ബഡാ പടങ്ങൾ എട്ടുനിലയിൽ പൊട്ടുമ്പോൾ താരപ്പകിട്ടില്ലാതെ വന്ന കുഞ്ഞൻ ചിത്രം, ബോക്സ്ഓഫീസിൽ വാരിയത് കോടികൾ

Follow Us :

ബോളിവുഡിന് അത്ര നല്ല കാലമല്ല ഇപ്പോൾ. വമ്പൻ ബജറ്റിൽ സൂപ്പർ താരങ്ങളെ അണിനിരത്തി എത്തുന്ന ചിത്രങ്ങൾ പോലും ഇപ്പോൾ പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഷാരുഖ് ഖാനൊപ്പം രൺബീർ കപൂറിന് മാത്രമാണ് മികച്ച വിജയങ്ങൾ സ്വന്തമാക്കാനായത്. തെന്നിന്ത്യൻ സിനിമകൾ ബോളിവുഡിനെയും കടത്തിവെട്ടുന്ന വിജയങ്ങൾ നേടുന്നുമുണ്ട്. എന്നാൽ, വമ്പൻ താരങ്ങൾ ഒന്നുമില്ലാതെ എത്തുന്ന ചില ചിത്രങ്ങൾ ബോളിവുഡിൽ ശ്രദ്ധ നേടുന്നുമുണ്ട്.

ആദിത്യ സർപോത്ദാർ സംവിധാനം ചെയ്ത സൂപ്പർനാച്ചുറൽ കോമഡി ഹൊറർ ചിത്രം മുഞ്ജ്യ ആണ് ഇപ്പോൾ ഇത്തരത്തിൽ വിജയക്കുതിപ്പ് നടത്തുന്നത്. മഡ്ഡോക്ക് ഫിലിംസിൻറെ സൂപ്പർനാച്ചുറൽ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് മുഞ്ജ്യ. ശർവരി, അഭയ് വർമ്മ, മോണ സിംഗ്, സത്യരാജ് തുടങ്ങിയവർ മുഖ്യവേഷത്തിൽ എത്തിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം സിജിഐയിലാണ് ഒരുക്കിയിട്ടുള്ളത്.

ജൂൺ ഏഴിനാണ് മുഞ്ജ്യ തീയറ്ററുകളിൽ എത്തിയത്. ഒരു മാസത്തിന് അടുത്ത് എത്തുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം ഇതിനകം നേടിയ നെറ്റ് കളക്ഷൻ 100.45 കോടി ആണെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 118.51 കോടിയും നേടാൻ ചിത്രത്തിനായി. 30 കോടി ബജറ്റിൽ പുറത്തിറങ്ങിയ ചിത്രമാണ് മുഞ്ജ്യ. ഇത് കൂടെ പരി​ഗണിക്കുമ്പോൾ നിർമ്മാതാക്കൾക്ക് വമ്പൻ ലാഭമാണ് ചിത്രം നേടി കൊടുത്തിട്ടുള്ളതെന്ന് വ്യക്തമാണ്.