സെന്‍ഗിണിയ്ക്കായി വന്‍തുക ബാങ്കില്‍ നിക്ഷേപിച്ച് നടന്‍ സൂര്യ

നാം ജീവിക്കുന്ന സമൂഹത്തില്‍ ഇങ്ങനെയും ചില മനുഷ്യരുണ്ടെന്നും അവര്‍ എന്തെല്ലാം ഭയാനകമായ സാഹചര്യങ്ങളിലൂടെയും അടിച്ചമര്‍ത്തലുകളിലൂടെയുമാണ് കടന്ന് പോകുന്നത് എന്ന് തുറന്ന് കാട്ടിത്തന്ന തമിഴ് ചിത്രമായിരുന്നു സൂര്യ നായകനായി എത്തിയ ജയ്ഭീം.

ആദിവാസി ഊരുകളില്‍ കഴിയുന്നവരുടെ പച്ചയായ ജീവിതം ഇത്രയും ദുഷ്‌കരമായിരുന്നു എന്നത് ഇന്ന് നാടൊട്ടുക്കും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ചിത്രത്തില്‍ തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ പോരാടിയ ആദിവാസി സ്ത്രീയായ സെന്‍ഗിണിയെ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവില്ല.

സിനിമ ഹിറ്റായതോടെ അതില്‍ ഒരു വന്‍ തുക ആദിവാസി കുട്ടികളുടെ പഠനത്തിനായി മാറ്റിവെച്ച് സൂര്യയും ഭാര്യ ജ്യോതികയും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കൊല്ലപ്പെട്ട രാജാകണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന് സഹായവുമായി എത്തിയിരിക്കുകയാണ് നടന്‍ സൂര്യ. പാര്‍വ്വതി അമ്മാളിന്റെ പേരില്‍ 10 ലക്ഷം രൂപ സൂര്യ നിക്ഷേപിച്ചെന്നാണ് അറിയുന്നത്.

സ്ഥിര നിക്ഷേപമായി 10 ലക്ഷം രൂപ താരം പാര്‍വതി അമ്മാളിന്റെ പേരില്‍ ബാങ്കില്‍ ഇട്ടിരിക്കുന്നത്. ഇതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യിലെത്തും. മരണശേഷം മക്കള്‍ക്ക് തുക ലഭിക്കുമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

90കളില്‍ നടന്ന കഥ കണ്ടു തീരുമ്പോള്‍ പ്രേക്ഷകരുടെ കണ്ണില്‍ ഈറനണിയുകയാണ്. മാത്രമല്ല ഇത്തരം അടിച്ചമര്‍ത്തലുകള്‍ ഇന്ത്യാ മാഹാരാജ്യത്ത് എങ്ങും ചര്‍ച്ചചെയ്യപ്പെടുകയാണ് ഈ സിനിമയിലൂടെ.

 

 

 

Aswathy