എന്താണ് നിങ്ങൾ തമ്മിലുള്ള പ്രശ്നമെന്ന് എന്നോട് നയൻതാര ചോദിച്ചു, വിജയ് സേതുപതി

Follow Us :

നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും പ്രണയിച്ച് വിവാഹിതരായവരാണ്. 2012 ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് നയന്‍താര ചിത്രത്തിന്റെ സംവിധായകനായ വിഘ്‌നേശുമായി അടുപ്പത്തിലാവുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം 2022 ല്‍ ഇരുവരും വിവാഹിതരാവുകയും രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു. എല്ലാ കാലത്തും ഇരുവരെയും ഒരുമിപ്പിച്ച ഈ ഹിറ്റ് ചിത്രത്തെ കുറിച്ചുള്ള കഥകള്‍ പ്രചരിക്കാറുമുണ്ട്. നാനും റൗഡി താന്‍ എന്ന ചിത്രത്തിൽ നയൻതാരയുടെ നായകൻ ആയെത്തിയത് നടൻ വിജയ് സേതുപതി ആയിരുന്നു. ഇപ്പോഴിതാ നാനും റൗഡി താൻ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച വിജയ് സേതുപതി ഈയൊരു സിനിമയെ കുറിച്ച് പങ്കുവെച്ച കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വിജയ് സേതുപതി നായകനായ ‘മഹാരാജ’ എന്ന സിനിമ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷന്‍ തിരക്കുകളിലായിരുന്നു താരം.

vijaysethupathy

ഇതിനിടയിലാണ് വിഘ്നേഷ് ശിവനെ കുറിച്ച് ഒരു അഭിമുഖത്തില്‍ നടന്‍ സംസാരിച്ചത്. തുടക്കത്തില്‍ സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ വിഘ്‌നേശ് ശിവനുമായി താന്‍ വഴക്ക് കൂടിയിരുന്നതിനെ പറ്റിയാണ് വിജയ് സേതുപതി പറഞ്ഞിരിക്കുന്നത്. നാനും റൗഡി താൻ എന്ന സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞ് ഞാന്‍ വിഘ്നേഷ് ശിവനെ വിളിച്ച് വഴക്കിട്ടു. തന്നെ അഭിനയം പഠിപ്പിക്കാന്‍ നിങ്ങള്‍ നോക്കുകയാണ്. തന്നെ നിങ്ങള്‍ക്ക് മനസ്സിലായില്ലേ എന്നാണ് താന്‍ വിഘ്‌നേശ് ശിവനെ വിളിച്ച് ചോദിച്ചത് എന്നും വിജയ് സേതുപതി പറയുകയാണ്. എന്നാൽ ഈയൊരു സംഭവത്തിന് പിന്നാലെ നാല് ദിവസത്തിന് ശേഷം ചിത്രത്തിലെ നായികയായ നയന്‍താര തന്റെ അടുത്ത് വന്ന് എന്താണ് നിങ്ങള്‍ തമ്മിലുള്ള പ്രശ്‌നമെന്ന് ചോദിച്ചു. ചിത്രത്തിൽ പാണ്ഡി എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് കുറച്ചൂ കൂടി ഉള്‍കൊണ്ട് ചെയ്യാന്‍ അവന്‍ പറയുകയാണെന്ന് താന്‍ വിഘ്‌നേശ് ശിവനെപ്പറ്റി നയൻതാരയോട് പറഞ്ഞു. മാത്രമല്ല അന്ന് നയൻതാര തന്നെ സമാധാനിപ്പിക്കുകയും ചെയ്തു എന്നും വിജയ് സേതുപതി പറയുകയാണ്. നാനും റൗഡി താന്‍ എന്ന സിനിമയുടെ കഥ വിഘ്‌നേഷ് ശിവന്‍ തന്നോട് പറഞ്ഞപ്പോള്‍ അതിമനോഹരമായിട്ടാണ് തനിക്ക് തോന്നിയത്.

എന്നാല്‍ പക്ഷെ തങ്ങള്‍ പരസ്പരം മനസ്സിലാക്കാന്‍ സമയമെടുത്തു. ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അത്ര എളുപ്പമല്ലെന്ന് നടൻ വിഷ്ണു വിശാല്‍ തന്നോട് പറഞ്ഞിരുന്നു എന്നും വിജയ് സേതുപതി പറയുന്നു. കാരണം തന്റെ കഥാപാത്രം കരഞ്ഞാല്‍ പ്രേക്ഷകര്‍ എല്ലാവരും ചിരിക്കണം. നല്ലൊരു മനുഷ്യനാണെങ്കിലും ആ കഥാപാത്രം ഒരു ഫ്രോഡാണ്. ആദ്യത്തെ നാല് ദിവസം ആ കഥാപാത്രം എന്താണെന്ന് പോലും തനിക്ക് മനസിലായില്ല. ആ സമയത്ത് താന്‍ അരക്ഷിതാവസ്ഥയിലായിരുന്നു എന്നും താരം പറയുന്നു. അതേ സമയം വിഘ്‌നേഷ് ശിവന്‍ എന്ന സംവിധായകനെ വിജയ് സേതുപതി ഇപ്പോൾ അഭിനന്ദിക്കുകയും ചെയ്തിരിക്കുകയാണ്. ഒരുപാട് മാജിക്ക് ചെയ്യാറുള്ള സംവിധായകനാണ് അദ്ദേഹം. സിനിമാ സംവിധായകന്‍ ന്യൂജെന്‍ ക്രിയേറ്റര്‍ എന്നീ നിലകളില്‍ അദ്ദേഹം വളരെ മിടുക്കനാണ് എന്ന അഭിപ്രായമാണ് വിഘ്‌നേഷിനെപ്പറ്റി വിജയ് സേതുപതി പങ്കു വെച്ചത്. നാനും റൗഡി താന്‍ എന്ന സിനിമയ്ക്ക് സേഷം കാതു വാക്കുല രണ്ട് കാതല്‍ എന്ന സിനിമയും ഇരുവരും ഒരുമിച്ച് ചെയ്തിരുന്നു. ശരിക്കും വിഘ്‌നേശിനെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. ഒത്തിരി മാജിക് കാണിക്കുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തെ വിശ്വസിച്ച് കൂടെ പോയാല്‍ വിഘ്‌നേശ് ചില മാജിക് സൃഷ്ടിക്കും.. അങ്ങനെയുള്ള അനുഭവങ്ങളാണ് തന്നെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചതെന്നും വിജയ് സേതുപതി പറയുന്നു.

അതേസമയം നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത വിജയ് സേതുപതിയുടെ ‘മഹാരാജ’യ്ക്ക് ഗംഭീര പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. വിജയ് സേതുപതിയുടെ അൻപതാം ചിത്രം കൂടിയാണ് ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പുറത്തിറങ്ങിയ മഹാരാജ. ബാർബർ ആയാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. മകളുടെ തിരോധാനവും തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ് ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബി അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഫിലോമിൻ രാജ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. നിതിലൻ സാമിനാഥന്റെ ഗംഭീര തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല് എന്നാണ് പുറത്തു വരുന്ന ആദ്യ പ്രതികരണങ്ങൾ.