Film News

മഞ്ഞുമ്മൽ ബോയ്സ് കണ്ട് ആവേശം മൂത്ത് ഗുണ കേവിൽ ഇറങ്ങി യുവാക്കൾ; പിടികൂടി വനം വകുപ്പ്

മഞ്ഞുമ്മൽ ബോയ്സ് സിനിമ കണ്ട് ആവേശം മൂത്ത് കൊടെക്കനാലിലെ ഗുണ കേവില്‍ ഇറങ്ങിയ മൂന്ന് പേര്‍ അറസ്റ്റിൽ. തമിഴ്നാട്ടിലും സിനിമ വൻ ജനപ്രീതി നേടിയതോടെ കേവിലേക്ക് ആളുകൾ എത്തുന്നതിൽ വൻ തിരക്കാണ് കഴി‌ഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടിരുന്നത്. ഇപ്പോള്‍ കേവിൽ ഇറങ്ങിയ മൂന്ന് യുവാക്കളെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഗുണാ കേവിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും ഒരിടം കഴിഞ്ഞാൽ നിരോധിത മേഖലയാണ്. ഇവിടേക്കാണ് മൂന്ന് യുവാക്കൾ ഇറങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവരം അറഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്യുക ആയിരുന്നു. എസ് വിജയ്, പി ഭരത്, പി രഞ്ജിത് കുമാര്‍ എന്നിവരെയാണ് പിടികൂടിയിട്ടുള്ളത്. ഇവര്‍ റാണിപേട്ട് സ്വദേശികളാണ്. 24 വയസുള്ള യുവാക്കളാണ് അറസ്റ്റിലായത്.

ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. കേരളത്തിൽ വൻ ആവേശം തീർത്ത ചിത്രം തമിഴ്നാട്ടിൽ വമ്പൻ വിജയം നേടിയിരുന്നു. കളക്ഷനില്‍ അടക്കം റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ടാണ് തമിഴ്നാട്ടിൽ മഞ്ഞുമ്മല്‍ ബോയ്സ് കുതിക്കുന്നത്.

Ajay Soni