Film News

‘വിവാഹം രണ്ട് വ്യക്തികൾ തമ്മിലാണ്, ദമ്പതികൾക്കിടയിലുള്ള കാര്യം മറ്റാരോടും ചർച്ച ചെയ്യരുത്’; തുറന്ന് പറഞ്ഞ് വിദ്യ ബാലൻ

മലയാളിയാണെങ്കിലും ബോളിവുഡിലെത്തി താര റാണിയായ ചരിത്രമാണ് വിദ്യ ബാലന്റേത്. ബോളിവുഡിലെ പ്രമുഖ നിർമാതാവായ സിദ്ധാർത്ഥ് റോയ് കപൂറിനെയാണ് താരം വിവാഹം കഴിച്ചത്. സി​ദ്ധാർത്ഥിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. 2012 ലാണ് ഇരുവരും വിവാഹിതരായത്. 2013 ൽ വിദ്യ നായികയായി പുറത്തിറങ്ങിയ ഘൻചക്കർ എന്ന സിനിമ നിർമിച്ചത് സിദ്ധാർത്ഥ് റോയ് കപൂറായിരുന്നു. പിന്നീട് ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്തിട്ടില്ല. ഇരുവരും ആലോചിച്ചെടുത്ത തീരുമാനമാണിതെന്ന് വിദ്യ തന്നെ വ്യക്തമാക്കിയിരുന്നു.

‘ഒരുമിച്ച് സിനിമ ചെയ്യില്ലെന്ന് ഞാനും സിദ്ധാർത്ഥും തീരുമാനിച്ചതാണ്. കാരണം മറ്റ് അഭിനേതാക്കൾക്ക് അദ്ദേഹം നൽകുന്ന പ്രതിഫലം ഞാൻ നോക്കും. മറ്റൊരു ആക്ടർക്ക് കൂടുതൽ പ്രതിഫലം നൽകുന്നത് എനിക്കിഷ്ടമല്ല. കാരണം അദ്ദേഹത്തിന്റെ കണ്ണിൽ ഏറ്റവും മൂല്യമുള്ള വ്യക്തി താനായിരിക്കണമെന്നും’ വിദ്യ തമാശയോടെ പറയുകയായിരുന്നു. ഘൻചക്കർ എന്ന സിനിമ പരാജയപ്പെട്ടപ്പോൾ രണ്ട് പേരും ഏറെ വിഷമിച്ചിരുന്നു. അപ്പോഴാണ് ഇക്കാര്യം താൻ പറഞ്ഞത്.

‘ഒരാൾ വിഷമഘട്ടത്തിലൂടെ പോകുമ്പോൾ മറ്റൊരാൾക്ക് നിനക്കൊപ്പം ഞാനുണ്ടെന്ന് പറയാൻ പറ്റണം. രണ്ട് പേരും ഒരുമിച്ച് ചെയ്യുന്ന സിനിമ പരാജയപ്പെട്ടാൽ ആർക്കും പരസ്പരം ആശ്വാസം പകരാൻ പറ്റില്ല. കരിയറിൽ നേടിയ നേട്ടങ്ങൾ ഭർത്താവ് നിർമാതാവയത് കൊണ്ടാണെന്ന് ആളുകൾ പറരുതെന്ന് തനിക്കുണ്ട്. ഇതും ഒരുമിച്ച് പ്രവർത്തിക്കാത്തതിന് കാരണമാണ്. സ്വന്തം പ്രൊഡക്ഷൻ ഹൗസില്ലേ എന്ന് ആളുകൾ ചോദിക്കും. അത് ഭർത്താവിന്റേതാണ്. ആ വ്യത്യാസം ആളുകൾ മനസിലാക്കുന്നില്ല’ – വിദ്യ പറഞ്ഞു.

‘വിവാഹം രണ്ട് വ്യക്തികൾ തമ്മിൽ‌ മാത്രമാണ്. ഇന്ത്യയിൽ നമ്മൾ വിവാഹം ചെയ്യുമ്പോൾ ആ കുടുംബത്തെയാണ് വിവാഹം ചെയ്യുന്നതെന്ന് പറയും. അതെല്ലാം മണ്ടത്തരമാണ്. വിവാഹം രണ്ട് വ്യക്തികൾ തമ്മിലാണ് നടക്കുന്നതെന്ന് ഞാൻ ചിന്തിക്കുന്നു. ആ ബന്ധം നിലനിൽക്കുന്നതിനും തകരുന്നതിനും ആ രണ്ട് വ്യക്തികൾ കാരണമാണ്. ദമ്പതികൾക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളൊന്നും മറ്റാരോടും ചർച്ച ചെയ്യരുത്’ – വിദ്യ കൂട്ടിച്ചേർത്തു.

Ajay Soni