവാഹം കഴിഞ്ഞ് പരസ്പരം പൊരുത്തപ്പെടാൻ തങ്ങൾ‌ക്ക് രണ്ട് പേർക്കും കുറച്ച് സമയം എടുത്തെന്ന് പറയുകയാണ് സെന്തിൽ. ചില കാര്യങ്ങൾ തങ്ങൾ പ്രതീക്ഷിച്ചത് പോലെയല്ലെന്ന് തോന്നിയെന്നും അത് എല്ലാ പ്രണയ വിവാഹത്തിലും ഉണ്ടാകുന്ന കാര്യമാണെന്നും ആദ്യം പരസ്പരം മനസിലാക്കാൻ കുറച്ച് സമയമെടുത്തുവെന്നും പിന്നീട് അത് പരിഹരിച്ച് അത് നല്ല സൗഹൃദത്തിലായി എന്നും സെന്തിൽ പറയുന്നു.

ദ​മ്പതികൾ പരസ്പരം മനസിലാക്കാൻ കുറച്ച് കൂടെ സമയം എടുക്കണമെന്നും മാത്രമല്ല തങ്ങൾക്ക് മകൻ പിറന്ന ശേഷം ജീവിതം കൂടുതൽ സന്തോഷകരമായെന്നും സെന്തിൽ വ്യക്തമാക്കി. വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിനിടയിലാണ് കണക്കുകൾ പ്രകാരം 70 ശതമാനം വിവാഹ മോചനങ്ങളും ന‌ടക്കുന്നത്. വിവാഹം കഴിഞ്ഞ് മൂന്നാമത്തെ വർഷമാണ് വളരെ നിർണായകമെന്നും സെന്തിൽ വ്യക്തമാക്കി. രണ്ട് അഭിനേതാക്കളാകുമ്പോൾ മൂഡ് സ്വിം​ഗ്സ് ഉണ്ടാവും. വിവാഹം കഴിഞ്ഞ ശേഷമാണ് അത് മനസിലായത്. കാരണം അഭിനയിക്കുന്നവർ പല ഇമോഷനുകളിലൂടെ പോകും. മാപ്പിളെെ എന്ന സീരിയൽ ഞങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. 13, 14 മണിക്കൂർ പരസ്പരം കാണും. പിന്നീട് വീട്ടിൽ വന്നാലും ഇതേ മുഖം. അത് വളരെ സ്ട്രസ്ഫുളായിരിക്കും. അതെല്ലാം കടന്ന് വന്ന് ഇപ്പോൾ സമാധാനപരമായ സൗഹൃദം തങ്ങൾക്കിടയിലുണ്ടെന്നും സെന്തിൽ വ്യക്തമാക്കി. മാത്രമല്ല അതേക്കുറിച്ച് ശ്രീജയും സംസാരിച്ചു. തങ്ങൾ നന്നായി വഴക്കിടുമായിരുന്നുവെന്നും മകൻ പിറന്ന ശേഷം ഇപ്പോൾ വഴക്കിടാൻ സമയം കുറവാണെന്നുമാണ് ശ്രീജ പറഞ്ഞത്. ജീവിതത്തിൽ വഴക്കില്ല എന്ന് പറഞ്ഞാൽ നുണയാവും.

സാധാരണ എല്ലാവരുടെയും ജീവിതത്തിൽ നടക്കുന്നത് തന്നെയാണ് തന്റെ ജീവിതത്തിലും നടന്നതെന്നും ഇപ്പോൾ പക്വത വന്നെന്നും ശ്രീജ വ്യക്തമാക്കി. അതേസമയം വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ നടന്നത് വലിയ വഴക്കുകളല്ലെന്നും നിസ്സാര വഴക്കുകളാണെന്നും ശ്രീജ പറയുന്നുണ്ട്. സിനിമയ്ക്ക് പോകാമെന്ന് പറഞ്ഞിട്ട് പോയില്ല എന്നതാെക്കെയാണ് ആദ്യ സമയങ്ങളിൽ വഴക്കുണ്ടാകാൻ കാരണം. അപ്പോൾ വലിയ പ്രശ്നമായ കാര്യങ്ങൾ ഇപ്പോൾ പറഞ്ഞ് ചിരിക്കാറുണ്ടെന്നും ശ്രീജ കൂട്ടിച്ചേർത്തു. വഴക്കിടുമ്പോൾ മുമ്പ് താൻ തന്റെ വീട്ടിൽ പോകുകയാണെന്ന് പറയുമെന്നും ഇപ്പോൾ ബ്ലോക്ക് ചെയ്യാറാണ് പതിവെന്നും ശ്രീജ വ്യക്തമാക്കി.‌‌‌ അതേസമയം തിരുവനന്തപുരം സ്വദേശിയാണ് ശ്രീജ. സിനിമകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാഞ്ഞതോടെയാണ് ശ്രീജ സീരിയൽ രം​ഗത്തേക്ക് കടന്നത്. പകൽമഴ എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. പിന്നീട് നിരവധി സീരിയലുകൾ ശ്രീജയെ തേടി വന്നു. തുടക്കത്തില്‍ മലയാളത്തിലായിരുന്നു സജീവമായിരുന്നതെങ്കിലും പതിയെ മലയാളം ഉപേക്ഷിച്ച് ശ്രീജ തമിഴിലേക്ക് പൂര്‍ണമായും മാറുകയായിരുന്നു. ബാലചന്ദ്രമേനോന്‍ അവതരിപ്പിച്ച നടിയായിരുന്നു ശ്രീജ ചന്ദ്രന്‍. കൃഷ്ണ ഗോപാല്‍ കൃഷ്ണ എന്ന സിനിമയില്‍ രാധയായിട്ടാണ് ശ്രീജ എത്തിയത്.

സഹോദരന്‍ സഹദേവന്‍, വടക്കുംനാഥന്‍, ഭാര്‍ഗവചരിതം എന്നിങ്ങനെ ഏതാനും സിനിമകള്‍ വേഷമിട്ട ശ്രീജയ്ക്ക് സിനിമയില്‍ പിന്നീട് അത്ര വേഷങ്ങള്‍ കിട്ടിയില്ലെങ്കിലും സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. കൂടെ അഭിനയിച്ച ആളെത്തന്നെയാണ് ശ്രീജ ഭര്‍ത്താവായി തെരഞ്ഞെടുത്തത്. തമിഴ് നടനും റേഡിയോ ജോക്കിയുമെല്ലാമായി പ്രശസ്തനായ സെന്തിലാണ് ശ്രീജയെ വിവാഹം ചെയ്തത്. വളരെ രഹസ്യമായിട്ടായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ശ്രീജയുടെയും മകന്റെയും ചിത്രങ്ങൾ സെന്തിൽ സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കുവെക്കാറുണ്ട്