ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷം;മണ്ടന്‍ ടാഗ് ലഭിച്ചപ്പോള്‍ തന്നെ കപ്പെടുക്കുമെന്ന് തീരുമാനിച്ചിരുന്നു; ജിന്റോ 

Follow Us :

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ടൈറ്റിൽ വിന്നറാണ് ജിന്റോ. ഈ അസുലഭ നേട്ടം സമർപ്പിക്കുന്നത് ഏത് ഘട്ടത്തിലും തന്നോടൊപ്പം നിന്ന കുടുംബത്തിനും ബിഗ് ബോസ് പ്രേക്ഷകർക്കുമാണെന്നാണ് കിരീട നേട്ടത്തിന് പിന്നാലെ ജിന്റോ പ്രതികരിച്ചത്. ട്രോഫി കയ്യില്‍ ഇരിക്കുമ്പോഴുള്ള ആ ഒരു അവസ്ഥ പറഞ്ഞ് അറിയിക്കാന്‍ സാധിക്കാത്തതാണെന്നും ജിന്റോ വ്യക്തമാക്കുന്നു. പ്രേക്ഷകർ തന്റെ കൂടെ ഇല്ലായിരുന്നില്ലെങ്കില്‍ താന്‍ കപ്പ് വാങ്ങിക്കില്ലായിരുന്നുവെന്നും  അതുകൊണ്ട് തന്നെ പ്രേക്ഷകരോടാണ് തനിക്ക് നന്ദി പറയാനുള്ളത് എന്നും ജിന്റോ പറയുന്നു. മറ്റ് സീസണുകളില്‍ നിന്ന് വ്യത്യസ്തമായി വോട്ടിങ്ങില്‍ മൊത്തത്തില്‍ 60 ശതമാനത്തിന്റെ വർധനവാണ് ഇത്തണ ഉണ്ടായിരിക്കുന്നത്. അത്തരമൊരു സീസണില്‍ തന്നെ തനിക്ക് കപ്പ് എടുക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ട് എന്നും ജിന്റോ വ്യക്തമാക്കി. ആദ്യ ആഴ്ചയില്‍ ഓരോരുത്തർക്ക് ഓരോ ടാഗ് കൊടുത്തിരുന്നു. തനിക്ക് കിട്ടിയത് മണ്ടന്‍ എന്ന ടാഗായിരുന്നു. അതിനോടകം തന്നെ ഒരുപാട് നേട്ടങ്ങളുണ്ടാക്കിയ വ്യക്തിയായിരുന്നു താന്‍. അതുകൊണ്ട് തന്നെ തനിക്ക് കപ്പ് നേടിയേ മതിയാകൂ എന്ന്  മണ്ടന്‍ എന്ന ടാഗ് ലഭിച്ചപ്പോള്‍ തന്നെ താന്‍ തീരുമാനിച്ചിരുന്നുവെന്നും ജിന്റോ പറയുന്നു.

