Film News

യൂട്യൂബിൽ വാലിബൻ തരംഗം; ഇനി ഉയർത്തെഴുന്നേൽപ്പെന്ന്, ആരാധകർ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന മലൈക്കോട്ടൈ വാലിബൻ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണം.ടീസർ പുറത്തെത്തി 24  മണിക്കൂർ തികയുന്നതിനു മുൻപ് തന്നെ  ആര്  മില്യണിൽ കൂടുതൽ കാഴ്ചക്കാരാണ് യുട്യൂബിൽ  സ്വന്തമാക്കിയിരിക്കുന്നത്.മാത്രമല്ല യുട്യൂബിൽ ട്രെൻഡിങ്ങിലുമുണ്ട് . അതായത്  പ്രേക്ഷകരുടെ ആകാംക്ഷകളും കാത്തിരിപ്പുകളും വെറുതെ ആയില്ല എന്നാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മുൻപ് വന്ന വിഷ്വലുകളിൽ നിന്നും അധികമായി ഒന്നുമില്ലെങ്കിലും ആരാധകർക്ക് വൻ ട്രീറ്റ് ആണ് മോഹ​ൻലാലിന്റെ ശബ്ദത്തിലൂടെ ലഭിച്ചത്. ആരാധകരുടെ   കാത്തിരിപ്പിനവസാനം കുറിച്ചുകൊണ്ടാണ് മണലാരണ്യത്തിലെ മഹാ ഗുസ്തിക്കാരൻറെ വാഴ്ത്തുപാട്ടുകൾ പറഞ്ഞു കൊണ്ട് മലയ്‌ക്കോട്ടെ വാലിബൻ ടീസർ പ്രേക്ഷകർക്ക് മുൻപിൽ എത്തിയത് .

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ്. രണ്ട് ദിവസം മുൻപ് ടീസർ വരുന്നെന്ന് അറിഞ്ഞതുമുതൽ പ്രേക്ഷകർ ആഘോഷത്തിൽ ആയിരുന്നു.  വൻ പ്രതീക്ഷയാണ് ടീസർ സമ്മാനിച്ചതെങ്കിലും കൂടുതൽ വിഷ്വൽസ് ആഡ് ചെയ്യാത്തത് നിരാശ ഉണ്ടാക്കി എന്ന് പറയുന്നവരുണ്ട്. എന്നാൽ സസ്പെൻസ് നിലനിർത്തുന്നതാണ് നല്ലതെന്ന് പറയുന്നവരും മറുഭാഗത്തുണ്ട് . ഒരു വിശ്വാൽ പോലും കൂടുതലായി  പുറത്തു വിടാത്തത് എന്തോ വമ്പൻ സംഭവം ഒരുങ്ങുന്നതിന്റെ ഭാഗമാണ് എന്നാണ് ഇവർ പറയുന്നത്. എന്തായാലും മലൈക്കോട്ടൈ വാലിബൻ പൂർണമായും ഒരു ലിജോ ജോസ് സിനിമയാണെന്നും മോഹൻലാലിന്റെ വൻ തിരിച്ചുവരവ് ആകുമെന്നും തന്നെയാണ് ടീസർ നൽകുന്ന പ്രതീക്ഷ. ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളിയായി ആരാധക മനവും തിയേറ്ററുകളും നിറച്ചതിനുശേഷം മലയാള സിനിമയുടെ പ്രതീക്ഷക്കൊത്തുള്ള റിസൾട്ടുകൾ മോഹൻലാലിന് നല്കാൻ സാധിച്ചിട്ടുണ്ടോ എന്നുള്ള ചോദ്യങ്ങൾക്കുത്തരമായി തന്നെയാണ് വാലിബാനൊരുങ്ങുന്നത്.  മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ  എൽജെപി സ്‌കൂളിലെത്തുമ്പോൾ  ഉണ്ടാകേണ്ട സകല ഹൈപ്പുകളോടും കൂടി തന്നെയാണ് മലൈക്കോട്ടൈ വാലിബൻ ഒരുങ്ങുന്നത്. ഒരർത്ഥത്തിൽ  മോഹന്ലാലൈനപ്പുറം ലിജോയിലുള്ള പ്രതീക്ഷ കൂടിയാണത്.

നായകൻ മുതൽ നൻപകൽ നേരത്ത മയക്കം  വരെയുള്ള ഒമ്പത് സിനിമകളിലൂടെ മലയാള സിനിമക്കപ്പുറം വളർന്നിട്ടുള്ള അല്ലെങ്കിൽ  സിനിമ എന്ന മാധ്യമത്തെ വ്യക്തമായി എങ്ങനെ  ഉപയോഗിക്കണമെന്നറിയുന്ന  ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാൽ എന്ന മഹാ നടനെ എങ്ങനെ ഉപയോഗിക്കും എന്നതു തന്നെയാണ് വലിബന് വേണ്ടിയുള്ള കാത്തിരിപ്പിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. മോഹൻലാൽ എന്ന താരത്തെ സംബന്ധിച്ചിടത്തോളം വർഷങ്ങളോളം അദ്ദേഹത്തിൻറെ സിനിമ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ പരാജയം മാത്രമുള്ള  ഒട്ടും സുഖകരമായ ഒരു യാത്രയായിരുന്നുവെന്നു  പറയാൻ സാധിക്കും.  മലയാളത്തിൽ മോഹൻലാലിനേക്കാൾ വലിയ ഒരു ക്രൗഡ് പുള്ളർ ഇല്ലെന്നുള്ളത് ഒരു യാഥാർത്ഥ്യമായിരിക്കെ അടുത്ത കാലത്തിറങ്ങിയ മോഹൻലാൽ സിനിമകൾക്കൊന്നും തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ കഴിഞ്ഞിട്ടില്ലായെന്നത്  വസ്തുതയുമാണ്. പുറത്തിറങ്ങിയ ടീസർ അനുസരിച്ച് അണിയറയിലൊരുങ്ങുന്നത് വേറെ ലെവൽ ഐറ്റം ആണെന്ന കാര്യം ഉറപ്പാണ്. ലിജോ എന്ന ബ്രാൻഡും മോഹൻലാലും  ഒരുമിക്കുമ്പോൾ തീപാറുമെന്നാണ് സൂചനകൾ. ഇക്കാര്യം തന്നെയായിരുന്നു ടിനു പാപ്പച്ചച്ചൻ  പങ്കുവെച്ചിരുന്നത് ലാലേട്ടന്റെ ഇൻട്രോ സീനിൽ തീയറ്റർ കുലുങ്ങുമെന്ന്. പ്രശാന്ത്  പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്‌സ് സേവ്യർ ആണ്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും വാലിബന്റെ നിർമാണ പങ്കാളികൾ ആണ്

Sreekumar R