ഇന്ത്യക്കാരുടെ ജീവൻ കവരുന്ന ഹൃദ്രോ​ഗം; ഉയർന്ന കൊറോണറി ആർട്ടറി ഡിസീസ് മരണനിരക്ക്, മുന്നറിയിപ്പ്

Follow Us :

ഹൃദ്രോ​ഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ സാധ്യത കൂട്ടുന്നുണ്ടെന്നും ആരോ​ഗ്യ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മറ്റ് രാജ്യങ്ങളിലെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ 20-50 ശതമാനം ഉയർന്ന കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി) മരണനിരക്ക് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

സ്ത്രീകളിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തിരിച്ചറിയുന്നത് വളരെ ബുദ്ധിമുട്ടാണ്. ലക്ഷണങ്ങൾ പലപ്പോഴും പുരുഷന്മാരിൽ കാണപ്പെടുന്ന ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും. സാധാരണ വരുന്ന നെഞ്ചുവേദനയെക്കാൾ ക്ഷീണം, ശ്വാസതടസ്സം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ സ്ത്രീകൾക്ക് അനുഭവപ്പെടാമെന്ന് ഡോ.മിലിന്ദ് വൈ നഡ്കർ പറഞ്ഞു.

ഹൃദയാഘാത ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടനടി ചികിത്സ തേടാൻ ശ്രദ്ധിക്കണം. പുകവലി ഉപേക്ഷിക്കൽ, ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ വ്യായാമം, സമ്മർദ്ദം നിയന്ത്രിക്കൽ, മദ്യപാനം ഒഴിവാക്കുക തുടങ്ങിയ മാറ്റങ്ങളിലൂടെ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനാകും. താടിയെല്ലിൽ വേദന, കഴുത്ത് വേദന, ക്ഷീണം എന്നിവ പോലുള്ള അസാധാരണമായ ലക്ഷണങ്ങൾ പുരുഷന്മാരേക്കാൾ സ്ത്രീകളിൽ കൂടുതലായി പ്രകടമാകുന്നതായി അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ (എപിഐ) പ്രസിഡൻ്റ് കൂടിയായ ഡോ.മിലിന്ദ് വൈ നഡ്കർ കൂട്ടിച്ചേർത്തു.