ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയ്ക്ക് അപ്രതീക്ഷിത പിറന്നാള്‍ സമ്മാനം നല്കി ജീവിതപങ്കാളി ജോര്‍ജീന റോഡ്രിഗസ്. 37ാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് വാഹന രാജാവായ കാഡിലാക് എസ്കലേഡ് ആണ് ജോര്‍ജീന സമ്മാനിച്ചത്. വാഹനം ലഭിച്ചപ്പോഴുള്ള അദ്ദേഹത്തിന്റെ പ്രതികരണം ജോര്‍ജീന വീഡിയോയാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്രിസ്റ്റ്യാനോയുടെ പുതിയ വാഹനത്തിന് ഏകദേശം ഒരു ലക്ഷം ഡോളറാണ് (75 ലക്ഷം രൂപയോളം) വില. 6.2 ലീറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്. 414 ബിഎച്ച്പി കരുത്തുള്ള വാഹനത്തിന് 10 സ്പീഡ് ഓട്ടമാറ്റിക്ക് ഗീയര്‍ബോക്സാണ്.
തുകലില്‍ പൊതിഞ്ഞാണ് ഈ വാഹനത്തിന്റെ അകത്തളം ഒരുക്കിയിട്ടുള്ളത്. പിന്‍നിര സീറ്റുകളിലും എന്റര്ടെയ്ന്മെന്റ് സ്ക്രീന്‍, വൈഫൈ ഹോട്ട്സ്പോട്ട്, 19 സ്പീക്കറുകള്‍ നല്‍കിയിട്ടുള്ള സ്റ്റുഡിയോ സൗണ്ട് സിസ്റ്റം എന്നീ ഫീച്ചറുകളാണ് അകത്തളത്തില്‍ ഒരുങ്ങുന്നത്. എമര്‍ജന്‍സി ബ്രേക്കിങ്ങ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, സെമി ഓട്ടോണമസ് ഡ്രൈവിങ്ങ് മോഡ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതിലുണ്ട്.
അതേസമയം ബുഗാട്ടി ഷിറോണ്‍, ബുഗാട്ടി വെയ്റോണ്‍, മേഴ്സിഡസ് എ.എം.ജി.ജി.എല്‍.ഇ, പോര്‍ഷെ കരേര, ഷെവര്‍ലെ കമാരോ, റേഞ്ച് റോവര്‍ സ്പോര്‍ട്ട്, മക്ക്ലാരന്‍ സെന്ന, ഫെരാരി എഫ് 12 ടി.ഡി.എഫ്, റോള്‍സ് റോയ്സ് കള്ളിനന്, ലാംബോര്‍ഗിനി അവന്റഡോര്‍, മെഴ്സിഡസ് എ.എം.ജി. ജി63 തുടങ്ങി റൊണാള്‍ഡോയ്ക്ക് വലിയൊരു കാറുകളുടെ ശേഖരം തന്നെയുണ്ട്.