Malayalam Article

ടൈല്‍സ് ഇട്ടതിന് കൂലി നല്‍കിയില്ല; മുതലാളിയുടെ ഒരു കോടിയുടെ മെഴ്സിഡസ് കാര്‍ കത്തിച്ച് യുവാവ്- വീഡിയോ

ചെയ്ത ജോലിക്ക് പണം കിട്ടാത്തതിന്റെ പേരില്‍ നോയിഡയില്‍ ടൈല്‍സ് കച്ചവടക്കാരന്‍ ഒരു കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് കാര്‍ കത്തിച്ചു. കാറുടമ തന്റെ വീട്ടില്‍ അടുത്തിടെ ടൈല്‍സ് സ്ഥാപിച്ചെങ്കിലും മുഴുവന്‍ തുകയും ടൈല്‍സ് പണിക്കാരന് നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുഴുവന്‍ കുടിശ്ശികയും നല്‍കാത്തതില്‍ പ്രകോപിതനായ ഇയാള്‍ പ്രതികാരം ചെയ്തത് കാര്‍ കത്തിച്ചാണ്. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താന്‍ പോലീസിനെ സഹായിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് സദര്‍പൂര്‍ കോളനിയിലാണ് സംഭവം. ബൈക്ക് യാത്രികന്‍ മെഴ്സിഡസ് കാറിന് മുകളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഓടിച്ചുപോയി. ഞായറാഴ്ച ഉച്ചയ്ക്ക് തന്റെ മെഴ്സിഡസ് കാര്‍ തന്റെ വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്നു. ഒരു ബൈക്ക് യാത്രികന്‍ തന്റെ കാറിന് തീയിട്ടുവെന്ന് സദര്‍പൂര്‍ ഗ്രാമവാസിയായ ആയുഷ് ചൗഹാന്‍ പറഞ്ഞു.

സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഗ്രേറ്റര്‍ നോയിഡയിലെ റോസ ജലാല്‍പൂര്‍ ഗ്രാമവാസിയായ രണ്‍വീറാണ് പ്രതിയെന്ന് കണ്ടെത്തിയിട്ടുണ്ട്.

രണ്‍വീറിന്റെ സ്വദേശം ബിഹാറാണെന്ന് എസിപി രജനീഷ് വര്‍മ പറഞ്ഞു. ബിഹാറില്‍ നിന്ന് നോയിഡയില്‍ ജോലിക്കായി എത്തിയതായിരുന്നു ഇയാള്‍. ആയുഷ് ചൗഹാന്‍ തന്റെ വീട്ടില്‍ ടൈല്‍ പാകിയെന്നും എന്നാല്‍ 2.68 ലക്ഷം രൂപ ചൗഹാന്‍ നല്‍കിയില്ലെന്നും പ്രതി പറയുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ചൗഹാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് രണ്‍വീര്‍ പ്രകോപിതനാകുകയും പ്രതികാരമായി കാര്‍ കത്തിക്കുകയും ചെയ്തു.

Gargi