Film News

‘നിങ്ങളെ തിയറ്ററിലെത്തിക്കാൻ പല ദൃശ്യങ്ങളും ഞാൻ  കാണിക്കും’ ; വെളിപ്പെടുത്തി വിദ്യ ബാലൻ

 

ബോളിവുഡിലെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളാണ് വിദ്യ ബാലൻ. ഇത്രയും കാലത്തെ കരിയറിൽ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും ദി ഡേർട്ടി പിക്ചർ എന്ന ചിത്രം വിദ്യയുടെ കരിയറിൽ വലിയൊരു വഴിത്തിരിവായി മാറിയിരുന്നു. തെന്നിന്ത്യന്‍ മാദക സുന്ദരിയായ സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ചിത്രമാണ് ദി ഡേര്‍ട്ടി പിക്ചര്‍. ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വിദ്യ നേടിയിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിച്ച് സ്വന്തം കരിയര്‍ ഇല്ലാതാക്കരുതെന്ന് പലരും ആദ്യം തന്നോട് പറഞ്ഞിരുന്നുവെന്ന് താരം ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞത്. ‘സില്‍ക്കായി അഭിനയിക്കാന്‍ ഞാന്‍ വളരെ ആവേശത്തിലായിരുന്നു.’ ചിത്രത്തിന്റെ സംവിധായകന്‍ മിലന്‍ ലുത്രിയ ആദ്യമായി എന്നെ കണ്ടപ്പോള്‍ നിങ്ങള്‍ ശരിക്കും ഈ സിനിമ ചെയ്യാന്‍ തയ്യാറാണോയെന്ന് ചോദിച്ചു. എനിക്ക് ചെയ്യാന്‍ കഴിയില്ലെന്ന് ആളുകള്‍ക്ക് തോന്നുന്ന കഥാപാത്രം ആളുകള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധത്തില്‍ എനിക്ക് ചെയ്യണമെന്നുണ്ടായിരുന്നു. സിനിമ വന്നപ്പോള്‍ ഞാന്‍ ത്രില്ലിലായിരുന്നു.’ ‘പെട്ടെന്ന് തന്നെ സിനിമയ്ക്കായി യെസ് പറയുകയായിരുന്നു എന്നും വിദ്യ ബാലൻ പറയുന്നു. ചിലര്‍ എന്നോട് ചോദിച്ചു നിങ്ങള്‍ക്ക് ഈ സിനിമ ചെയ്യാന്‍ പറ്റുമോ… ഇത് നിങ്ങളുടെ കരിയര്‍ നശിപ്പിക്കും.

കരിയറിലെ അവസാന സിനിമയായേക്കും ഇത് എന്നൊക്കെ പറഞ്ഞു. എന്നാല്‍ ഞാന്‍ ചെവി കൊണ്ടില്ല. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചു.’അതുകൊണ്ടാണ് ഞാനൊരു അഭിനേതാവായി മാറിയത്’ എന്നാണ് വിദ്യ ബാലൻ പറഞ്ഞത്. ഡേർട്ടി പിക്ചറിന്റെ ഭാ​ഗമായതിന് ശേഷം താൻ കേൾക്കേണ്ടി വന്ന പഴികളെ കുറിച്ചും വിദ്യ സംസാരിച്ചു. സിനിമയിലെ ചില സീനുകളുടെ പേരിൽ പലരും തന്നെ കുറ്റപ്പെടുത്തിയിട്ടുണ്ടെന്നാണ് വിദ്യ പറയുന്നത്. ‘ഞാന്‍ ചെയ്യുന്ന ഓരോ സിനിമയിലും കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കുന്നതില്‍ ശ്രദ്ധിക്കാറുണ്ട്. അതിന് വളരെയധികം കഠിനാധ്വാനം ആവശ്യമാണ്. അത് ഞാന്‍ ആസ്വദിക്കുന്നുമുണ്ട്. നമ്മുടെ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ സ്ത്രീകളെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകള്‍ നമ്മളെല്ലാവരും ഉപേക്ഷിക്കേണ്ടതുണ്ട്.’ ദി ഡേർട്ടി പിക്ചറിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ഒരുപാട് ആളുകൾ എന്റെ അടുത്ത് വന്ന് എന്താണ് ചെയ്ത് വെച്ചിരിക്കുന്നതെന്ന് ചോദിച്ച് കുറ്റപ്പെടുത്തി. അതേ ആളുകൾ സിനിമ കാണാൻ പോയി. സിനിമ മുഴുവൻ കണ്ടപ്പോൾ അവരുടെ ധാരണ മാറുകയും അദ്ഭുതപ്പെടുകയും ചെയ്തു.

11 വർഷം മുമ്പ് സിനിമ റിലീസിന് മുമ്പ് ട്രെയിലറിൽ പ്രകോപനപരമായ ദൃശ്യങ്ങൾ ഉള്ളതിനാൽ സിനിമയുടെ പ്രചരണത്തിനായി ഞാൻ ലൈംഗികത ഉപയോഗിക്കുന്നുവെന്നാണ് ചിലർ പറഞ്ഞത്.’ ‘അത് നിങ്ങളെ തിയറ്ററിലെത്തിക്കാനും ലൈംഗികതയ്‌ക്കപ്പുറമുള്ള വസ്തുതകൾ കാണാനും വേണ്ടിയാണെന്നും ഇനിയും ഞാൻ കഥ പറയാൻ സെക്‌സിനെ ഉപയോഗിക്കുമെന്നും അന്ന് ചോദ്യം ചെയ്തവർക്കുള്ള മറുപടിയായി ഞാൻ പറഞ്ഞു. അതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ലെന്നും’, വിദ്യ കൂട്ടിച്ചേർത്തു. മോഹന്‍ലാലിനൊപ്പമുള്ള ആദ്യ മലയാള ചിത്രം മുടങ്ങിയതോടെ ഭാഗ്യമില്ലാത്ത നായികയായി വിദ്യ ബാലനെ മുദ്ര കുത്തിയിരുന്നു. അന്ന് സൈന്‍ ചെയ്തിരുന്ന തമിഴ് സിനിമകളില്‍ നിന്നും താരത്തെ മാറ്റുകയും ചെയ്തിരുന്നു. ബംഗാളി ചിത്രം ഭാലോ തെകോ എന്ന ചിത്രത്തിലൂടെയാണ് 2003ല്‍ വിദ്യ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് ബോളിവുഡില്‍ സജീവമായ താരം ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. മൂന്ന് ദശാബ്ദം നീണ്ട കരിയറില്‍ പരിനീത, ഭൂല്‍ ഭുലയ്യ, പാ, കഹാനി, ദി ഡേര്‍ട്ടി പിക്ചര്‍, ശകുന്തള ദേവി, ഷാരേനി, ജല്‍സ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു വിദ്യാ ബാലന്‍.

Sreekumar R