കാട്ടാളന്മാര്‍ നാട് ഭരിച്ച് നാട്ടില്‍ തീമഴ പെയ്തപ്പോള്‍ പട്ടാളത്തെ പുല്ലായി കരുതിയ മട്ടാഞ്ചേരി!!! രാജീവ് രവിയ്ക്ക് അഭിനന്ദനം

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ പുതിയ ചിത്രം തുറമുഖം തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും അത് അവസാനിപ്പിക്കാനായി പതിറ്റാണ്ടുകളോളം തൊഴിലാളികള്‍ നടത്തിയ പോരാട്ടവുമാണ് ചിത്രം പറയുന്നത്. ചിത്രത്തിനെ കുറിച്ച് റിയാസ് പങ്കുവച്ച കുറിപ്പിങ്ങനെയാണ്,

തൊഴിലാളി വര്‍ഗ്ഗ സമരചരിത്രത്തിലെ ചോര കിനിയുന്ന ഒരേടാണ് കൊച്ചി തുറമുഖത്തിലെ തൊഴിലാളികള്‍ പ്രാകൃതമായ ചാപ്പ സമ്പ്രദായത്തിനെതിരെ നടത്തിയ സമരവും തുടര്‍ന്നുണ്ടായ മട്ടാഞ്ചേരി വെടിവെയ്പ്പും. അമിതമായ BGM ന്റെ അകമ്പടിയോ, സ്ലോമോഷന്‍ സീനുകളോ ഒന്നും ഇല്ലാതെ ഒട്ടും സിനിമാറ്റിക് അല്ലാത്ത രീതിയില്‍ ചരിത്ര പുസ്തകമായി വായിച്ചിരിക്കാവുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത ചിത്രമാണ് രാജീവ് രവിയുടെ തുറമുഖം..

അതുകൊണ്ട് തന്നെ 3 മണിക്കൂര്‍ ദൈര്‍ഖ്യത്തില്‍ ക്ഷമയോടെ ഒരു പുസ്തകം വായിച്ചിരിക്കാന്‍ കഴിയാത്തവര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടെന്ന് വരില്ല..
ചെങ്കൊടിക്ക് ചോരയാല്‍ നിറം കൊടുത്തതാരെടാ..?
സഖാവ് സാന്റോ ഗോപാലന്‍..

ഇന്റര്‍വെല്‍ സീനില്‍ കേട്ട ഈ മുദ്രാവാക്യം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നുണ്ട് .തെറ്റും ശെരിയും തിരിച്ചറിയാനാകാത്ത കാലത്തു തൊഴിലാളികളെ തമ്മിലടിപ്പിച്ചു ചോരയൂറ്റി കുടിച്ചിരുന്ന കമ്പനി മുതലാളിമാരോട് നേരിട്ട് ഏറ്റുമുട്ടി നിന്നിരുന്ന സഖാവ് സാന്റോ ഗോപാലന്‍ അടികൊണ്ട് വീഴുമ്പോള്‍ മര്‍ദ്ദിത വീര്യത്തോടെ തൊഴിലാളി സഖാക്കള്‍ ഏറ്റുവിളിക്കുന്ന മുദ്രാവാക്യമായിരുന്നു അത് ..

മോഡേണ്‍ സിനിമകളില്‍ മാസ്സ് എന്ന എലെമെന്റിന് 100% ആപ്റ്റ് ആയ കാരക്ടര്‍ ആയിട്ട് പോലും സഖാവ് സാന്റോ ഗോപാലനെ മിതത്വത്തോടെ മാത്രമേ രാജീവ് രവി അവതരിപ്പിച്ചിട്ടുള്ളൂ..

എതിര്‍ ശബ്ദമുയര്‍ത്തുന്ന തൊഴിലാളികളെ കപ്പല്‍ – കമ്പനി ഗുണ്ടകളും , കരിങ്കാലികളും , കൂലി പട്ടാളവും തല്ലിചതച്ചിട്ടും പട്ടിണി കിടന്നുകൊണ്ട് അവര്‍ നടത്തുന്ന ചെറുത്തുനില്പും നിഷ്ഠൂരമായ മട്ടാഞ്ചേരി വെടിവെയ്പ്പും സെയ്താലി , ആന്റണി, സെയ്ത് എന്നീ സഖാക്കള്‍ പിടഞ്ഞു വീഴുന്നതും തലമുറകള്‍ താണ്ടി അറിഞ്ഞിരിക്കേണ്ട ചരിത്രമാണ് .
ആരിത് പറയുന്നറിയാമോ ?
കൊച്ചീ കായല്‍ താണ്ടി വരുന്നൊരു ചെമ്പടയാണെന്നറിയാമോ..
ചതിയന്മാരെ കണ്ടോളൂ തൊഴിലാളികളുടെ ചെമ്പടയെ ..
രാധാ സിംഗെ കങ്കാളീ..
ഖദര്‍ ധരിച്ച വിഷപ്പാമ്പെ..
മട്ടാഞ്ചേരി കൊച്ചീ തെരുവില്‍ ..
കള്ളചൂതു കളിച്ചെന്നാല്‍..
വെള്ളമിറങ്ങി ചാകൂലാ..
തള്ളയെ കണ്ടു മരിക്കൂലാ…
അവസാന 20 മിനിറ്റില്‍ കേട്ട മുദ്രാവാക്യങ്ങളാണ്.. തൊഴിലാളികളുടെ സമരപോരാട്ടവും , യൂണിയന്‍ രൂപീകരണവും , മട്ടാഞ്ചേരി വെടിവെപ്പും നല്‍കുന്ന അനുഭൂതി മാത്രം മതി സിനിമാറ്റിക് ഗിമ്മിക്കുകള്‍ ഇല്ലാതിരുന്നിട്ട് കൂടി പൈസ വസൂലാക്കാന്‍..
കാണാതെ പോകരുത്..

ചരിത്രം മറച്ചു പിടിക്കാന്‍ മായക്കാഴ്ചകള്‍ വിന്യസിക്കപ്പെടുന്ന ഇക്കാലത്ത് കൊച്ചിയിലെ തൊഴിലാളി വര്‍ഗത്തിന്റെ ആവേശകരമായ ഈ വീരേതിഹാസത്തിന് ഹൃദയസ്പര്‍ശിയായ ചലച്ചിത്രരൂപം നല്‍കിയ രാജീവ് രവിയ്ക്കും ടീമിനും അഭിനന്ദനങ്ങള്‍
കാട്ടാളന്മാര്‍ നാട് ഭരിച്ച് നാട്ടില്‍ തീമഴ പെയ്തപ്പോള്‍ പട്ടാളത്തെ പുല്ലായി കരുതിയ മട്ടാഞ്ചേരി മറക്കാമോ..?
??

Anu