അദ്ധ്യായന ദിവസം കൂട്ടി, അദ്ധ്യാപകർ പ്രതിക്ഷേധത്തിലേക്ക്

Follow Us :

വിദ്യാർത്ഥികളുടെ മികവ് വർദ്ധിപ്പിക്കാൻ സംസ്ഥാനത്ത് ഈ വര്‍ഷം 220 ദിവസം അധ്യയനം വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിൽ അദ്ധ്യാപകരുടെ പ്രതിക്ഷേധം. ഒരു വിഭാഗം അദ്ധ്യാപകർ കടുത്ത പ്രതിക്ഷേധത്തിലേക്ക് പോകാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ശനിയാഴ്ച കൂട്ട അവധിയെടുത്ത് പ്രതിപക്ഷ സംഘടനകളിലെ അധ്യാപകര്‍ പ്രതിഷേധിക്കുകയും ചെയ്തു. ഈ വിഷയം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി യോഗം വിളിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അധ്യയന ദിവസം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 25 ശനിയാഴ്ചകൾ പ്രവർത്തി ദിവസമായി കണക്കാക്കി വിദ്യാഭ്യാസ കലണ്ടറും പ്രസിദ്ധീകരിച്ചിരുന്നു.

എന്നാൽ തങ്ങളുടെ അവധി കുറയ്ക്കാൻ അനുവദിക്കില്ല എന്നാണു ഒരു വിഭാഗം അദ്ധ്യാപകർ വാദിക്കുന്നത്. ഒന്ന് മുതൽ എട്ടു വരെയുള്ള ക്ലാസുകളുടെ പ്രവർത്തി ദിനം 200 ദിവസമായി കുറയ്ക്കുന്നത് പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞെങ്കിലും അത്തരം ഒരു ഒത്ത് തീർപ്പിന് അദ്ധ്യാപകർ തയാറായില്ല. മന്ത്രി വിളിച്ച ചര്‍ച്ച പ്രഹസമാണെന്നായിരുന്നു കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. അധ്യയനസമയം സംബന്ധിച്ച വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥക്ക് വിരുദ്ധമായാണ് വിദ്യാഭ്യാസ കലണ്ടര്‍ തയാറാക്കിയതെന്നാണ് സംഘടനകൾ അഭിപ്രായപ്പെടുന്നത്. തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് അധ്യാപകർ ഇത്തരത്തിൽ പിന്മാറുന്നത് അങ്ങേയറ്റം മോശമായ കാര്യമാണെന്നാണ് സർക്കാരിന്റെ ഭാഗം. എന്നാൽ അധ്യായന സമയം കൂട്ടിയതിൽ ഇത് വരെ വിദ്യാർത്ഥി സംഘടനകളോ രക്ഷാകർത്താക്കളോ രംഗത്ത് വന്നിട്ടില്ല.