സ്വപ്നക്കൂട് സിനിമയുടെ ചിത്രീകരണ സമയത്ത് പല പ്രതിസന്ധികളും നേരിട്ടു, കമൽ

Follow Us :

മലയാളികളുടെ ഫേവറിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച ഒരു സിനിമയാണ് സ്വപ്നക്കൂട്. റിലീസ് ചെയ്ത സമയത്ത് ഈ സിനിമ ഉണ്ടാക്കിയ തരംഗം ചെറുതായിരുന്നില്ല. അന്നത്തെ യുവ താരങ്ങളായ പൃഥിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീര ജാസ്മിൻ, ഭാവന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. കമൽ സംവിധാനം ചെയ്ത ചിത്രം 2003 ലെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയപ്പോൾ പല തടസങ്ങളും നേരിട്ടെന്ന് പറയുകയാണ് കമൽ. മലയാളത്തിലെ ഒരു ടെലിവിഷൻ മാധ്യമത്തിനോടാണ് കമലിന്റെ പ്രതികരണം. നേരിട്ട പ്രതിസന്ധികളിൽ ആദ്യത്തേത് ഷൂട്ടിംഗ് തുടങ്ങി ഒരാഴ്ചയായപ്പോൾ തന്റെ അച്ഛന് സീരിയസായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത സംഭവമാണെന്നാണ് കമൽ പറയുന്നത്. ഡോക്ടർമാർ തന്നോട് പെട്ടെന്ന് തന്നെ ഹോസ്പിറ്റലിലേക്ക് വരണമെന്ന് പറഞ്ഞു എന്നും അതുകേട്ട് താൻ പെട്ടെന്ന് ഷൂട്ടിംഗ് പാക്കപ്പ് ചെയ്ത് നാട്ടിലേക്ക് വന്നുവെന്നും കമൽ പറയുന്നു.

താൻ നാട്ടിലെത്തിയതിന്റെ തൊട്ടടുത്ത ദിവസം അച്ഛൻ മരിച്ചു എന്നും കമൽ പറയുന്നു. അങ്ങനെ വീണ്ടും ഷൂട്ട് ചെയ്യാൻ കുറേ ദിവസത്തെ ഗ്യാപ്പ് വന്നു. അത് കഴിഞ്ഞ് അ‌ടുത്ത മാസമായപ്പോൾ വീണ്ടും അഭിനേതാക്കളുടെ ഡേറ്റ് റെഡിയായപ്പോൾ പോണ്ടിച്ചേരിയിൽ ഷൂട്ട് തുടങ്ങി എന്നും കമൽ പറയുന്നു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കുഞ്ചാക്കോ ബോബന് ചിക്കൻ പോക്സ് വന്നു. എവിടെ നിന്നാണ് ഈ ചിക്കൻ പോക്സ് കിട്ടിയതെന്ന് കുഞ്ചാക്കോയ്ക്കും ആർക്കും അറിയില്ല. അങ്ങനെ വീണ്ടും ഷൂട്ട് പാക്കപ്പ് ചെയ്തു. അതേസമയം ഇതേ തുടർന്ന് നിർ‌മാതാവ് വൈശാഖ് രാജൻ ടെൻഷനായി എന്നും കമൽ പറയുന്നു. അപ്പോൾ താൻ അദ്ദേഹത്തെ സമാധാനിപ്പിച്ചെന്നും കമൽ ഓർക്കുന്നു. സ്വപ്നക്കൂടിലെ ഗാനങ്ങളെക്കുറിച്ചും കമൽ സംസാരിച്ചു. ഗാനങ്ങൾ യൂറോപ്പിൽ ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചു. ഓസ്ട്രിയ, സ്വിറ്റ്സർലന്റ് തുടങ്ങിയ ഇടങ്ങളിലാണ് ഷൂട്ട് ചെയ്യാൻ തീരുമാനിച്ചത്. ഇതിനിടെ കുഞ്ചാക്കോയ്ക്ക് ചിക്കൻ പോക്സ് മാറി. ഒരാഴ്ച കഴിഞ്ഞപ്പോൾ ജയസൂര്യക്ക് ചിക്കൻ പോക്സ് വന്നുവെന്നും കമൽ ഓർക്കുന്നു. വീണ്ടും അങ്ങനെ ഷൂട്ട് ബ്രേക്ക് ചെയ്യേണ്ടി വന്നു. ഇങ്ങനെയൊക്കെ വന്നപ്പോൾ ഈ സിനിമയ്ക്ക് രാശിയില്ലെന്നും ലൊക്കേഷൻ ശരിയല്ലെന്നും വരെ ചർച്ചകൾ വന്നു എന്നും കമൽ പറയുന്നു. എന്നാൽ പക്ഷെ ലൊക്കേഷൻ മാറ്റുന്ന പ്രശ്നമില്ലെന്ന് താൻ പറഞ്ഞപ്പോൾ കമൽ പറഞ്ഞ ലൊക്കേഷൻ തന്നെ മതിയെന്ന് നിർമാതാവ് പറഞ്ഞുവെന്നും കമൽ പറയുന്നു.

