ഒരാഴ്ചക്കിടെ തകര്‍ന്ന് വീഴുന്നത് മൂന്നാമത്തെ പാലം; ഞെട്ടലില്‍ നാട്ടുകാര്‍, ബീഹാറിൽ ചോദ്യങ്ങളുയരുന്നു

Follow Us :

പാറ്റ്ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ മോത്തിഹാരിയിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നുവീണു. ഒരാഴ്ചക്കിടെ മൂന്നാമത്തെ പാലമാണ് ബിഹാറിൽ തകർന്നു വീഴുന്നുവെന്നുള്ളത് സംഭവത്തിന്‍റെ വ്യാപ്തി കൂട്ടുന്നുണ്ട്. ആര്‍ക്കും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല. റൂറൽ വർക്ക്സ് ഡിപ്പാർട്ട്‌മെൻ്റ് (ആർഡബ്ല്യുഡി) കനാലിന് മുകളിലൂടെ നിർമിക്കുന്ന 16 മീറ്റർ നീളമുള്ള പാലമാണ് ഏറ്റവും ഒടുവിൽ തകര്‍ന്നുവീണത്.

തകര്‍ച്ചയ്ക്കുള്ള കാരണം ഇതുവരെ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് റൂറൽ വർക്ക്സ് ഡിപ്പാർട്ട്‌മെൻ്റ് (ആർഡബ്ല്യുഡി) അഡീഷണൽ ചീഫ് സെക്രട്ടറി (എസിഎസ്) ദീപക് കുമാർ സിംഗ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലത്തിൻ്റെ ചില തൂണുകൾ നിർമിക്കുന്നതിനോട് ഒരു വിഭാഗം നാട്ടുകാർ എതിർപ്പ് ഉന്നയിച്ചിരുന്നു. 1.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 16 മീറ്റർ നീളമുള്ള പാലം മോത്തിഹാരിയുടെ ഘോരസഹൻ ബ്ലോക്കിലെ അംവ ഗ്രാമത്തെ ബ്ലോക്കിൻ്റെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതാണ്.