Film News

ആരതി ഗായത്രി ദേവിയുടെ ‘തേരി മേരി’ വരുന്നു!!

‘തേരി മേരി’ എന്ന ചിത്രവുമായി മലയാള സിനിമയിലേക്ക് ഒരു സംവിധായിക കൂടി വരുന്നു. ആരതി ഗായത്രി ദേവിയാണ് മലയാളത്തിലേക്കെത്തുന്ന പുതുമുഖ സംവിധായിക. ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആരതി തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കുന്നത്.

ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കെ, സമീര്‍ ചെമ്പായില്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അലക്‌സ് തോമസാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തില്‍ വച്ച് ചിത്രത്തിന് തുടക്കമായി. ബബിത ബാബു സ്വിച്ചോണ്‍ നിര്‍വ്വഹിച്ചു.

അനൂപ് മേനോന്റെ കിംഗ് ഫിഷ് എന്ന ചിത്രത്തിന് ശേഷം ടെക്‌സാസ് ഫിലിം ഫാക്ടറി നിര്‍മ്മിക്കുന്ന ചിത്രമാണ്. വര്‍ക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ടു കൊണ്ട് ജീവിക്കുന്ന നാട്ടിലെ രണ്ട് യുവാക്കളുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഇവര്‍ക്കിടയിലെ ഇണക്കവും പിണക്കവും അതിനിടയിലൂടെ വികസിക്കുന്ന പ്രണയവുമൊക്കെയാണ് ചിത്രം പറയുന്നത്. യൂത്തിന്റെ കാഴ്ചപ്പാടുകളിലൂടെയാണ് ചിത്രം പറയുന്നത്.

ചിത്രത്തില്‍ നായികയാവുന്നത് തെലുങ്ക് താരം ശ്രീരംഗ സുധയാണ്. അന്ന രേഷ്മ രാജന്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇര്‍ഷാദ് അലി, സോഹന്‍ സീനുലാല്‍, ഷാജു ശ്രീധര്‍, ബബിത ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംഗീതം കൈലാസ് മേനോന്‍, അഡീഷണല്‍ സ്‌ക്രിപ്റ്റ് അരുണ്‍ കരിമുട്ടം, ഛായാഗ്രഹണം ബിബിന്‍ ബാലകൃഷ്ണന്‍, എഡിറ്റിംഗ് എം എസ് അയ്യപ്പന്‍, കലാസംവിധാനം സാബു റാം, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം ഡിസൈന്‍ വെങ്കിട്ട് സുനില്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് സുന്ദര്‍ എല്‍, ശരത് കുമാര്‍ കെ ജി, ക്രിയേറ്റീവ് ഡയറക്ടര്‍ വരുണ്‍ ജി പണിക്കര്‍, പ്രൊഡക്ഷന്‍ മാനേജേഴ്‌സ് സജയന്‍ ഉദിയന്‍കുളങ്ങര, സുജിത് വി എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി. വര്‍ക്കല, കോവളം, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാവും. പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ ശാലു പേയാട് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu