ഹോം, കുറുപ്പ് എന്നീ സിനിമകള്‍ ജൂറി അംഗങ്ങള്‍ കണ്ടിരുന്നു പക്ഷേ..! വെളിപ്പെടുത്തി സുന്ദര്‍ ദാസ്!

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം വിവാദത്തില്‍ ആയതോടെ ഇപ്പോഴിതാ ചില തിരുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് അവാര്‍ഡ് കമ്മിറ്റി അംഗവും സംവിധായകനുമായ സുന്ദര്‍ദാസ്. കുറുപ്പ് എന്ന സിനിമ ജൂറി കണ്ടില്ലെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം സ്വഭാവ ദൂഷ്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നത് കൊണ്ടാണ് തനിക്ക് മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് ലഭിക്കാതെ പോയതെന്നുള്ള ഷൈന്‍ ടോം ചാക്കോയുടെ പ്രസ്താവന ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരുപാട് മാനദണ്ഡങ്ങള്‍ അംഗീകരിച്ചാണ് ഒരു സിനിമ ജൂറിക്ക് മുന്‍പാകെ അയക്കുന്നത്. അവാര്‍ഡ് കിട്ടാത്ത പക്ഷം, ഇത്തരം ആരോപണങ്ങള്‍ നടത്തുന്നത് ശരിയായ രീതിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, എല്ലാവര്‍ക്കും അവരുടെ സിനിമ വലുതാണ്. ഈ സിനിമയ്ക്ക് അവാര്‍ഡ് ലഭിക്കും എന്ന വിശ്വാസത്തോടെയാണ് ഓരോരുത്തരം അവാര്‍ഡിനായി സിനിമകള്‍ അയക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇത്തവം 140ല്‍ അധികം സിനിമകളാണ് ജൂറിക്ക് മുന്‍പാകെ എത്തിയത്.

ഉറപ്പായും ജൂറി കുറുപ്പ് സിനിമ കണ്ടിട്ടുണ്ട്. സിനിമകള്‍ കണ്ടതിനും വിലയിരുത്തിയതിനും കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും അതൊന്നും അറിയാതെ ഇത്തരം ആരോപണങ്ങള്‍ നടത്തുന്നത് വിവരമില്ലായ്മ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹോം സിനിമ ഫൈനല്‍ ജൂറി കണ്ടതാണ്.

നിര്‍മ്മാതാവിനെ നോക്കിയല്ല ഒരു സിനിമ ജഡ്ജ് ചെയ്യുന്നതെന്നും സുന്ദര്‍ ദാസ് കൂട്ടിച്ചേര്‍ത്തു. ഓരോ സിനിമ കാണുമ്പോഴും അതിലെ മികച്ച കാര്യങ്ങള്‍ അപ്പോള്‍ തന്നെ നോട്ട് ചെയ്താണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Nikhina