‘കാശുണ്ടാക്കും, കുറച്ച് പാവങ്ങൾക്ക് നൽകും’; വമ്പൻ സിനിമയെ കുറിച്ച് മനസ് തുറന്ന് സുരേഷ് ഗോപി

Follow Us :

തെരഞ്ഞെടുപ്പില്‍ വിജയിച്ച് എംപിയായെങ്കിലും സിനിമ പൂര്‍ണമായി ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി സുരേഷ് ഗോപി. ഏറ്റവും പ്രതീക്ഷയുള്ള തന്‍റെ പുതിയ പ്രോജക്ടിനെ കുറിച്ചും സുരേഷ് ഗോപി പറഞ്ഞു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണ് ഏറ്റവും പ്രതീക്ഷയുള്ളതെന്നാണ് താരത്തിന്‍റെ വാക്കുകൾ. സിനിമകൾ തീർച്ചയായും ചെയ്യുമെന്നും അതിൽ നിന്നുണ്ടാക്കുന്ന പൈസയിൽ നിന്നും കുറച്ച് പാവങ്ങൾക്കും കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘‘സിനിമകൾ ഉണ്ടാകും. എണ്ണമൊന്നും അറിയില്ല, പക്ഷേ കുറെ അധികം സിനിമകൾ ഉണ്ട്. അതിൽ പ്രതീക്ഷ നൽകുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണ്. അത് ഓ​ഗസ്റ്റിൽ ചെയ്യണമെന്ന് പത്തു ദിവസം മുൻപെ വിളിച്ച് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന്റെ തലേദിവസം ആളെ വിട്ട് അതിന്റെ നീക്കങ്ങളും അവർ തുടങ്ങി കഴിഞ്ഞു. ഒറ്റക്കൊമ്പൻ ചെയ്യണം. സിനിമകൾ ചെയ്യും, കാശുമുണ്ടാക്കും. അതിൽ നിന്നും കുറച്ച് കാശ് പാവങ്ങൾക്കും കൊടുക്കും. അതൊക്കെ അങ്ങനെ തുടരും’’ – സുരേഷ് ​ഗോപി പറഞ്ഞു.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയിലാണ് സുരേഷ് ഗോപി മുഖ്യ വേഷത്തില്‍ എത്തുന്നത്. മമ്മൂട്ടി, സുരേഷ് ഗോപി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിങ്ങനെ വമ്പൻ താര നിര ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. മറ്റൊരു നിർമാണക്കമ്പനിയും ഈ പ്രോജക്ടില്‍ ഉണ്ടാകും. .നായകനായി മമ്മൂട്ടി അല്ലാതെ മറ്റൊരു നടന്‍ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത് ആദ്യമാണ്.