സ്ത്രീകളെ മോശപ്പെടുത്തി ; ലിയോ ട്രെയ്‌ലറിനെതിരെ രാജേശ്വരി പ്രിയ 

Follow Us :

തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരെ ആവേശം കൊള്ളിച്ചുകൊണ്ട് വിജയ് ചിത്രം ലിയോയുടെ ട്രെയിലര്‍ എത്തി. ഇന്നലെ വൈകിട്ട് 6.30ന് സണ്‍ ടിവിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട 2 മിനിട്ട് 43 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ, ലിയോയുടെ ട്രെയിലറിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അനൈത്ത് മക്കള്‍ അരസില്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയ. ട്രെയിലറില്‍ വിജയ് സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തും വിധം സംസാരിച്ചെന്നതാണ് ഇവർ ഉന്നയിക്കുന്ന ആരോപണം. മുന്‍പ് സിനിമയിലെ ‘നാറെഡി’ എന്ന വിജയ് ആലപിച്ച ഗാനം പുകവലിയെയും ലഹരിമ രുന്നുകളുടെ ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചും ഇവര്‍‌ രംഗത്തെത്തിയിരുന്നു, തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് ഗാനത്തിലെ വരികള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ലിയോ ട്രെയിലറിലെ 1.46 മിനിറ്റ് വരുന്ന ഭാഗത്ത് വിജയ് സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഡയലോഗ് പറയുന്നുവെന്നാണ് രാജേശ്വരി പ്രിയയുടെ ആരോപണം. വിജയ് സ്വയ ബോധത്തോടെയാണോ അഭിനയിച്ചത്? വിജയ് മോശം വാക്ക്  പറഞ്ഞത് അദ്ദേഹത്തിന്റെ നിലവാരം വളരെയധികം കുറച്ചിട്ടുണ്ടെന്നും ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്ന വിജയ്‌ക്കെതിരെ ഞങ്ങളുടെ ശക്തമായ എതിര്‍പ്പ് ഞാൻ പ്രകടിപ്പിക്കുന്നുവെന്ന് അവര്‍ എക്സില്‍ കുറിച്ചു. സംവിധായകന്‍ ലോകേഷ് കനകരാജിനെതിരെയും വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. അതേസമയം റിലീസ് ചെയ്ത് 17 മണിക്കൂറുകള്‍ക്കകം 28  മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബില്‍ ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയിരിക്കുകയാണ് ലിയോ ട്രെയിലര്‍.ഒക്ടോബര്‍ 19ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന സിനിമ തമിഴിന് പുറമെ തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും പ്രദർശിപ്പിക്കും.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനി സാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആരാധകര്‍ കാത്തിരുന്നതു പോലെ വിജയിയുടെ ഗംഭീര ആക്ഷൻ രംഗങ്ങളാല്‍ സമ്പന്നമാണ് ലിയോ ട്രെയിലര്‍. പുറത്തെത്തിയ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിജയ്‌യോടൊപ്പം വമ്പൻ താര നിരയാണ് ലിയോയില്‍ അണിനിരക്കുന്നത്. തൃഷയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. 14 വർഷങ്ങൾക്ക് ശേഷം വിജയ്‌യും തൃഷയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്. തമിഴ് താരങ്ങൾക്കു പുറമെ  ഭാഷകളിലെ താരങ്ങളും അഭിനയിക്കുന്നുണ്ട്.  തൃഷ, സഞ്ജയ് ദത്ത്, അര്‍ജുൻ സര്‍ജ, ഗൗതം മേനോൻ, മിഷ്കിൻ, മൻസൂര്‍ അലി ഖാൻ,മാത്യു തോമസ്, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് അഭിനേതാക്കള്‍. വന്‍ വിജയം നേടിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലിയോ. കോളിവുഡിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രവുമാണ് ഇത്. ലോകേഷ്-വിജയ് കൂട്ടു കെട്ടിലെത്തുന്ന ലിയോ ഒക്ടോബര്‍ 19ന് റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ  തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഉയർന്നു വരുന്ന മറ്റൊരു വർത്തയെന്തെന്നാൽ ദളപതി വിജയ് ചിത്രം ലിയോയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചതിനു പിന്നാലെ ആരാധകര്‍ തിയേറ്റര്‍ നശിപ്പിച്ചു എന്നതാണ്. ചെന്നൈയില്‍ ലിയോ ട്രെയിലറിന്റെ സ്പെഷ്യല്‍ സ്ക്രീനിങ് നടന്ന രോഹിണി തിയേറ്ററാണ് ആരാധകര്‍ അടിച്ചു തകര്‍ത്തത് ആരാധകരുടെ ആവേശത്തില്‍ കനത്ത നാശനഷ്ടമാണ് തീയേറ്ററിന് ഉണ്ടായത്. നൂറ് കണക്കിന് ആരാധകരാണ് ട്രെയിലര്‍ കാണാനായി തിയേറ്ററില്‍ എത്തിയത്. ആളുകള്‍ പിരിഞ്ഞു പോയതിന് ശേഷമുള്ള തിയറ്ററിലെ ദൃശ്യങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വലിയ രീതിയിൽ തന്നെ പ്രചരിക്കുന്നുമുണ്ട്.