എന്‍റെ വീട്ടിലെ സുജാത – മനസ്സിൽ തട്ടുന്ന കുറിപ്പുമായി പാർവതി!!!!

മക്കളുടെ നന്മക്കു വേണ്ടി കഷ്ടപ്പാടുകൾ സഹിച്ചു മുന്നോട്ടു പോകുന്ന ഒരുപാട് അമ്മമാരുണ്ട്. നമ്മുടെയെല്ലാം വളർച്ചക്ക് പിന്നിലെ ആ ആണിക്കല്ലിനു, അമ്മ എന്ന ആ ദൈവത്തെ ഒരു തവണയെങ്കിലും സ്മരിക്കാതെ നമ്മുക്ക് ഉദാഹരണം സുജാത എന്ന ചിത്രം കാണാൻ കഴിയില്ല. മകളുടെ നന്മക്കു വേണ്ടി വീട്ടുജോലിക്ക് പോയി പണം സമ്പാദിക്കുന്ന സുജാത എന്ന സാധാരണക്കാരിയായ സ്ത്രീയുടെയും അവരുടെ മകളുടെയും ആത്മബന്ധം പറയുന്ന ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രം എത്രമാത്രം മനസ്സിൽ തൊടുന്ന ഒന്നാണെന്നു മനസിലാക്കി തരുന്ന ഒരു കാര്യം ഇപ്പോൾ ഉണ്ടായിരിക്കുകയാണ്. ഉദാഹരണം സുജാത കണ്ടു ഇഷ്ടമായ നടി പാർവതി തന്റെ വീട്ടുജോലിക്കാരിയെ ചിത്രം കാണിച്ചു. ചേച്ചി പാർവതി വിളിക്കുന്ന അവരോടൊപ്പമുള്ള ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തു ഒപ്പം ഹൃദയത്തിൽ തൊടുന്നൊരു കുറിപ്പും….പോസ്റ്റ്‌ ഇങ്ങനെ…

“എന്റെ അടുത്ത സുഹൃത്തുക്കളായ മാർട്ടിൻ പ്രക്കാട്ടും, ജോജുവും ചേർന്നാണ് ഒരു നല്ല ചിത്രം നിർമ്മിച്ചതെന്നും, ആ നല്ല ചിത്രത്തിന് ഒരു മികച്ച സംവിധായകനും നല്ല കാസ്റ്റും ഉണ്ടായിരുന്നു എന്ന സന്തോഷം നൽകുന്ന കാര്യത്തിന് പുറമെ ഞാൻ എന്റെ നന്ദി ആദ്യം അറിയിക്കട്ടെ…. എന്റെ ചേച്ചി അവരുടെ കുട്ടികളെ വീട്ടു ജോലിക്ക് അയക്കാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ചേച്ചിക്ക് അവരെ പറ്റി ഒരുപാട് സ്വപ്നങ്ങളുണ്ട് ഒപ്പം അത് പൂർത്തീകരിക്കാൻ അശ്രാന്തമായി ജോലി ചെയ്യുന്നുമുണ്ട്.

മക്കൾക്ക്‌ നല്ല വിദ്യാഭ്യാസം നൽകണം എന്നത് അവരുടെ സ്വപ്നമാണ് താൻ ജീവിതത്തിൽ സഹിച്ചത് പോലെ അവർക്ക് ഉണ്ടാകരുത് എന്നും അവർ ആഗ്രഹിക്കുന്നു. സഹനം എന്ന അവരുടെ വാക്കിനു ഏറെ അർത്ഥമുണ്ട്. ഏറെ ശാരീരികമായ കഷ്ടപ്പാടുകൾ വേണ്ട ഒന്നാണ് വീട്ടു ജോലി. മക്കളുടെ നല്ല പഠനത്തിന് വേണ്ടി ശ്രമിക്കുമ്പോൾ എത്തുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ അവരിലേക്ക് മാത്രം ഒതുങ്ങുന്ന ഒന്നാണ്. ചേച്ചി പക്ഷെ പരാതി പെടാറില്ല. ദൈവത്തിലും അവരുടെ ജോലിയിലും അതിയായ വിശ്വാസമുണ്ട് അവർക്ക്. മക്കൾക്ക്‌ ഗവണ്മെന്റ് ജോലി കിട്ടണമെന്ന് ചേച്ചിയ്ക് വലിയ ആഗ്രഹമുണ്ട്…..

ചേച്ചിയുടെ മക്കൾ അവരുടെ കഷ്ടപ്പാടിന് ഒരു നാൾ നല്ല പ്രതിഫലം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ചേച്ചിയുടെ ജോലിയുടെ മേന്മ തന്നെയാണ് എന്നെ നന്നായി ജോലി ചെയ്യാൻ സഹായിക്കുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. അവർ എന്റെ വീട് ക്ലീൻ ചെയ്യന്നതും വൃത്തിയായി കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോകുന്നതും ഇടയ്ക്കിടെ ഭക്ഷണം ഉണ്ടാക്കി തരുന്നതും കൊണ്ടാണ് ജീവിതത്തിൽ എനിക്ക് സന്തോഷപൂർവം മുന്നോട്ടു പോകാൻ പറ്റുന്നത്.

അതിനു എനിക്കേറെ നന്ദിയുണ്ട്. അവർ എനിക്ക് വേണ്ടി ചെയുന്ന ജോലിക്ക് ഒരു മഹിമയുണ്ട് ഒരു മേന്മയുണ്ട്. അവരെപോലെയുള്ള ഓരോ സുജാതക്കും ഒരു സല്യൂട്ട്. ഞാൻ അവരുടെ മനഃശക്തിയെ ബഹുമാനിക്കുന്നു….