‘വഴക്ക്’ വിവാദത്തിനിടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് സംവിധായകന്‍!!

Follow Us :

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘വഴക്ക്’ സിനിമയില്‍ വിവാദം തുടരുന്നതിനിടെ ചിത്രത്തിന്റെ ലിങ്ക് ഫേസ്ബുക്കില്‍ പങ്കുവെച്ച് സംവിധായകന്‍. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുന്നതിനിടെയാണ് സംവിധായകന്റെ അപ്രതീക്ഷിതമായ നടപടി.

‘വഴക്ക്/The Quarrel. കാണണമെന്നുള്ളവര്‍ക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവര്‍ക്ക് മനസിലാക്കാം’ എന്നാണ് ലിങ്ക് പങ്കുവെച്ച് സംവിധായകന്‍ കുറിച്ചത്.

‘വഴക്ക്’ സിനിമ തിയറ്ററിലൂടെ പുറത്തിറക്കാന്‍ ടൊവിനോ ശ്രമിക്കുന്നില്ലെന്നും സിനിമ തിയറ്ററിലെത്തിയാല്‍ അത് തന്റെ കരിയറിനെ ബാധിക്കുമെന്നും ടൊവിനോ പറഞ്ഞെന്നായിരുന്നു സംവിധായകന്റെ ആരോപണം.
‘വഴക്ക്’ എന്ന സിനിമ പുറത്തുവരുന്നത് ടൊവിനോയ്ക്ക് അത്ര ഇഷ്ടമല്ല എന്ന് ഇതിനിടെ പല കാരണങ്ങള്‍ കൊണ്ടും തോന്നിയിരുന്നു. ആളുകള്‍ വലുതെന്നു കരുതുന്ന മനുഷ്യര്‍ പലരും വാസ്തവത്തില്‍ എത്ര ചെറുതാണെന്ന സത്യം എന്നെ പഠിപ്പിച്ച സംഭവങ്ങളാണിതെന്നും സനല്‍ കുമാര്‍ പറയുന്നു.

വിഷയത്തില്‍ പ്രതികരിച്ച് ടൊവിനോയും രംഗത്തെത്തിയിരുന്നു. വഴക്ക് ഒരു നല്ല സിനിമയാണെന്നും താന്‍ ചെയ്ത ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താനെന്നും താരം പറഞ്ഞിരുന്നു. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണെന്നും ടൊവിനോ പറഞ്ഞു. സിനിമയെ കുറിച്ച് വാക്‌പോര് തുടരുന്നതിനിടെയാണ് സനല്‍കുമാര്‍ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.