Film News

‘ഫ്ലാറ്റിലേക്ക് വിളിച്ചു, വീട്ടിൽകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; ‘കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ’ സംവിധായകനെതിരെ പരാതി

കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ എന്ന സിനിമയുടെ സംവിധായകൻ സനൽ വി ദേവനെതിരെ പരാതിയുമായി നിർമാതാവ്. സിനിമാ നിർമാണ കമ്പനിയായ വൗ സിനിമാസിന്റെ മാനേജിങ് പാർട്ണർ ഷിബു ജോബ് ആണ് പരാതി നൽകിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംവിധായകൻ ബൈജു കൊട്ടാരക്കര, ഓസ്ട്രേലിയയിലെ മലയാളി വ്യവസായി ഷിബു ജോൺ എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ എന്ന സിനിമയുടെ ഓവർസീസ് വിതരണവുമായി ബന്ധപ്പെട്ട് വൗ സിനിമാസും ഷിബു ജോണും തമ്മിൽ നേരത്തെ തന്നെ സാമ്പത്തിക തർക്കത്തിലാണ്. ഇത് പരിഹരിക്കുന്നതുമായി ചർച്ചയ്ക്ക് എത്തിയപ്പോൾ ബൈജു കൊട്ടാരക്കരയും ഷിബു ജോണും ചേർന്ന് ഭീഷണിപ്പെടുത്തിയെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുക്കുകയും ചെയ്തു.

ഈ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സിനിമയുടെ സംവിധായകനായ സനൽ ഷിബു ജോബിനെ ഫ്ലാറ്റിലേക്ക് വിളിച്ചത്. തുടർന്ന് നൽകാനുള്ള പണം നൽകിയില്ലെങ്കിൽ വീട്ടിൽകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ബൈജു കൊട്ടാരക്കരയെയും ഷിബു ജോണിനെയും സനൽ വീഡിയോ കോളിൽ വിളിച്ചെന്നും അവരും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഷിബു ജോബിന്റെ പരാതി.

Ajay Soni