Film News

300 മുഴം ചോദിച്ചു, അത്രയും പോരാ 500 മുഴം തരുമെന്ന് ധന്യ; ഗുരുവായൂരിൽ ചർച്ചയായി മുല്ലപ്പൂവും

വിവാദങ്ങളിലും വാർത്തകളിലും നിറഞ്ഞ് നിൽക്കുകയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വിവാഹത്തിൽ പങ്കെടുക്കുന്നുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങൾ പോലും വലിയ വാർത്തകളായാണ് മാറുന്നത്. സോഷ്യൽ ലോകത്തും സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹം വലിയ ചർച്ചയാണ്. വിവാഹത്തിന് ബുക്ക് ചെയ്ത മുല്ലപ്പൂ ആണ് പുതിയ താരം. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനായി 500 മുഴം മുല്ലപ്പൂ നൽകുമെന്നാണ് പൂക്കച്ചവടക്കാരിയായ ധന്യ- സനീഷ് ദമ്പതികൾ പറഞ്ഞിരിക്കുന്നത്.

കൈക്കുഞ്ഞുമായി ഗുരുവായൂർ കിഴക്കേ നടയിൽ മുല്ലപ്പു വിൽക്കുന്ന ധന്യയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ നേരത്തെ വൈറലാണ്.
സുരേഷ് ഗോപി മകളുടെ വിവാഹത്തിനായി നേരത്തെ 300 മുഴം മുല്ലപ്പൂ ആണ് ആവശ്യപ്പെട്ടത്. എന്നാൽ 500 മുഴം നൽകുമെന്നാണ് ധന്യ പറയുന്നത്. തന്റെ കുടുംബാംഗത്തിന് എന്ന പോലെ പൂക്കൾ ഒരുക്കുമെന്നും സുരേഷ് ഗോപി എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും ധന്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തുമ്പോൾ സുരേഷ് ഗോപി സമ്മാനിക്കുക സ്വർണ തളികയെന്ന റിപ്പോർട്ടുകളും ഇതിനിടെ വന്നിരുന്നു. സ്വർണ കരവിരുതിൽ വിദഗ്ധനായ അനു അനന്തൻ ആണ് സ്വർണ തളിക നിർമ്മിച്ചത്. തളിക മോദിക്ക് സമ്മാനിക്കുന്നതിന് മുമ്പ് എസ് പി ജി ഉദ്യോഗസ്ഥർ പരിശോധിക്കുകയും ചെയ്തിരുന്നു.

Ajay Soni