Film News

വിജയകാന്ത് വീണ്ടും ആശുപത്രിയില്‍!!

പ്രശസ്ത തെന്നിന്ത്യന്‍ നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് താരം.

കഴിഞ്ഞ മാസമാണ് ശ്വാസകോശ രോഗത്തിനെ തുടര്‍ന്ന് താരത്തിനെ ആശുപത്രിയിലാക്കിയിരുന്നു. ചികിത്സയ്ക്ക് ശേഷം ഡിസംബര്‍ 11ഓടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. ചുമയും ജലദോഷവും തൊണ്ടവേദനയുമാണ് ആരോഗ്യസ്ഥിതി ഗുരുതരമാക്കിയത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി അദ്ദേഹം വീട്ടില്‍ വിശ്രമത്തിലായിരുന്നു.

ഇതിനിടെയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇത് പതിവ് പരിശോധനകള്‍ക്കാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങിവരുമെന്നും ഡിഎംഡികെ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ദിവസങ്ങള്‍ നീണ്ട ആശുപത്രിവാസത്തിന് ശേഷം ആരോഗ്യം തിരിച്ച് പിടിച്ച് ഡിസംബര്‍ 14ന് ഡിഎംഡികെയുടെ പൊതുയോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍ വിജയകാന്തിന്റെ ഭാര്യ പ്രേമലതാ വിജയകാന്തിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. കുറച്ചു നാളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വിജയകാന്ത് സജീവമായിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയില്ലായിരുന്നു.

Anu