അതേസമയം ജയസൂര്യക്ക് ചിക്കൻപോക്സ് മാറിയപ്പോൾ അടുത്തത് തനിക്കാണോ എന്ന് പൃഥിരാജിന് ടെൻഷൻ ആയിരുന്നു എന്നും കമൽ ഓർക്കുന്നു. ഭാഗ്യത്തിന് പൃഥ്‌വിരാജിനും ലൊക്കേഷനിൽ ഉണ്ടായിരുന്ന മറ്റാർക്കും ചിക്കൻ പോക്സ് വന്നില്ലഎന്നും കമൽ പറയുന്നു. എന്നാൽ പക്ഷെ അടുത്ത ഷെഡ്യൂൾ വന്നപ്പോൾ ഷൂട്ടിംഗ് വേഗത്തിൽ തീർത്തു എന്നും കമൽ പറയുന്നു. പോണ്ടിച്ചേരിയിലെ സീനുകൾ കഴിഞ്ഞതിന് ശേഷമാണ് വിദേശത്ത് ഷൂട്ടിന് പോകുന്നതെന്നും ഏകദേശം അഞ്ച് പാട്ടുകൾ ഷൂട്ട് ചെയ്യണമായിരുന്നു എന്നും കമൽ പറയുന്നു. ഇതിനെല്ലാം കോസ്റ്റ്യൂമുകളും വേണം. അഞ്ച് വലിയ പെട്ടികളിലാണ് കോസ്റ്റ്യൂം എടുത്ത് വെച്ചത്. എവിടെയെങ്കിലും ലൊക്കേഷൻ കണ്ട് വണ്ടി നിർത്തിയാൽ പാർക്കിംഗ് ദൂരെയായിരിക്കുമെന്നും ആ സമയത്തൊക്കെകുറേ ബുദ്ധിമുട്ടുകളുണ്ടായിരുന്നു എന്നും കമൽ പറയുന്നു. ഡ്രെസ്സും പെട്ടിയുമൊക്കെ ചുമക്കുന്നത് തങ്ങളൊക്കെ തന്നെയായിരുന്നു എന്നും കമൽ പറയുന്നു. സീൻ തുടങ്ങുമ്പോൾ ക്ലാപ്പ് അടിച്ച് കൊണ്ടിരുന്നത് ഭാവനയായിരുന്നെന്നും കമൽ പറയുന്നു. സിനിമ റിലീസ് ചെയ്ത് കഴിഞ്ഞപ്പോഴുണ്ടായ ചെറിയ പ്രശ്നത്തെക്കുറിച്ചും കമൽ സംസാരിക്കുന്നുണ്ട്.

ദാചിത്രത്തിൽ യേശുദാസ് പാടിയ ഒരു പാട്ടിൽ പിച്ചിന്റെ ചെറിയ പ്രശ്നം വന്നുവെന്നും. അത് കറക്ട് ചെയ്തതാണ് എന്നും കമൽ ഓർക്കുന്നു. ഇന്നത്തെ പോലെ ശബ്ദത്തിന് പെർഫെക്ഷൻ ലഭിക്കുന്ന തിയറ്ററുകൾ അല്ലല്ലോ അന്ന് അതുകൊണ്ട് ദാസേട്ടന്റെ ഹമ്മിംഗ് വന്ന സമയത്ത് ആൾക്കാർ തിയറ്ററിൽ കൂവിയ അനുഭവവും കമൽ പങ്കു വെയ്ക്കുന്നു. എന്തിനാണ് ആളുകൾ അപ്പോൾ കൂവുന്നതെന്ന് തനിക്ക് മനസിലാവുന്നില്ലായിരുന്നു എന്നും കമൽ പറയുന്നു. പിന്നീടാണ് സീനിന്റെ കുഴപ്പം കൊണ്ടല്ല. ശബ്ദത്തിൽ വന്ന പ്രശ്നമാണ് ആളുകളെ കൂവാൻ പ്രേരിപ്പിച്ചതെന്നും. ദാസേട്ടനെ പോലൊരു ഗായകന്റെ പാട്ടിന് കൂവൽ കിട്ടുകയെന്നത് തനിക്ക് വല്ലാത്ത ഞെട്ടലായിരുന്നു എന്നും കമൽ ഓർക്കുന്നു. അതേസമയം രണ്ടാമത് ആ പാട്ട് മിക്സ് ചെയ്തപ്പോൾ ഓക്കെയായെന്നും കമൽ വ്യക്തമാക്കി. അതേസമയം സ്വപ്നക്കൂടിലെ എല്ലാ പാട്ടുകളും പ്രേക്ഷകരുടെ മനം കവർന്ന പാട്ടുകളാണ്. ഈ പാട്ടുകളുടെ മനോഹരമായ പശ്ചാത്തലങ്ങളും ഏറെ ആകർഷണീയമായിരുന്നു. വിദേശ രാജ്യങ്ങളിലെ സീനുകൾ പ്രേക്ഷകർക്ക് അന്ന് വിഷ്വൽ ട്രീറ്റ് ആയിരുന്നുവെന്നും കമൽ ചൂണ്ടിക്കാട്ടി.