കേറി വാ മക്കളെ എന്ന് പറഞ്ഞുകൊണ്ട് മറ്റുള്ള ഒരുപാട് പേർക്ക് കൈ കൊടുത്ത വ്യക്തിയാണ് താന്‍. അതൊക്കെകൊണ്ടാകാം ഒരു അദൃശ്യ കൈ തന്നേയും പിടിച്ചുയർത്തിയതെന്നും താന്‍ ചെയ്ത നന്മയും, കാരണവന്മാർ ചെയ്ത ഗുരുത്വവും കൊണ്ടായിരിക്കാം ഈ വിജയമെന്നും ജിന്റോ പറയുന്നു. ആദ്യത്തെ ഒന്ന് രണ്ട് ദിവസം താന്‍ മിണ്ടാതെ ഇരിക്കുകയായിരുന്നു.  അടിയൊന്നും ഉണ്ടാക്കാതെ സൈലന്റായി പോകുമെന്ന് താന്‍ തന്റെ അമ്മയ്ക്ക് വാക്ക് കൊടുത്തിരുന്നു. എന്നാല്‍ ആ ആഴ്ച എനിക്ക് കിട്ടിയത് 9 നോമിനേഷനാണ്. വെറുതെ ഇരുന്നിട്ട് കാര്യമില്ലെന്ന് അതോടെ മനസ്സിലായി എന്നും അതോടെയാണ് യമുനേച്ചി ഉണ്ടാക്കിയ ഒരു ചായയില്‍ താനങ്ങ് കയറിപ്പിടിച്ചതും പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും ജിന്റോ പറയുന്നുണ്ട്. മാത്രമല്ല ചീത്തയൊക്കെ ഒരുപാട് വിളിച്ചിട്ടുണ്ടെന്നും പവർ റൂമില്‍ നില്‍കുന്ന സമയത്താണ് ഗബ്രിയേയും ജിന്റേയേയും ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താക്കുകയാണെന്ന് ലാലേട്ടന്‍ പറയുന്നത് എന്നും ജിന്റോ പറയുന്നു. ലാലേട്ടന്റെ വാക്ക് കേട്ടതോടെ തന്റെ ചങ്ക് കലങ്ങിപ്പോയി എന്നും ബിഗ്ഗ്‌ബോസിന്റെ പടി ഇറങ്ങുമ്പോഴാണ് ബിഗ് ബോസിന്റെ വില എന്താണെന്ന്  മനസ്സിലാക്കുന്നത് എന്നും പിന്നെ ലാലേട്ടനോട് കരഞ്ഞ് കാല് പിടിച്ചുവെന്നും ചീത്ത വാക്ക് പറയില്ലെന്ന് അന്ന് കൊടുത്ത വാക്ക് താന്‍ പിന്നീട് പാലിച്ചെന്നും ജിന്റോ പറയുന്നു.

ബിഗ് ബോസില്‍ മുന്നോട്ട് പോകണമെങ്കില്‍ നല്ല രീതിയില്‍ ബുദ്ധി ഉപയോഗിക്കണമെന്നും പതിനെട്ട് പേരും നമുക്കെതിരെ നിന്ന് അടിക്കുന്നതും പറയുന്നതുമൊക്കെ നമ്മള്‍ ഓർത്ത് വെക്കണം. അതൊക്കെ ഓർത്താണ് നമ്മള്‍ തിരിച്ച് അടിക്കേണ്ടത് എന്നും അതൊക്കെ മറികടന്ന് കപ്പിലേക്ക് എത്തുകയെന്ന് പറഞ്ഞാല്‍ അത് വേറെ ഒരു അനുഭവമാണ് എന്നും ജിന്റോ വ്യക്തമാക്കുന്നു. പുറത്താണെങ്കില്‍ താന്‍ ആലോചിച്ചാണ് സംസാരിക്കാറുള്ളത് എന്നും എന്നാല്‍ ബിഗ് ബോസില്‍ 18 പേരും നമുക്കെതിരെ നിന്ന് സംസാരിക്കുമ്പോള്‍ ആലോചിക്കാന്‍ സമയം കിട്ടിയെന്ന് വരില്ലെന്നും അവിടെയാണ് പ്രശ്നം വരുന്നത് എന്നും ജിന്റോ പറയുന്നു. എനിക്ക് അടുത്ത സുഹൃത്ത് എന്ന് പറയാന്‍ ഉണ്ടായിരുന്നത് രതീഷേട്ടനായിരുന്നു. അദ്ദേഹം പെട്ടെന്ന് തന്നെ പുറത്തുപോയി. പിന്നെ ഉണ്ടായിരുന്നത് ജാന്മണിയായിരുന്നു. അവളും പുറത്തേക്ക് പോയി. അതോടെ ഞാന്‍ തീർന്ന അവസ്ഥയിലായെന്നും ജിന്റോ കൂട്ടിച്ചേർത്തു. അതേസമയം കഴിഞ്ഞ ദിവസമാണ് ബിഗ്ഗ്‌ബോസ് സീസൺ സിക്സിന്റെ ഗ്രാൻഡ് ഫിനാലെ നടന്നത്. പ്രവചനങ്ങളിലെ സാധ്യതാപട്ടിക ശരിവയ്‍ക്കും പോലെ തന്നെ ജിന്റോ ആയിരുന്നു സീസൺ സിക്സിന്റെ കപ്പുയർത്തിയത്. കൂടാതെ അഞ്ചാം സ്ഥാനം റിഷിയും നാലാം സ്ഥാനം അഭിഷേകം മൂന്നാം സ്ഥാനം ജാസമിനും രണ്ടാം സ്ഥാനം അർജുന്നും സ്വന്തമാക്കി.