Home Film News ‘എന്നിട്ടും ഈ വയസിൽ, ഇമേജിനെ ബാധിക്കുമെന്ന തോന്നലുകളെ പുറംകാലിന് അടിക്കുന്നു’; മമ്മൂട്ടിയെ കുറിച്ച് വിനയ് ഫോർട്ട്

‘എന്നിട്ടും ഈ വയസിൽ, ഇമേജിനെ ബാധിക്കുമെന്ന തോന്നലുകളെ പുറംകാലിന് അടിക്കുന്നു’; മമ്മൂട്ടിയെ കുറിച്ച് വിനയ് ഫോർട്ട്

കരിയറിലെ ഏറ്റവും മികച്ച കാലത്തിലൂടെ കടന്ന് പോവുകയാണ് മലയാളത്തിന്റെ മെ​ഗാ താരം മമ്മൂട്ടി. ബോക്സ് ഓഫീസിൽ വിജയം നേടുന്നതിനൊപ്പം ഞെട്ടിക്കുന്ന പ്രകടനങ്ങളുമായാണ് മമ്മൂക്ക നിറഞ്ഞു നിൽക്കുന്നത്. ഭീഷ്മ പർവ്വം, പുഴു, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, കാതൽ, ഭ്രമയുഗം എന്നിങ്ങനെ അടുത്ത കാലത്ത് മമ്മൂട്ടിയുടേതായി പുറത്ത് വന്ന ചിത്രങ്ങളെല്ലാം വ്യത്യസ്തമായിരുന്നു. ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് നടൻ വിജയ് ഫോർട്ട് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്.

മമ്മൂട്ടിയുടെ കഥാപാത്രങ്ങളെയും സിനിമകളെയും കുറിച്ചായിരുന്നു വിനയ് ഫോർട്ടിന്റെ പ്രതികരണം. മലയാള സിനിമയിൽ അടുത്ത കാലത്ത് നടന്ന ഏറ്റവും നല്ല കാര്യം മമ്മൂട്ടിയുടെ സിനിമകളും കഥാപാത്രങ്ങളും ആണെന്ന് വിനയ് പറയുന്നു. “മമ്മൂക്ക ചെയ്യാനുള്ളത് മുഴുവനും ചെയ്തു കഴിഞ്ഞു. എന്നിട്ടും ഈ വയസിൽ പുള്ളി പുതിയതരം സിനിമകളും കഥാപാത്രങ്ങളും ചെയ്യുകയാണ്. ഇത് ചെയ്ത് കഴിഞ്ഞാൽ എന്റെ ഇമേജിനെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിപ്പിക്കുന്ന കഥാപാത്രങ്ങൾ പുള്ളി പുറംകാലിന് അടിച്ചോണ്ടിരിക്കയാണ്. മലയാള സിനിമയിൽ അടുത്ത കാലത്ത് നടന്ന ഏറ്റവും നല്ലൊരു കാര്യം മമ്മൂക്ക തെര‍ഞ്ഞെടുക്കുന്ന സിനിമകളും കഥാപാത്രങ്ങളും ആണ്” – വിനയ് പറയുന്നു.

“എന്നെ പോലുള്ള സാധാരണക്കാർക്ക് ഭയങ്കര പ്രചോദനം നൽകുന്ന കാര്യമാണത്. ഫാമിലി എന്ന ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞ ശേഷം ഇത്രയും ഡാർക്ക് ആയിട്ടുള്ള വേഷം ചെയ്യാനുള്ള പ്രചോദനം എന്തായിരുന്നു എന്ന് പലരും ചോദിച്ചിരുന്നു. സാർ ഞാൻ വർക്ക് ചെയ്യുന്നത് മലയാളം ഇന്റസ്ട്രിയിൽ ആണ്. നമ്മുടെ ഒക്കെ തലതൊട്ടപ്പൻ അല്ലെങ്കിൽ കാർന്നോര് എന്ന് പറയുന്ന ആള് ഇതിനെക്കാൾ നൂറ് മടങ്ങ് ചെയ്തു കഴിഞ്ഞു. ഒരു ജഡ്ജ്മെന്റിനെയും പേടിക്കാതെ അവയെ പുള്ളി പുറം കാലിന് അടിച്ചോണ്ടിരിക്കുമ്പോൾ എന്നെപ്പോലുള്ള ആൾക്ക് എന്തും ചെയ്യാമെന്നാണ് ഞാൻ പറഞ്ഞത്”- വിനയ് ഫോർട്ട് കൂട്ടിച്ചേർത്തു.

Exit mobile version